|    Jan 21 Sat, 2017 4:34 pm
FLASH NEWS

യുവാവിന്റെ മരണം കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍

Published : 8th April 2016 | Posted By: SMR

പാലോട്: വാമനപുരം നദിയിലെ ചെല്ലഞ്ചിപാലത്തിന് സമീപം യുവാവ് മുങ്ങി മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ രണ്ട് സുഹൃത്തുക്കളെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. പനവൂര്‍ കരിക്കുഴി നെല്ലിക്കുന്ന് നുജൂം മന്‍സിലില്‍ അബ്ദുല്‍ വഹാബ് റാഹില ബീവി ദമ്പതികളുടെ മകന്‍ അവിവാഹിതനായ നുജുമുദ്ദീന്‍ (28) ആണ് കയത്തില്‍ മുങ്ങി മരിച്ചത്.
നുജുമുദ്ദീന്റെ സുഹൃത്തുക്കളും കരിക്കുഴി നെല്ലിക്കുന്ന് സ്വദേശികളുമായ സുനില്‍ (31), സുനില്‍ കുമാര്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 4ന് വൈകീട്ട് 4.45 ഓടെയാണ് കൊലപാതകം നടന്നത്. കരിക്കുഴിയില്‍ കയറ്റിറക്ക് തൊഴിലാളികളാണ് നുജുമുദ്ദീനും സുനിലും സുനില്‍കുമാറും. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തെ ബേക്കറി സ്റ്റോഴ്‌സിന്റെ ബോര്‍ഡ് തകര്‍ത്തതായി ബന്ധപ്പെട്ട് നുജുമുദ്ദീനുമായി സുനിലും സുനില്‍കുമാറും തര്‍ക്കത്തിലേര്‍പ്പെട്ടിരു ന്നു. ഇതിന് ശേഷം പ്രതികളായ ഇരുവരും മദ്യവുമായി നുജുമുദ്ദീന്റെ വീട്ടിലെത്തി മദ്യപിക്കാന്‍ ശ്രമിച്ചത് നുജുമുദ്ദീന്റെ പിതാവ് അബ്ദുല്‍ വഹാബ് എതിര്‍ക്കുകയും പ്രതികളെ പറഞ്ഞയക്കുകയും ചെയ്തു. ഈ രണ്ട് സംഭവത്തിലും വൈരാഗ്യമുള്ള പ്രതികള്‍ സംഭവദിവസം നുജുമുദ്ദീനുമൊത്ത് പാലോട് ചെല്ലഞ്ചിയില്‍ പാലം പണി നടക്കുന്ന കടവിലെത്തി നുജുമുദ്ദീനെ കടവില്‍ തള്ളുകയായിരുന്നു.
കടുത്ത വേനലായതിനാല്‍ നീരൊഴുക്ക് കുറവായതിനാല്‍ നുജുമുദ്ദീന്‍ കരക്കുകയറിയെങ്കിലും പ്രതികള്‍ മൂന്നു തവണ, ഇയാളെ നദിയില്‍ തള്ളി. വീ ണ്ടും കരയ്ക്കു കയറിയ നുജുമുദ്ദീനെ പ്രതികള്‍ നദിയിലെ കയത്തില്‍ വലിച്ചിഴച്ച് കൊണ്ടു പോയി തള്ളുകയായിരുന്നു. ഇതിനിടയില്‍ കടവിലുണ്ടായിരുന്ന സ്ത്രീകള്‍ നിലവിളിച്ചു കൊണ്ട് കയത്തിന് സമീപമെത്തിയെങ്കിലും പ്രതികള്‍ കല്ലെറിഞ്ഞ് ഇവരെ ആട്ടിയോടിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
നദിക്കക്കരെ നിന്നും കൂടുതല്‍ ആളുകളെത്തി കയത്തില്‍ നിന്നും യുവാവിനെ കരക്കെത്തിച്ചപ്പോള്‍ മരണം സംഭവിച്ചിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പ്രതികളെ തടഞ്ഞു വച്ച് പോലിസിന് കൈമാറി. പോലിസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. പാലോട് സിഐ സുരേഷ്, എസ്‌ഐ സനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
ആരോഗ്യ സംരക്ഷണ ഡയറക്ടറി പ്രകാശനം
തിരുവനന്തപുരം: ആരോഗ്യ രംഗത്തെ സമഗ്ര മേഖലകളെക്കുറിച്ച് അടുത്തറിയാന്‍ കഴിയുന്ന ഫീനിക്‌സ് മീഡിയയുടെ ആരോഗ്യ സംരക്ഷണ ഡയക്ടറി മന്ത്രി വിഎസ് ശിവകുമാര്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ സുദര്‍ശനന് നല്‍കി പ്രകാശനം ചെയ്തു. ഇതോടൊപ്പം അനില്‍ കെ നമ്പ്യാര്‍ രചിച്ച ‘ഓര്‍മ്മകള്‍ നുരഞ്ഞ് പൊങ്ങുമ്പോള്‍” എ ബാല്യകാല അനുഭവ ജീവിത സമാഹാരം പ്രശസ്ത കവിയും ഗാന രചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രന്‍ കഥാകൃത്ത് ബി മുരളിക്ക് നല്‍കി പ്രകാശനം ചെയ്തു. ടിപി ശാസ്തമംഗലം, ആര്‍സിസി പിആര്‍ഒ സുരേന്ദ്രന്‍ ചുനക്കര, സുജിത ജി നായര്‍ സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക