|    May 24 Wed, 2017 12:30 am
FLASH NEWS

യുവാവിന്റെ മരണത്തില്‍ ദുരൂഹത ; മാതാവ് സാറാമ്മ ദാനിയേല്‍മുഖ്യമന്ത്രിക്കു നിവേദനം നല്‍കി

Published : 7th October 2016 | Posted By: Abbasali tf

പത്തനംതിട്ട: തട്ടയിലെ മില്‍മാ പ്ലാന്റിന്റെ വേ ബ്രിഡ്ജിനു സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ഡിമ്പില്‍ ദാനിയേലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി മാതാവ് സാറാമ്മ ദാനിയേല്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കി. മല്ലപ്പള്ളി കല്ലൂപ്പാറ, കാഞ്ഞിരത്തുങ്കല്‍ ഡിമ്പിള്‍ ദാനിയേലിന്റെ മൃതദേഹമാണ് കഴിഞ്ഞ മാസം 19ന് തട്ട മില്‍മ പ്ലാന്റിന്റ് വേ ബ്രിഡ്ജിനു സമീപം കാണപ്പെട്ടത്. മില്‍മാ പ്ലാന്റില്‍ ഡ്രൈവറായി കരാര്‍ വ്യവസ്ഥയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ജോലിനോക്കിവരുകയായിരുന്നു ഡിമ്പിള്‍. ഡിമ്പിള്‍ മരിച്ച വിവരം ഡിമ്പിളിന്റെ സഹോദരി ഭര്‍ത്താവും മില്‍മാ പ്ലാന്റിലെതന്നെ ഉദ്യോഗസ്ഥനുമായ ഡെന്നി എം വര്‍ഗീസാണ് പുലര്‍ച്ചെ 4.45ന് ഭര്‍തൃസഹോദരനായ എം വിവര്‍ഗീസിനെ വിളിച്ചറിയിച്ചതെന്ന് മാതാവ് സാറാമ്മ ദാനിയേല്‍ പറയുന്നു.  എം വി വര്‍ഗീസും അദ്ദേഹത്തിന്റെ മരുമകന്‍ ടിജോയും കൂടി രാവിലെ 6.30ന് തട്ടയിലെ മില്‍മാ പ്ലാന്റിലെത്തി. പ്ലാന്റിന്റെ ഗേറ്റില്‍ നിന്ന് ഉദ്ദേശ്യം 30 അടി അകലെമാറി ഡിമ്പിളിന്റെ മൃതദേഹം കിടക്കുന്നതായാണ് അവര്‍ കണ്ടത്. ശരീരത്തില്‍ മുഴുവന്‍ മുറിവുകള്‍ കാണാമായിരുന്നു. വലത്തൈ കൈ പിറകിലേക്കു മടക്കിവച്ചിരിക്കുന്ന നിലയിലായിരുന്നു. കാലിനടിയിലും മൂക്കിന്റെ മുകള്‍ഭാഗത്ത് മുറിവുണ്ടായിരുന്നു. അടിവസ്ത്രങ്ങള്‍ മാത്രമായിരുന്നു വേഷം.ഡിമ്പിള്‍ സ്വന്തം കൈലി ഉരിഞ്ഞ് മില്‍മയുടെ വാനിന്റെ പിന്നിലുള്ള ഡോറിന്റെ വിജാഗിരിക്കിടയില്‍ കൈലി കുടുക്കി ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. പിറകില്‍ ഡിമ്പിളിന്റെ മൃതദേഹം തൂങ്ങി നില്‍ക്കുന്നത് കാണാതെ ഡ്രൈവര്‍ വാഹനം മുന്നോട്ട് എടുത്തപ്പോള്‍ തുണിയില്‍ നിന്ന് കെട്ട് വേര്‍പെട്ട് ഡിമ്പിള്‍ തെറിച്ചുപോയതാവാമെന്ന് പോലിസ് പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല. വാഹനത്തിന്റെ വിജാഗിരിക്കിടയില്‍ കൈലി കെട്ടിയതായി ഒരു തെളിവും ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ ഡ്രൈവര്‍ എത്തി വാഹനം പാല്‍ കയറ്റാനായി പ്ലാന്റിലേക്ക് കൊണ്ടുപോയ ശേഷം പിന്നിലെ ഡോര്‍ തുറക്കാനായി ചെന്നപ്പോഴാണ് കൈലി തൂങ്ങി കിടക്കുന്നതുകണ്ടത്. ഡ്രൈവര്‍ വാഹനം എടുത്തപ്പോള്‍ കൈലിയില്‍ തൂങ്ങികിടന്ന മൃതദേഹം കെട്ടുവിട്ട് തെറിച്ചുപോയതാകാം എന്നാണ് പോലീസിന്റെ നിഗമനം. എന്നാല്‍ കൈലിയില്‍ തൂങ്ങിമരിക്കുന്നതിനായി കെട്ടിട്ട യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ലെന്ന് മാതാവ് പറയുന്നു. തൂങ്ങിമരിച്ച മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടാവാനുള്ള സാധ്യതയില്ല. എന്നാല്‍ മൃതദേഹം മറവുചെയ്യുന്ന സമയം മുഖത്ത് പാടുകള്‍ ഉണ്ടായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ഡിമ്പിളിന്റെ മരണത്തിനുപിന്നില്‍ ദുരൂഹതയുണ്ടെന്നും ഇതേപ്പറ്റി ശക്തമായ അന്വേഷണം വേണമെന്നുമാണ് ഡിമ്പിളിന്റെ മാതാവ് സാറാമ്മദാനിയേലിന്റെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day