|    Apr 22 Sun, 2018 10:25 am
FLASH NEWS

യുവാക്കളുടെ മരണം; പാറ ഖനനത്തിനെതിരേ നാട്ടുകാര്‍

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: പെരുങ്കടവിളക്ക് സമീപം മാരായമുട്ടത്ത് പാറ കയറ്റിപ്പോകുന്ന കൂറ്റന്‍ ടിപ്പര്‍ (ടോറസ്) ലോറിയിടിച്ച് രണ്ടു യുവാക്കള്‍ മരണമടഞ്ഞ സംഭവത്തിന് കാരണമായത് അദാനി കമ്പനിയുടെ നിയമലംഘനം. ജിയോളജി വകുപ്പ് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഭാരം കൊണ്ടുപോകുന്നതും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഔദ്യോഗിക രേഖകളനുസരിച്ച് 70 ലക്ഷം ടണ്‍ പാറകളാണ് പദ്ധതിക്ക് ആവശ്യമായുള്ളത്.
എന്നാല്‍ 100 ലക്ഷം ടണ്ണിലധികം വേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം. ഇതുവരെ എത്തിച്ചത് അര ലക്ഷം ടണ്ണിന് താഴെ മാത്രമാണെന്നും പറയപ്പെടുന്നു. റെക്കോര്‍ഡ് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിന്റെ അവകാശവാദത്തില്‍ ഇനിയും അപകടങ്ങള്‍ തുടരുമോ എന്നും നാട്ടുകാര്‍ക്കിടയില്‍ ഭയമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പുലിമുട്ട് നിര്‍മാണത്തിനായി അനധികൃത പാറമടകളില്‍ നിന്നും എല്ലാ നിയമങ്ങളും ലംഘിച്ച് അതിവേഗം പായുന്ന നൂറുകണക്കിന് ലോറികളിലൊന്നാണ് ഈ അപകടം ഉണ്ടാക്കിയത്. ടിപ്പര്‍ ലോറിയിടിച്ച്  ബൈക്ക് യാത്രക്കാരായ മാരായമുട്ടം സ്വദേശി ബാലുവും വിപിനുമാണ് മരിച്ചത്.
അപകടത്തെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ മൂന്ന് ടിപ്പര്‍ ലോറികള്‍ അടിച്ചുതകര്‍ത്തിരുന്നു.  ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും ലോറികളുടെ അമിതവേഗം നിയന്ത്രിക്കുന്നതിന് അടിയന്തരമായി സ്പീഡ് ഗവേണര്‍ ഘടിപ്പിക്കാനും റൂട്ട് മാറി സഞ്ചരിക്കുന്നതു കണ്ടെത്തുന്നതിനു ഹോളോഗ്രാം ഘടിപ്പിക്കുന്നതിനും കലക്ടര്‍ നല്‍കിയ കര്‍ശന നിര്‍ദേശം അദാനി ഗ്രൂപ്പിന്റെ കാര്യത്തില്‍ പാലിക്കപ്പെടുമോ എന്നും ആശങ്കയുണ്ട്. നഗരൂരിലെ പാറമടയില്‍ നിന്നും മുതലപ്പൊഴി തുറമുഖം വഴിയും തക്കലക്കടുത്തുള്ള പാറമടയില്‍ നിന്നും കൊളച്ചല്‍ തുറമുഖം വഴിയും ബാര്‍ജുകളില്‍ കടല്‍ വഴി വിഴിഞ്ഞത്തേക്ക് പാറകള്‍ കൊണ്ടുപോവുമെന്നാണ് വിഴിഞ്ഞം തുറമുഖ പരിസ്ഥിതി ആഘാത പഠനത്തില്‍ പറഞ്ഞിരുന്നത്.
അതു ലംഘിച്ച് പെരുങ്കടവിള, കുന്നത്തുകാല്‍ പ്രദേശങ്ങളിലെ പാറമടകളില്‍ നിന്നും പൂര്‍ണ്ണമായും റോഡുകള്‍ വഴിയാണ് പാറകള്‍ ഇപ്പോള്‍ കൊണ്ടുപോവുന്നത്.  പെരുങ്കടവിളയിലെ പാണ്ഡവന്‍പാറ ഗുഹയ്ക്ക് ചുറ്റിലുമുള്ള പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്ന പാറമടകളില്‍ നിന്നാണ് ഇപ്പോള്‍ അദാനി കമ്പനിക്ക് വേണ്ടി വിഴിഞ്ഞം കടലില്‍ നിക്ഷേപിക്കാന്‍ വലിയ പാറക്കല്ലുകള്‍ ടിപ്പര്‍ ലോറികളില്‍ എടുത്തുകൊണ്ടു പോകുന്നത്. പാറഖനനത്തെത്തുടര്‍ന്ന് സമീപവാസികള്‍ പലരും പൊടിശല്യം നേരിടാന്‍ ചെറിയ മാസ്‌കുകള്‍ ധരിച്ച് തുടങ്ങിയിട്ടുണ്ട്. ഗ്രനൈറ്റ് എടുത്തിരുന്ന ഈ ക്വാറി അടച്ചിട്ടിരുന്നതാണ്.
തൊട്ടടുത്തായി കുറേ വര്‍ഷങ്ങളായി അടച്ചിട്ടിരിക്കുന്ന മറ്റ് നിരവധി ക്വാറികളുമുണ്ട്. എല്ലാം പഞ്ചായത്ത് ഇടപെട്ട് അടച്ചിരുന്നവയാണ്. ഖനനത്തെത്തുടര്‍ന്ന് ഇവിടെ വലിയൊരു ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന ഇതിന് 300 അടിയോളം താഴ്ചയുമുണ്ട്. അദാനിയെ പ്രീതിപ്പെടുത്താന്‍ തുറമുഖ നിര്‍മ്മാണവും  അപകടവുമായുള്ള ബന്ധം മറച്ചു വയ്ക്കുവാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന്  പദ്ധതിയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച പരിസ്ഥിതി പ്രവര്‍ത്തകനായ ജോസഫ് വിജയന്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss