|    Dec 12 Wed, 2018 9:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവാവിനെ തട്ടിക്കൊണ്ടുപോയി വാഹനവും പണവും കവര്‍ന്ന രണ്ടുപേര്‍ കൂടി പിടിയില്‍

Published : 29th November 2018 | Posted By: kasim kzm

പെരിന്തല്‍മണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഇന്നോവ കാറും രണ്ടുലക്ഷം രൂപയും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇതോടെ, ഈ കേസില്‍ പിടിയിലായത് നാലുപേര്‍. കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശികളായ കുറ്റിക്കാട്ടില്‍ മെഹബൂബ് (21), പാറക്കണ്ടി ജിബിന്‍ (23) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. പെരിന്ത ല്‍മണ്ണ-കോഴിക്കോട് റോഡില്‍ ആയിഷ കോംപ്ലെക്‌സിനു സമീപത്തു നിന്നു ബിസിനസ് സംബന്ധമായ കാര്യം സംസാരിക്കാനായി വിളിച്ചുവരുത്തി പാണ്ടിക്കാട് സ്വദേശിയായ യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി ഏഴുപേരടങ്ങുന്ന സംഘം കാറില്‍ കയറ്റി കൊണ്ടോട്ടി ഓമാനൂരില്‍ ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി മര്‍ദിച്ച് അവശനാക്കി രണ്ടു കോടി രൂപ ആവശ്യപ്പെടുകയും ഇന്നോവ, രണ്ടു ലക്ഷം രൂപ, പാസ്‌പോര്‍ട്ട്, വാച്ച് എന്നിവ കൈക്കലാക്കി കൊണ്ടോട്ടി ടൗണില്‍ ഇറക്കിവിടുകയായിരുന്നു. ടൗണിലെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ പ്രതികളെ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തില്‍ സംഘത്തിലെ മുഖ്യ സൂത്രധാരന്‍മാരായ കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മാടശ്ശേരി തെക്കേത്തൊടി അമീര്‍ അലി (27), ഓമാനൂര്‍ കളരിപ്പറമ്പില്‍ ഷാജഹാന്‍ (36) എന്നിവരെ പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ കീഴിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍നിന്നു ലഭിച്ച സൂചനയില്‍ സംഘത്തില്‍ ഒമ്പതുപേരുണ്ടെന്നു കണ്ടൈത്തിയാണ് പോലിസ് മറ്റു പ്രതികളെ കൂടി അറസ്റ്റ് ചെയ്തത്.
പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss