|    Dec 17 Mon, 2018 3:42 am
FLASH NEWS

യുവമോര്‍ച്ച മാര്‍ച്ചില്‍ അക്രമികള്‍ അഴിഞ്ഞാടി; പോലിസ് നോക്കുകുത്തിയായി

Published : 26th July 2018 | Posted By: kasim kzm

കോഴിക്കോട്: അഭിമന്യു കൊലക്കേസ് എന്‍ഐഎ ഏറ്റെടുക്കുക, പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കമ്മിഷണര്‍ ഓഫിസിലേക്ക് യുവ മോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ അക്രമികള്‍ അഴിഞ്ഞാടി. അക്രമികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുക്കാതെ പോലിസ് സംഘപരിവാറിനോട് വിധേയത്വം പുലര്‍ത്തിയതും കൗതുകമായി.
അമ്പതോളമാളുകളായിരുന്നു പട്ടാളപ്പള്ളി ഭാഗത്തു നിന്ന് എസ്ഡിപിഐക്കെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ പോലിസിനു നേരെ ചീറിയടുത്തുള്ള പ്രകടനം. അക്രമം സഹിക്കവയ്യാതെ പോലിസ് ജലപീരങ്കി പ്രയോഗിച്ചിട്ടും സമരക്കാര്‍ പിന്‍മാറിയില്ല. യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിന്റെ ഉദ്ഘാടന പ്രസംഗത്തിനു ശേഷം പ്രവര്‍ത്തകര്‍ കമ്മിഷണര്‍ ഓഫിസിനു മുന്നിലെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമം തുടങ്ങി. പോലിസുകാരുമായേറ്റുമുട്ടി സംഘര്‍ഷമുണ്ടാക്കാനും സമരക്കാര്‍ ശ്രമം തുടങ്ങിയതോടെ പോലിസ് ലാത്തിച്ചാര്‍ജ്ജ് തുടങ്ങി. ഇതോടെ വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. മുക്കാല്‍ മണിക്കൂറോളം മാനാഞ്ചിറ വഴിയുള്ള വിയാത്രക്കാര്‍ക്കുപോലും ഇതുവഴി പോകാന്‍ കഴിയാതായി. ലാത്തിച്ചാര്‍ജ്ജിനെതുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിതരായി പോലിസിനെ നേരിടാനെത്തി. ടിയര്‍ ഗ്യാസുള്‍പ്പെടെ അക്രമികളെ മധ്യത്തിലാക്കി ഇരുഭാഗത്തു നിന്നും പോലിസ് വളഞ്ഞു.
പോലിസ് നിര്‍ദ്ദേശമനുസരിച്ച് പട്ടാളപള്ളിയും ഇരുഗേറ്റകളുമടച്ചു. തലപൊട്ടിയ പ്രവര്‍ത്തകരുടെ ചോര കൈകൊണ്ട് പരസ്പരം ഷര്‍ട്ടില്‍ വാരിതേച്ചുകൊണ്ടായിരുന്നു പ്രകോപനപരമായ മുദ്രാവാക്യം. ഒരു മണിക്കൂറോളം അക്രമികള്‍ കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ പോലിസിന്റെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തി, വാഹന-വഴിയാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തി അഴിഞ്ഞാടിയ അക്രമികളിലൊരാളെ പോലും അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യാന്‍ പോലിസ് തയാറായില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss