|    Apr 27 Thu, 2017 6:46 am
FLASH NEWS

യുവാവിന്റെ ചികില്‍സയ്ക്കായി സര്‍വീസ് നടത്തി സ്വകാര്യ ബസ്സുകള്‍ മാതൃകയായി

Published : 25th October 2016 | Posted By: SMR

മുക്കം: എടവണ്ണപ്പാറ-മുക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദില്‍ന, മൊഞ്ചത്തി ബസ്സുകളുടെ ഇന്നലത്തെ ഓട്ടം ഈ റൂട്ടിലെ യാത്രക്കാരുടെ യാത്രാക്ലേശം അകറ്റാനും വരുമാനമുണ്ടാക്കാനും മാത്രമായിരുന്നില്ല. നിര്‍ധനനായ ഒരു യുവാവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രയത്‌നത്തിന്റെ ഭാഗം കൂടിയായിരുന്നു. ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനാവുന്ന ചെറുവാടി കോലോത്തും തൊടിക ബഷീര്‍ എന്ന യുവാവിന്റെ ചികില്‍സാ ധനസഹായ സമാഹരണത്തിന് വേണ്ടിയാണ് ബസ്സുടമകളായ ഒ സി സദക്കത്തുളള, ഹൈദര്‍ പുളിക്കല്‍ എന്നിവരും ബസ് തൊഴിലാളികളും നാട്ടുകാരോടൊപ്പം കൈകോര്‍ത്തത്.ബസ്സുകാരുടെ ഉദ്ദേശശുദ്ധി മനസിലാക്കിയ യാത്രക്കാരും നിറഞ്ഞ മനസോടെയാണ് ഇവര്‍ക്ക് പിന്തുണ നല്‍കിയത്. യാത്രക്കാര്‍ മാത്രമല്ല നാട്ടുകാരും വിദ്യാര്‍ഥികളും പിന്തുണ നല്‍കി. ജോലിക്കായി ആറ് മാസം മുമ്പ് ഗള്‍ഫിലെത്തിയ ബഷീര്‍ അസുഖത്തെ തുടര്‍ന്ന് തിരിച്ച് പോരുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയപ്പോഴാണ് ഇരു വൃക്കകളും തകരാറിലായെന്ന് മനസ്സിലായത്. ഇതിനോടകം മൂന്നു ഡയാലിസിസിന് വിധേയനായ ബഷീറിന്റെ ബയോക്‌സി റിപോര്‍ട്ട് ലഭിച്ചാലേ അസുഖത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയാനാവൂ. വൃക്കമാറ്റി വയ്ക്കാന്‍ കഴിയുകയാണങ്കില്‍ വൃക്ക നല്‍കാന്‍ ബഷീറിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ തയ്യാറാണ്. പക്ഷേ, ചികില്‍സക്ക് വേണ്ട ഭീമമായ സംഖ്യ സ്വരൂപിക്കാന്‍ ഭാര്യയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് പഴംപറമ്പ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചികില്‍സാ ധനസഹായ സമാഹരണം നടത്തുന്നത്. ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ബസ്സുടമകളും തൊഴിലാളികളും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പിന്തുണയുമായെത്തിയത്. നിര്‍ധനനായ ഒരു യുവാവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വരാന്‍ ഇവര്‍ ഒത്തൊരുമിച്ച് നടത്തുന്ന ഈ സദ്പ്രവൃത്തി അതിര്‍ത്തികളും വേലിക്കെട്ടുകളുമില്ലാത്ത സഹജീവി സ്‌നേഹത്തിന്റെ ഒടുവിലത്തെ ഉദാഹരണമാവുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day