|    Apr 30 Sun, 2017 8:41 am
FLASH NEWS

യുവാവിനെ വെട്ടി സ്വര്‍ണം കവര്‍ന്ന കേസ്: ഏഴ് പ്രതികളെ ശിക്ഷിച്ചു

Published : 11th November 2016 | Posted By: SMR

കൊല്ലം: തൃശൂരില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ പണികഴിപ്പിച്ച് കൊല്ലത്തെ ജുവലറിയില്‍ കൊടുക്കുന്നതിനുവേണ്ടി കൊണ്ടുവന്നയാളിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് ആഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ ഏഴ് പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി(വഖഫ് ട്രിബ്യൂണല്‍)- കൊല്ലം-3 എസ് ശരത്ചന്ദ്രന്‍ ഉത്തരവായി. കേസില്‍ നാല് പേരെ വെറുതെ വിട്ടു. വിചാരണവേളയില്‍ മൂന്നാംപ്രതി മരിച്ചിരുന്നു. 12-ാം പ്രതി ഒളിവിലാണ്. തൃശൂര്‍ വട്ടപറമ്പില്‍ വീട്ടില്‍ അനീഷ്(29), തൃശൂര്‍ വടക്കേക്കാട്ടില്‍ പ്രിജിത്(30), കാരോട്ടുവീട്ടില്‍ സജീവന്‍(32), കുന്നത്തുവീട്ടില്‍ രതീഷ്(36), ആമ്പല്ലൂര്‍ വലിയത്ത് പറമ്പ് വീട്ടില്‍ മുരളീധരന്‍(58), കലൂര്‍ വട്ടപറമ്പില്‍ വീട്ടില്‍ സതീഷ്(37), കലൂര്‍ ചെറുവാല്‍ക്കാരന്‍ വീട്ടില്‍ റിന്റോ(35) എന്നിവരെയാണ് ശിക്ഷിച്ചത്. തൃശൂര്‍ കലൂര്‍ കുരിയച്ചിറ വടക്ക് സന്തോഷ്(33) എന്നയാള്‍ കരുനാഗപ്പള്ളി റയില്‍വേസ്റ്റേഷനില്‍ സ്വര്‍ണാഭരണങ്ങളുമായി വന്നിറങ്ങിയശേഷം ബസ്‌സ്റ്റോപ്പിലേയ്ക്ക് നടന്നുപോകുമ്പോള്‍ പ്രതികള്‍ മോട്ടോര്‍ ബൈക്കുകളിലെത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. സന്തോഷിനെ വാള്‍കൊണ്ട് കഴുത്തില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. അതിനുശേഷം മുളകുപൊടി വിതറിയാണ് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് കവര്‍ച്ച ചെയ്തത്. കേസിനാസ്പദമായ സംഭവം നടന്നത് 2009 ആഗസ്ത് 29ന് പകല്‍ മൂന്ന് മണിയോടെയാണ്. സ്വര്‍ണാഭരണങ്ങള്‍ പോലിസ് കണ്ടെടുത്തിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day