|    Nov 13 Tue, 2018 3:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവ് കാറിടിച്ചു മരിച്ച സംഭവം: അഞ്ചുദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പിയെ കണ്ടെത്താനായില്ല

Published : 10th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഡിവൈഎസ്പി തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ച സംഭവത്തില്‍ അഞ്ചുദിവസം കഴിഞ്ഞിട്ടും പ്രതിയായ ഡിവൈഎസ്പിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പ്രതി ഉന്നത പോലിസ് ഉദ്യോഗസ്ഥനായതിനാല്‍ അന്വേഷണസംഘം ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചു. അതിനിടെ ഡിവൈഎസ്പിയെ പിടികൂടിയില്ലെങ്കില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ കുടുംബസമേതം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സനല്‍കുമാറിന്റെ ഭാര്യ വിജി പറഞ്ഞു. സംഭവം പോലിസിനോട് പറഞ്ഞതിന്റെ പേരില്‍ തനിക്കു ഭീഷണിയുണ്ടെന്ന് കൊടങ്ങാവിളയിലെ ഹോട്ടല്‍ ഉടമ മാഹിന്‍ പറഞ്ഞു. കച്ചവടം നിര്‍ത്തേണ്ട സ്ഥിതിയാണ്. ഹോട്ടലിലെത്തി ചിലര്‍ ഭീഷണിപ്പെടുത്തുന്നുവെന്നും മാഹിന്‍ ആരോപിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കടയിലെത്തി മാഹിന്റെ മൊഴിയെടുത്തു. രേഖാമൂലം പരാതിനല്‍കിയാല്‍ പോലിസ് സംരക്ഷണം ഏര്‍പ്പെടുത്താമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റു മൊഴികളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിവരങ്ങള്‍ മാഹിന്റെ മൊഴിയിലുണ്ട്. ഇരുവരും തമ്മിലുള്ള കൈയാങ്കളിക്കിടെയാണ് അപകടമുണ്ടായതെന്നാണ് ഇയാളുടെ മൊഴി. ഇത് ഡിവൈഎസ്പിക്ക് കൊലക്കുറ്റത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകരമാവും. നിലവില്‍ കൊലക്കുറ്റത്തിനുള്ള ഐപിസി 132 വകുപ്പാണ് ഡിവൈഎസ്പിയുടെ മേല്‍ ചുമത്തിയിരിക്കുന്നത്.
ഇന്നലെ വൈകീട്ട് ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഡിവൈഎസ്പിയുടെ വീട്ടിലും സുഹൃത്ത് ബിനുവിന്റെ വീട്ടിലും തെളിവെടുപ്പു നടത്തി. ബിനുവിന്റെ കാറിലാണ് ഡിവൈഎസ്പി സംഭവസ്ഥലത്ത് എത്തുന്നതും ഇവിടെ നിന്നു രക്ഷപ്പെടുന്നതും. ബിനുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. സമരസമിതിയുടെ നേതൃത്വത്തിലും യുവമോര്‍ച്ചയും പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കോണ്‍ഗ്രസ് സംഘടിപ്പിച്ച സയാഹ്നധര്‍ണ കെ മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss