|    Apr 23 Mon, 2018 11:32 am
FLASH NEWS

യുവാവിനെ പോലിസ് മര്‍ദ്ദിച്ച സംഭവം: പ്രതിഷേധം വ്യാപകം

Published : 2nd October 2016 | Posted By: SMR

മൂവാറ്റുപുഴ: നിരപരാധിയായ യുവാവിനെ പോലിസ് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകം. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എസ്‌ഐ ഉള്‍പ്പെടെയുള്ള പോലിസിനെതിരെ സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തി. തിരുവനന്തപുരം ആറ്റിങ്ങല്‍ മോളി കോട്ടേജില്‍ പ്രതീഷ്(36) നെയാണ് മോഷണകുറ്റം ആരോപിച്ച് മൂവാറ്റുപുഴ പോലിസ് മൂന്നാം മുറയ്ക്ക് വിധേയനാക്കിയത്. തയ്യല്‍ തൊഴിലാളിയായ പ്രതീഷ് ആനിക്കാട് കമ്പനിപ്പടിയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു.
വാടക വീടിനു സമീപത്തെ സിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ കഴിഞ്ഞദിവസം മോഷണം നടന്നിരുന്നു. 46,000 രൂപയും രണ്ടുപവന്‍ സ്വര്‍ണാഭരണവുമാണ് മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരില്‍ ഏതാനും പേര്‍ ചേര്‍ന്ന് തന്ത്രത്തില്‍ പ്രതീഷിനെ വാഹനത്തില്‍ കയറ്റി  മൂവാറ്റുപുഴ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. കുടിവെള്ളംപോലും നല്‍കാതെ മൂന്നുദിവസത്തോളം പോലിസ് കസ്റ്റഡിയില്‍വച്ച് പ്രതീഷിനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം മോഷണത്തില്‍ പങ്കില്ലെന്നു വ്യക്തമായതോടെ വിട്ടയയ്ക്കുകയായിരുന്നു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ പ്രതീഷ് വ്യാഴാഴ്ച അതീവ ഗുരുതരാവസ്ഥയില്‍ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി.
സംഭവം മാധ്യമങ്ങളിലൂടെ പുറത്തറിഞ്ഞതോടെ ഇയാള്‍ക്ക് പോലിസിന്റെയും ഭരണകക്ഷിയിലെ പ്രമുഖ ഘടകകക്ഷി പ്രവര്‍ത്തകരുടെയും ഭീഷണിയുണ്ടായതായും പറയപ്പെടുന്നു. ഇതിനിടെ വെള്ളിയാഴ്ച രാത്രി ഡിസ്ചാര്‍ജ് ചോദിച്ചുവാങ്ങി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പ്രതീഷ് പോവുകയായിരുന്നു. ആശുപത്രിയില്‍ ചികില്‍സ തേടിയതുമുതല്‍ ഒരു സംഘം ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു. പോലിസ് കംപ്ലൈന്റ് അതോറിറ്റിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഭീഷണി ഉയര്‍ന്നത്. പ്രതീഷിനെ മൂന്നാംമുറയ്ക്ക് വിധേയനാക്കിയ എസ്‌ഐ ഉള്‍പ്പെടെ ഏഴോളം പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം ആര്‍ പ്രഭാകരന്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി സജി ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
മൂവാറ്റുപുഴ ജനമൈത്രി പോലിസ് സ്റ്റേഷനില്‍ നിരപരാധിയായ യുവാവിനെ തല്ലിച്ചതച്ച എസ്‌ഐ ഉള്‍പ്പെടെയുള്ള ഏഴോളം പോലിസുകാര്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തെക്കുറിച്ച് റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരപരാധിയായ യുവാവിനെ ദിവസങ്ങളോളം പട്ടിണിക്കിട്ട് മര്‍ദ്ദിച്ച നടപടി പോലിസ് സേനയിലും അതൃപ്തിക്ക് ഇടവരുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss