|    Jan 17 Tue, 2017 6:24 am
FLASH NEWS

യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; മൂന്നുപേര്‍ കസ്റ്റഡിയില്‍

Published : 20th October 2016 | Posted By: SMR

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി പറയപ്പെടുന്ന സംഭവത്തില്‍ മൂന്നുപേര്‍ പോലിസ് കസ്റ്റഡിയിലെന്നു സൂചന. കഴിഞ്ഞ 15നാണ് അരണപ്പാറ റോഡരികില്‍ വനത്തോടു ചേര്‍ന്ന് വാകേരി കോട്ടക്കല്‍ തോമസിനെ (ഷിമി-28) മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോവുന്ന വഴി തോമസിനെ കാട്ടാന ആക്രമിച്ചു കൊന്നെന്നായിരുന്നു പ്രചാരണം. ഇതേത്തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ അന്തര്‍സംസ്ഥാന പാത മണിക്കൂറുകളോളം ഉപരോധിക്കുകയും മൃതദേഹം കൊണ്ടുപോവുന്നതു തടയുകയും ചെയ്തിരുന്നു. അഞ്ചു ലക്ഷത്തോളം രൂപ നഷ്ടപരിഹാരവും ആശ്രിതയ്ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലിയും ഉറപ്പിച്ച ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം, തോമസിന്റെ മരണത്തില്‍ ആദ്യഘട്ടം മുതല്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്. തോമസിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളും മൃതദേഹം കിടന്നിരുന്നതിനു സമീപത്ത് നിന്നു കണ്ടെത്തിയ ഇരുമ്പുവടിയും കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലിസിനെ എത്തിക്കുകയായിരുന്നു. പോലിസ് നായയെയും സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയിരുന്നു. മാനന്തവാടി സിഐ ടി എന്‍ സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം ഊര്‍ജിതമാക്കുകയും ആറുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതില്‍ മൂന്നുപേരെ വിട്ടയച്ചു. ചോദ്യംചെയ്യലില്‍ ഇവര്‍ക്ക് സംഭവുമായി ബന്ധമില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. പ്രദേശവാസിയായ ടാക്‌സി ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു വരുന്നത്. ഇരുമ്പുവടി കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നു വരുത്തിത്തീര്‍ക്കാനായി മൃതദേഹം വനത്തോടു ചേര്‍ന്ന് റോഡരികില്‍ കൊണ്ടിട്ടതാണെന്നും പറയപ്പെടുന്നു. ഇന്നലെ ഫോറന്‍സിക് വിഭാഗവും സ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക