|    Jun 19 Tue, 2018 4:18 pm
FLASH NEWS
Home   >  Sports  >  Cricket  >  

‘യുവ’രാജകീയം ഇന്ത്യ

Published : 20th January 2017 | Posted By: fsq

 

കട്ടക്ക്: കട്ടക്കിലെ പുല്‍ മൈതാനിയില്‍ ഇന്ത്യയുടെ യുവരാജകുമാരന്‍ രാജാവായപ്പോള്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 15 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കട്ടക്കിലെ പുല്‍ മൈതാനിയില്‍ ഇന്ത്യയോട് കട്ടക്ക് കട്ട പൊരുതി തന്നെയാണ് മോര്‍ഗനും കൂട്ടരും മുട്ടുമടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ യുവരാജ് സിങിന്റെയും മഹേന്ദ്ര സിങ് ധോണിയുടേയും സെഞ്ച്വറിക്കരുത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍  381 റണ്‍സ് പടുത്തുയര്‍ത്തി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 50 ഓവറില്‍ എട്ടിന് 366 എന്ന സ്‌കോറില്‍ അവസാനിച്ചു. ഇന്ത്യക്ക്് വേണ്ടി രവിചന്ദ്ര അശ്വിന്‍ മൂന്ന്് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റും സ്വന്തമാക്കി. ജയത്തോടെ മൂന്ന് മല്‍സര പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.ഇന്ത്യന്‍ ക്രിക്കറ്റിന്റെ യുവ രാജകുമാരന്‍ നീണ്ട ഇടവേളകള്‍ക്ക് ശേഷം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ തടുത്തു നിര്‍ത്താനുള്ള ആയുധമോ പടയാളികളോ ഇംഗ്ലണ്ട് നിരയിലില്ലായിരുന്നു. ടോസ് നേടിയിട്ടും ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ സ്വപ്‌നത്തില്‍ പോലും ചിന്തിക്കാത്ത പ്രകടനമാണ് യുവരാജും ധോണിയും പുറത്തെടുത്തത്. തുടക്കത്തിലേ ഇന്ത്യന്‍ ടീമിന്റെ പതനം കണ്ട് ചിരിച്ച് മോര്‍ഗനും സംഘവും 50 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ പാതി മരിച്ച മനസുമായാണ് മൈതാനം വിട്ടത്. ആദ്യ ഓവറില്‍ മികച്ച ഷോട്ടുകള്‍ പുറത്തെടുത്ത് ലോകേഷ് രാഹുലും(5) ശിഖാര്‍ ധവാനും (11) ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും രണ്ടാം ഓവറില്‍ രാഹുല്‍ മടങ്ങി. തൊട്ടു പിന്നാലെ ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും മികച്ച ഷോട്ടുകളോടെ തുടങ്ങി. ക്രിസ് വോക്‌സിനെ രണ്ട് ബൗണ്ടറികള്‍ പായിച്ച് മുന്നേറിയ കോഹ്‌ലിയെ അതേ ഓവറിലെ അവസാന പന്തില്‍ വോക്‌സ് മടക്കി.  അഞ്ചാം ഓവര്‍ ചെയ്യാനെത്തിയ വോക്‌സ് വീണ്ടും ഇന്ത്യന്‍ ടീമിന് തിരിച്ചടി നല്‍കി. ധവാനെ(11) വോക്‌സ് ക്ലീന്‍ ബൗള്‍ഡാക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 4. .4 ഓവറില്‍ മൂന്നിന് 25 എന്ന പരിതാപ സ്ഥിതിയിലായിരുന്നു. എന്നാല്‍ നാലാം വിക്കറ്റിലൊത്തുചേര്‍ന്ന ധോണിയും യുവരാജും ഇന്ത്യന്‍ ടീമിന്റെ ജാതകം തിരുത്തി എഴുതി.യുവി-ധോണി കൂട്ടുകെട്ട്സമ്മര്‍ദഘട്ടമായതിനാല്‍ തന്നെ യുവരാജ് പതുക്കെയാണ് തുടങ്ങിയത്. പിന്നീടങ്ങോട്ട് പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ ക്രീസില്‍ നിലനിന്ന ഓരോ പന്തിലും കൂടുതല്‍ കൂടുതല്‍ ആക്രമകാരിയായി മുന്നേറി. ഫോറുകളും സിക്‌സുകളുമായി മികച്ച ഫോമില്‍ ബാറ്റ് വീശിയ യുവരാജ് തന്റെ കരിയറിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറായ 150 റണ്‍സ് കണ്ടെത്തിയാണ് ക്രീസ് വിട്ടത്. 21 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമടക്കമാണ് കട്ടക്കില്‍ യുവരാജ് തന്റെ 14ാം സെഞ്ച്വറി കണ്ടെത്തിയത്. 2011 ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ യുവരാജ് നേടുന്ന ആദ്യ സെഞ്ച്വറിയാണിത്. 2008 ല്‍ രാജ്‌കോട്ടില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 138 റണ്‍സാണ് യുവി തിരുത്തിയത്.യുവരാജിന് സ്‌ട്രൈക്ക് മാറി കളിച്ച് മുന്നേറിയ ധോണി 10 ഫോറും ആറ്് സിക്‌സറും പറത്തി തന്റെ 10ാം സെഞ്ച്വറിയും സ്വന്തമാക്കി. 122 പന്തില്‍ 134 റണ്‍സാണ് ധോണി വാരിക്കൂട്ടിയത്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ധോണി ഇന്ത്യക്ക് വേണ്ടി സെഞ്ച്വറി നേടുന്നത്.  നാലാം വിക്കറ്റില്‍ യുവിയും ധോണിയും കൂടി ചേര്‍ത്തത് 256 റണ്‍സാണ്. ഇംഗ്ലണ്ടിനെതിരേ നാലാം വിക്കറ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ട്‌കെട്ടാണിത്. ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയും ഡിവില്ലിയേഷ്‌സും ചേര്‍ന്ന് നേടിയ 172 റണ്‍സിന്റെ റെക്കോഡാണ് പഴങ്കഥയായത്.നാലാമനായി യുവരാജ് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 42 .  4 ഓവറില്‍ നാലിന് 281 എന്ന ശക്തമായ നിലയിലായിരുന്നു. കേദാര്‍ യാദവും( 10 പന്തില്‍ 22) വെടിക്കെട്ട് ബാറ്റിങ് നടത്തി മികച്ച് നിന്നു. പ്ലക്കറ്റിനെ തുടര്‍ സിക്‌സറുകള്‍ക്ക് ശ്രമിച്ച ധോണി ഡേവിഡ് വില്ലിക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 350 കഴിഞ്ഞിരുന്നു. അവസാന ഓവറുകൡ ഹര്‍ദിക് പാണ്ഡ്യയും(19*) രവീന്ദ്ര ജഡേജയും(16*) മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി  വോക്‌സ് നാല് വിക്കറ്റും പ്ലക്കറ്റ് രണ്ട് വിക്കറ്റും സ്വന്തമാക്കി.മറുപടി ബാറ്റിങ്ങില്‍ മികച്ച പ്രകടനം തന്നെയാണ് ഇംഗ്ലണ്ട് പുറത്തെടുത്തത്. ഓപണര്‍ അലക്‌സ് ഹെയ്ല്‍സിനെ(14) കൂടുതല്‍ അപകടം സൃഷ്ടിക്കാന്‍ അനുവദിക്കാതെ ബൂംറ പെട്ടെന്ന് മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റിലെ ജോയ് റൂട്ട്(54), ജാസണ്‍ റോയ്(82) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ് ഇംഗ്ലണ്ട് സ്‌കോര്‍ബോര്‍ഡിനെ വേഗത്തിലാക്കി. എന്നാല്‍ അശ്വിന്‍ റൂട്ടിനെ മടക്കി മല്‍സരത്തില്‍ ഇന്ത്യയെ തിരികെ കൊണ്ടു വന്നു. അതികം വൈകാതെ തന്നെ റോയിയെ ജഡേജ ക്ലീന്‍ ബൗള്‍ഡും ചെയ്തു. മധ്യനിരയില്‍ ഇയാന്‍ മോര്‍ഗന്റെ(102) സെഞ്ച്വറി പ്രകടനത്തിനും ഇംഗ്ലണ്ടിനെ രക്ഷിക്കാനായില്ല. മോയിന്‍ അലിയും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 49ാം ഓവറില്‍ മോര്‍ഗന്‍ റണ്ണൗട്ടായതാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്.ഒന്നാം ഏകദിന ടീമില്‍ നിന്നും ചെറിയ വ്യത്യാസവുമായാണ് ഇന്ത്യ രണ്ടാം മല്‍സരത്തിനിറങ്ങിയത്. ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന് വിശ്രമം അനുവദിച്ചപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് ടീമില്‍ ഇടം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss