|    Jun 24 Sun, 2018 2:51 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

യുവാക്കളുടെ അറസ്റ്റിലെ ദുരൂഹത നീങ്ങുന്നില്ല വസ്തുതകള്‍ വെളിപ്പെടുത്താതെ എന്‍ഐഎ; കഥകള്‍ പൊലിപ്പിച്ച് മാധ്യമങ്ങള്‍

Published : 5th October 2016 | Posted By: SMR

പി സി അബ്ദുല്ല

കോഴിക്കോട്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍ പെരിങ്ങത്തൂര്‍ കനകമലയില്‍ ആറു യുവാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ ദുരൂഹത നീങ്ങുന്നില്ല. ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കഥകള്‍ക്ക് ഉപോദ്ബലകമായ വസ്തുതകളൊന്നും എന്‍ഐഎ ഇനിയും പുറത്തുവിട്ടിട്ടില്ല. അതേസമയം, ഐഎസ് വേട്ടയുടെ പേരില്‍ പരസ്പരവിരുദ്ധവും അബദ്ധജടിലവുമായ വാര്‍ത്തകള്‍ പ്രചരിക്കുന്നത് സംശയങ്ങള്‍ക്ക് ആക്കംകൂട്ടുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആറുപേര്‍ ഒരുമിച്ച് അറസ്റ്റിലായ നാടകീയതയ്ക്കും അനുബന്ധ പ്രചാരണത്തിനും പിന്നില്‍ അദൃശ്യ കേന്ദ്രങ്ങളില്‍നിന്നുള്ള കൃത്യമായ തിരക്കഥയുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം കേന്ദ്രങ്ങ ള്‍ എന്‍ഐഎയെ ഉപയോഗിച്ച് നടത്തിയ ആസൂത്രിത നീക്കമാണ് പൊടുന്നനെയുള്ള യുവാക്കളുടെ അറസ്റ്റ് എന്ന സംശയമാണ് ബലപ്പെടുത്തുന്നത്.
സംഘപരിവാരത്തിന്റെ സൈബര്‍ വിഭാഗമാണ് കേരളത്തില്‍ എന്‍ഐഎക്ക് ഐഎസ് വേട്ടയ്ക്കുള്ള വഴിയൊരുക്കിയതെന്നാണു സൂചനകള്‍. നരേന്ദ്രമോദി കോഴിക്കോട്ട് എത്തുന്നതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണവിഭാഗം ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയതില്‍നിന്നാണ് യുവാക്കള്‍ പിടിയിലായതെന്നാണ് ഔദ്യോഗികഭാഷ്യം. അതേസമയം, സംഘപരിവാരത്തിന്റെ സൈബര്‍ വിഭാഗവും സംസ്ഥാന ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്ലും ആഴ്ചകളായി നടത്തിയ നീക്കങ്ങളാണ് എന്‍ഐഎ നടപടിയില്‍ കലാശിച്ചതെന്ന വിവരമുണ്ട്. സപ്തംബര്‍ 8ന് എറണാകുളത്ത് രാഹുല്‍ ഈശ്വര്‍ പങ്കെടുക്കേണ്ട ജമാഅത്തെ ഇസ്‌ലാമി പരിപാടിയിലേക്ക് തീവ്രവാദികള്‍ വാഹനം ഓടിച്ചുകയറ്റാന്‍ പദ്ധതിയിട്ടെന്ന പ്രചാരണത്തിനു പിന്നാലെയാണ് കൊച്ചി കേന്ദ്രമായുള്ള സംഘപരിവാര സൈബര്‍ സെല്‍ നീക്കങ്ങള്‍ ആരംഭിച്ചത്. അറസ്റ്റിലായ യുവാക്കളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന ടെലിഗ്രാം മെസഞ്ചര്‍ ഗ്രൂപ്പിന്റെ വിവരങ്ങള്‍ എന്‍ഐഎക്ക് ആദ്യം കൈമാറിയത് സംഘപരിവാര സൈബര്‍ വിഭാഗമാണ്. ജമാഅത്ത് പരിപാടിയിലേക്ക് വാഹനം ഓടിച്ചുകയറ്റാന്‍ തീവ്രവാദ ഗ്രൂപ്പ് ശ്രമിച്ചെന്ന വിവരം സംസ്ഥാന പോലിസ് ഗൗരവമായി എടുത്തില്ലെന്ന ആക്ഷേപം ഉന്നയിച്ചാണ് ഹിന്ദുത്വര്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തി വിവരങ്ങള്‍ എന്‍ഐഎക്ക് കൈമാറിയതെന്നാണ് വിവരം.
പെരിങ്ങത്തൂരില്‍നിന്ന് ആറ് യുവാക്കളെ അറസ്റ്റ് ചെയ്തശേഷം എന്‍ഐഎ ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരുമായി വിവരങ്ങള്‍ പങ്കുവച്ചിട്ടേയില്ല. മാത്രവുമല്ല, എന്‍ഐഎ കോടതിയില്‍ കാത്തിരുന്ന പത്രക്കാരെയും ചാനലുകാരെയും ഒഴിവാക്കുന്ന തരത്തില്‍ ഏറെ വൈകിപ്പിച്ചാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
എന്നാല്‍, കനകമലയില്‍ പരിശോധന നടക്കുന്നതിന് തൊട്ടുമുമ്പും യുവാക്കള്‍ പിടിയിലായ ശേഷവും ചില അനൗദ്യോഗികകേന്ദ്രങ്ങളില്‍ നിന്ന് മാധ്യമങ്ങളെ തേടി കഥകള്‍ പ്രവഹിച്ചുകൊണ്ടേയിരുന്നു. കനകമലയില്‍ എന്‍ഐഎ എത്തുന്ന വിവരം തൊട്ടടുത്തുള്ള ചൊക്ലി, പാനൂര്‍ സ്റ്റേഷനുകളിലും ജില്ലാ പോലിസ് മേധാവിയും അറിയും മുമ്പ് നാട്ടുകാരാണ് അറിഞ്ഞത്. ഈ വിവരം സംഘപരിവാര കേന്ദ്രങ്ങള്‍ വഴിയാണ് പ്രചരിച്ചതെന്നാണ് സൂചന. കനകമലയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതായി ബിജെപിയുടെ ജില്ലാ നേതാവ് നേരത്തേ ചൊക്ലി പോലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്നു കണ്ടെത്തി. ഇതേത്തുടര്‍ന്ന് ബിജെപി സംസ്ഥാന നേതാവ് വഴി ഇതേ പരാതി എന്‍ഐഎക്ക് കൈമാറുകയായിരുന്നു.
ദമ്മാജ് സലഫിസത്തില്‍ ആകൃഷ്ടരായി കേരളത്തില്‍നിന്നു കാണാതായവരെ കഴിഞ്ഞ ദിവസത്തെ യുവാക്കളുടെ അറസ്റ്റുമായി കോര്‍ത്തിണക്കിയുള്ള പ്രചാരണങ്ങളാണ് മാധ്യമങ്ങളില്‍ അരങ്ങേറുന്നത്. കാണാതായവരുടെ തീവ്രവാദ ബന്ധം കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ ഇനിയും സ്ഥിരീകരിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഇതിനകം നടന്ന ചില അറസ്റ്റുകള്‍ മതപരിവര്‍ത്തനത്തിനു പ്രേരിപ്പിെച്ചന്ന കുറ്റം ചുമത്തിയാണ്. എന്നാല്‍, ആ കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹ്മദിനെയും മറ്റും ഇപ്പോള്‍ അറസ്റ്റിലായ യുവാക്കളുമായി ബന്ധപ്പെടുത്തി വാര്‍ത്തകള്‍ വരുന്നുണ്ട്.
ഇസ്‌ലാമിക് സ്റ്റേറ്റിലെ ദായിഷ് എന്ന വിഭാഗം ഇന്ത്യയില്‍ തീവ്രവാദ ക്ലാസുകള്‍ നടത്തുന്നതായി നേരത്തേ മതപരിവര്‍ത്തനക്കേസില്‍ അറസ്റ്റിലായ ബിഹാര്‍ സ്വദേശിനി എന്‍ഐഎയോട് വെളിപ്പെടുത്തിയെന്നാണ് ഇന്നലെ ഒരു പത്രത്തി ല്‍ വന്ന വാര്‍ത്ത. എന്നാല്‍, ദായിഷ് എന്ന വിഭാഗം ഐഎസി ല്‍ ഇല്ല. ഐഎസിനെ അറബികള്‍ വിളിക്കുന്ന  പേരാണ് ദായിഷ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss