|    Oct 19 Thu, 2017 11:41 pm
Home   >  Todays Paper  >  Page 1  >  

യുവാവിന്റെ പരാക്രമം; വിമാനം മുംബൈയിലിറക്കി

Published : 29th July 2016 | Posted By: SMR

കരിപ്പൂര്‍: ദുബയില്‍ നിന്നു കരിപ്പൂരിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യാത്രക്കാരന്‍ സഹയാത്രികരെ മര്‍ദ്ദിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചതിനെത്തുടര്‍ന്നു വിമാനം മുംബൈയില്‍ ഇറക്കി. ഇന്നലെ പുലര്‍ച്ചെ 4.30ന് ദുബയില്‍ നിന്നു കരിപ്പൂരിലേക്കു പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരനായ കണ്ണൂര്‍ ചെറുറമ്പത്ത് ഷമീര്‍(33) ആണു വിമാനം പറന്നുയര്‍ന്ന് ഒരുമണിക്കൂര്‍ കഴിഞ്ഞതോടെ മനോനില തെറ്റി അക്രമാസക്തനായത്. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ഷമീര്‍ ബാഗേജ് കാബിനിലും ടോയ്‌ലെറ്റിലെ വാതിലിലും ഇടിച്ച് ബഹളംവയ്ക്കുകയായിരുന്നു. പരസ്പരവിരുദ്ധമായി ഉച്ചത്തില്‍ സംസാരിച്ച ഇയാളെ അനുനയിപ്പിക്കാന്‍ സഹയാത്രികര്‍ ശ്രമിച്ചതോടെ ഇവര്‍ക്കെതിരേ തിരിഞ്ഞു. നിരപരാധികളെ കൊന്നൊടുക്കുന്ന ഐഎസ് ഭീകരതയ്‌ക്കെതിരാണു താനെന്നും വിമാനത്തെ രക്ഷിക്കുകയാണ് എന്റെ ലക്ഷ്യമെന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതിനിടെ അനുനയിപ്പിക്കാന്‍ ശ്രമിച്ച സഹയാത്രികരെ ഷമീര്‍ മര്‍ദ്ദിച്ചു.
തലശ്ശേരി സ്വദേശി ഷാനവാസിന്റെ കൈക്ക് പരിക്കേറ്റു. പലരും സീറ്റിനിടയിലേക്കു വീണു. വിമാന ജീവനക്കാരോടും ഇയാള്‍ അപമര്യാദയായി പെരുമാറി. ഒരു മണിക്കൂറിലേറെ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച ഇയാള്‍ പിന്നീട് നിലത്തിരുന്നു. യാത്രക്കാരനുമായി കരിപ്പൂരിലെത്താനാവില്ലെന്നുകണ്ട പൈലറ്റ് വിമാനം മുംബൈയില്‍ ഇറക്കാന്‍ അനുമതിതേടി. തുടര്‍ന്നാണു രാവിലെ 9.15ന് വിമാനം മുംബൈയിലിറക്കിയത്. കേന്ദ്ര സുരക്ഷാസേന ഷമീറിനെയും ഇയാളുടെ ബന്ധു കണ്ണൂര്‍ വലിയപറമ്പത്ത് ഇസ്മായിലിനെയും കസ്റ്റഡിയിലെടുത്ത് മുംബൈ പോലിസിന് കൈമാറി.
ഷമീര്‍ മാനസികരോഗമുള്ള ആളാണെന്നും മരുന്നു കഴിക്കുന്നുണ്ടെന്നും ഇസ്മായില്‍ പറഞ്ഞതായി വിമാനത്തിലെത്തിയ യാത്രക്കാര്‍ പറഞ്ഞു. 9.45ന് കരിപ്പൂരിലെത്തേണ്ട വിമാനം ഉച്ചയ്ക്ക് 12.30 ഓടെയാണു കരിപ്പൂരിലെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക