|    Apr 23 Sun, 2017 11:18 pm
FLASH NEWS

യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

Published : 12th November 2016 | Posted By: SMR

മഞ്ചേരി: റബ്ബര്‍ തോട്ടം മുറിച്ചു മാറ്റാന്‍ വില്‍പന നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ കൊലപ്പെടുത്തിയ  കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 1,10,000 രൂപ പിഴയും അടക്കാന്‍ മഞ്ചേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി മൂന്ന് ശിക്ഷിച്ചു. എടക്കര പാലേമാട് നാരോക്കാവ് ഈന്തന്‍കുഴിയില്‍ ഇബ്രാഹീം(41)കൊല്ലപ്പെട്ട കേസിലാണു പ്രതി പാലേമാട് മണിമലയില്‍ ലാലു ജോസഫി(46)നെ ശിക്ഷിച്ചത്.  കൊല്ലപ്പെട്ട ഇബ്രാഹീമും സൂഹൃത്ത് അബ്ദുല്‍ റഷീദും ഒന്നിച്ച് റബര്‍ തോട്ടം സ്ലോട്ടറിങിനായി എടുത്തിരുന്നു. ഇതിനായി  പ്രതി ലാലു ജോസഫും ശ്രമിച്ചിരുന്നു. എന്നാല്‍ തോട്ടം ലഭിക്കാത്തതിലുള്ള വൈരാഗ്യം മൂലം പ്രതി ലാലു ജോസഫ് ഇബ്രാഹിമിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രോസിക്യൂഷന്‍ കേസ്. 2011 ജനുവരി അഞ്ചിനാണു കേസിനാസ്പദമായ സംഭവം. വൈകീട്ട് നാലുമണിയോടെ പാലേമാടെത്തിയ ലാലു ജോസഫ് ഇബ്രാഹീമിനെ ഉളി ഉപയോഗിച്ച് കുത്തി. തടയാനെത്തിയ  അബ്ദുല്‍ റഷീദിനെയും കുത്തിപരിക്കേല്‍പിച്ചു. ഇബ്രാഹീം തല്‍ക്ഷണം മരിക്കുകയായിരുന്നു.  കേസില്‍ 24 സാക്ഷികളും 26 രേഖകളും 11 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു. 302 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും, 307-ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിന തടവും പതിനായിരം രൂപ പിഴയും അടക്കണം.പ്രൊസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ യൂനുസ് സലീം ഹാജരായി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day