|    Apr 21 Sat, 2018 11:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവിന്റെ മരണം കൊലപാതകം; ഭാര്യ കസ്റ്റഡിയില്‍

Published : 20th March 2017 | Posted By: fsq

murder-

കൊല്ലം: രണ്ടുമാസം മുമ്പ് പോലിസ് ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് കൊലപാതകമെന്ന് തെളിഞ്ഞു. പടപ്പക്കര കാട്ടുവിള പുത്തന്‍വീട്ടില്‍ ജോസ്ഫിനയുടെ മകന്‍ ഷാജി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ ആശയെ കസ്റ്റഡിയിലെടുത്തു. കുണ്ടറയില്‍ പത്തുവയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ കേസും പുനരന്വേഷണത്തിനെത്തിയത്. ഈ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കേസില്‍ ഒരാള്‍കൂടി പിടിയിലാവാനുള്ളതായാണ് സൂചന. ജനുവരി 25ന് രാവിലെയാണ് ഷാജി ഭാര്യ ആശയുടെ പടപ്പക്കര എന്‍എസ് നഗറിലുള്ള ആശാ ഭവനിലെ വീട്ടില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. നാട്ടുകാരാണ് ഈ വിവരം ഷാജിയുടെ മാതാവിനെ അറിയിച്ചത്. മാതാവും ബന്ധുക്കളും വീട്ടിലെത്തിയപ്പോള്‍ മൃതദേഹത്തില്‍ മുറിവുകളും ചതവുകളും രക്തപ്പാടുകളും കണ്ടിരുന്നു. സംശയം തോന്നിയ ബന്ധുക്കള്‍  ആശയോട് സംസാരിച്ചുവെങ്കിലും ഷാജി 24ന് വൈകീട്ട് അഞ്ചോടെ ഉറങ്ങാന്‍ കിടന്നതാണെന്നും രാത്രി ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ട് എഴുന്നേറ്റില്ലെന്നും 25ന് രാവിലെ നോക്കിയപ്പോള്‍ ഷാജിയെ മരിച്ചനിലയിലാണ് കണ്ടെതെന്നുമാണ് ആശ നല്‍കിയ മറുപടി. തുടര്‍ന്ന് കുണ്ടറ പോലിസില്‍ വിവരം അറിയിക്കുകയും പോലിസ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത് സംസ്‌കരിച്ചു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് ആശയെ പോലിസ് ചോദ്യംചെയ്തപ്പോ ള്‍ മറ്റൊരു മൊഴിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവദിവസം വൈകീട്ട് ഏഴോടെ കിടപ്പുമുറിയില്‍ കയറിയ ഷാജിയെ രാത്രി 10ന് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടുവെന്നും രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി ഷാജി തൂങ്ങിനിന്ന കൈലി മുറിച്ച് താഴെ കിടത്തുക മാത്രമാണ് ചെയ്തതെന്നും പറയുന്നു. ഷാജിയെ എന്തുകൊണ്ട് ആശുപത്രിയില്‍ എത്തിച്ചില്ലെന്ന പോലിസ് ചോദ്യത്തിന് വാഹനം കിട്ടാത്തതിനാലായിരുന്നുവെന്നാണ് ആശ മറുപടി നല്‍കിയതെന്ന് ജോസഫ്‌ന പറയുന്നു. എന്നാല്‍ 25ന് രാവിലെയാണ് നാട്ടുകാര്‍പോലും വിവരം അറിഞ്ഞതത്രേ. മൃതദേഹ പരിശോധനയില്‍ ദേഹത്ത് കണ്ട മണ്ണും മുറിവുകളും രാത്രിയില്‍ വിവരം നാട്ടുകാര്‍ അറിയാഞ്ഞതും ആശയുടെ ഒരു ബന്ധു അര്‍ധരാത്രിയില്‍ വീട്ടിലെത്തി മടങ്ങിയെന്ന ആരോപണവുമൊക്കെ മരണത്തിന് ദുരൂഹതയുളവാക്കുന്നു. ഷാജിയുടെ നാലു വയസ്സുള്ള മകനില്‍ നിന്നും ലഭിച്ച വിവരത്തില്‍ സംഭവ ദിവസം രാത്രിയില്‍ വീട്ടിലെത്തിയെന്ന് പറയുന്ന ആശയുടെ ബന്ധു ഷാജിയെ മര്‍ദിച്ചതായി പറയുന്നു.കഴുത്തുഞെരിച്ചതിനെ തുടര്‍ന്നാണ്  മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, അതേക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ല. കുണ്ടറയിലെ പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലുള്ള സിഐയും എസ്‌ഐയും തന്നെയാണ് ഈ കേസും അന്വേഷിച്ചിരുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss