|    Apr 29 Sat, 2017 5:17 am
FLASH NEWS

യുവാക്കളുടെ വേര്‍പാടുകളില്‍ മനംനൊന്ത് പേങ്ങാട്ടുശ്ശേരി ഗ്രാമം

Published : 19th November 2016 | Posted By: SMR

ആലുവ: നാടിന്റെ പ്രതീക്ഷയായ യുവാക്കളുടെ ആകസ്മിക വേര്‍പാടില്‍ മനംനൊന്ത് കഴിയുകയാണ് എടത്തലയിലെ പേങ്ങാട്ടുശ്ശേരി ഗ്രാമം. അഞ്ച്് യുവാക്കളാണ് അടിക്കടി ഈ ഗ്രാമത്തിന് നഷ്ടമായത്. എടത്തലയിലെ സാമൂഹിക സേവന രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന യുവാക്കളുടെ ആകസ്മിക വേര്‍പാടുകള്‍ ഈ ഗ്രാമത്തിന് സഹിക്കാവുന്നതിലും ഏറെയായി. എടത്തല കമ്പിയില്‍ക്കുടി മുതിരക്കാലയില്‍ വീട്ടില്‍ ഉമര്‍(36)നെയാണ് 2 വര്‍ഷം മുന്‍പ് ഈ നാടിന് നഷ്ടമായത്. ടൈല്‍സ് ജോലിക്കാരനായ ഉമര്‍ കിഡ്‌നി സംബന്ധമായ അസുഖം മൂലമാണ് മരിച്ചത്. രണ്ട് കുട്ടികളുടെ പിതാവായ കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ഈ യുവാവ്. മരണപ്പെട്ട ഉമറിന്റെ സഹോദരന്‍ അബുവിന്റെ വേര്‍പാടും ഈ കുടുംബത്തിനും നാടിനും തോരാത്ത കണ്ണീരാണ് സമ്മാനിച്ചത്. മൂന്ന് പിഞ്ചുകുട്ടികളുടെ പിതാവായ അബു(40) മാര്‍ബിള്‍ ലോഡ് ഇറക്കവെയാണ് അടിതെറ്റി മഞ്ഞപ്പെട്ടിയില്‍ വച്ച് മരിച്ചത്. ഒരേ വീട്ടിലെ സഹോദരങ്ങളുടെ ആകസ്മിക വേര്‍പാട് തീര്‍ത്ത വേദന തീരുന്നതിന് മുന്‍പ്് ആയിരുന്നു ഇടിത്തീപോലെ മറ്റൊരു യുവാവിന്റെ ജീവന്‍കൂടി 8 മാസം മുന്‍പ് വിധി തട്ടിയെടുത്തത്. ഡ്രൈവറായി ജോലി ചെയ്യുന്ന പത്തനായത്ത് വീട്ടില്‍ അമീര്‍(36)ആണ് താന്‍ ഓടിക്കുന്ന ടിപ്പര്‍ ലോറി ഓട്ടത്തിന് എടുക്കുന്നതിനായി പുലര്‍ച്ചെ  ഓയില്‍ നോക്കുന്നതിനിടെ കാബിന്‍ താഴേക്ക് പതിച്ച് മരിച്ചത്.മൂന്ന് കുട്ടികളുടെ പിതാവായ ഈ യുവാവിന്റെ വേര്‍പാടിന്റെ വേദനയില്‍ നിന്നും മുക്തമാകുവാന്‍ ഈ കുടുംബത്തിന് ഇപ്പോഴും ആയിട്ടില്ല. ഈ വേദന നാട്ടില്‍ നിലനില്‍ക്കെയാണ് അടുത്തിടെ വട്ടോളി വീട്ടില്‍ ഷിഹാബുദ്ദീന്‍ (36)ഹൃദയസ്തംഭനം മൂലം മരിച്ചത്.ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ഷിഹാബുദ്ദീന്റെ വേര്‍പാട് നാടിനും കുടുംബത്തിനും ഏറെ നഷ്ടമാണ് വരുത്തിയത്. പൊതുപ്രവര്‍ത്തന രംഗത്ത് ഏറെ സജീവമായിരുന്ന എടത്തല മുരിങ്ങാശ്ശേരി വീട്ടില്‍ നൗഷാദ് (36)നെയാണ് കഴിഞ്ഞ ദിവസം ഈ ഗ്രാമത്തിന് നഷ്ടമായത്. മൂന്ന് പിഞ്ചുകുട്ടികളുടെ പിതാവായ നൗഷാദിന്റെ വേര്‍പാടില്‍ നിന്നും ഈ ഗ്രാമം ഇപ്പോഴും മുക്തമായിട്ടില്ല. അടിക്കടിയുള്ള യുവാക്കളുടെ വേര്‍പാടുകളില്‍ പേങ്ങാട്ടുശ്ശേരി ഗ്രാമം ഇന്നും കണ്ണീരോടെ കഴിയുകയാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day