|    Jan 21 Sat, 2017 7:45 am
FLASH NEWS

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത;പോലിസ് അന്വേഷണം ആരംഭിച്ചു

Published : 18th October 2016 | Posted By: Abbasali tf

മാനന്തവാടി: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം തുടങ്ങി. അരണപ്പാറ വാകേരി കോട്ടക്കല്‍ തോമസി(ഷിമി-28)ന്റെ മരണത്തിലാണ് ദുരൂഹതയുണര്‍ന്നത്. ശനിയാഴ്ച രാവിലെ അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്നാണ് തോമസിന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോവുന്ന വഴി തോമസിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇയാളുടെ ദേഹത്ത് പരിക്കേറ്റ പാടുകളും ഉണ്ടായിരുന്നു. കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹം കൊണ്ടുപോവുന്നതു തടയുകയും മണിക്കൂറുകളോളം അന്തര്‍ സംസ്ഥാന പാതയായ മാനന്തവാടി-കുട്ട റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നല്‍കുമെന്ന് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. അതേസമയം, തോമസിന്റെ മരണത്തില്‍ തുടക്കം മുതലേ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചതെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ പോലിസ് നായയെ കൊണ്ടുവന്നിരുന്നു. നായ മൃതദേഹം കണ്ടെത്തിയതിനു സമീപത്തെ കുളത്തിനരികിലെത്തി തിരിച്ചുവരികയായിരുന്നു. സംഭവസ്ഥലത്തു നിന്ന് ഇരുമ്പുവടിയും മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇതെല്ലാമാണ് മരണത്തില്‍ ദൂരൂഹത ഉളവാക്കിയിരിക്കുന്നത്. കൊല്ലപ്പെടുന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തോമസ് പ്രദേശവാസികളില്‍ ചിലരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതായും പറയപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പും രഹസ്യാന്വേഷണം തുടങ്ങിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നു മാനന്തവാടി സിഐ ടി എന്‍ സജീവ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക