|    Jan 25 Wed, 2017 3:11 am
FLASH NEWS

യുവനേതൃത്വത്തിനു പിന്നില്‍ ഗുജറാത്തില്‍ ദലിത് മുന്നേറ്റം ശക്തമാവുന്നു

Published : 1st August 2016 | Posted By: SMR

ന്യൂഡല്‍ഹി: ഉനയില്‍ ചത്ത പശുവിന്റെ തോലുരിച്ചതിന് ഗോരക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ദലിതുകളെ മര്‍ദ്ദിച്ചതോടനുബന്ധിച്ച പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി ഗുജറാത്തില്‍ ദലിത് മുന്നേറ്റം ശക്തമാവുന്നു. പരമ്പരാഗത നേതൃത്വത്തെ വിട്ടൊഴിഞ്ഞു പുതിയ യുവ നേതൃത്വത്തിനു പിന്നിലാണു ദലിതുകള്‍ അണിനിരന്നിരിക്കുന്നത്. ഗുജറാത്തിലെമ്പാടും കഴിഞ്ഞദിവസങ്ങളില്‍ റാലികള്‍ നടന്നതു തിരിച്ചറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വമില്ലാതെയാണ്.
ഇതോടെ ഗുജറാത്തിലെ ആനന്ദിബെന്‍ പട്ടേല്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ഇതിനെ മറികടക്കാന്‍ ദലിത് സമരത്തിനു നേതൃത്വം കൊടുക്കുന്നവര്‍ക്കെതിരേ നടപടിയെടുത്ത് പ്രക്ഷോഭം തകര്‍ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ദലിത് യുവാക്കള്‍ക്കെതിരായി നടന്ന അക്രമം ആസൂത്രിതമാണെന്നു മാധ്യമങ്ങളില്‍ ആരോപിച്ച യുവാക്കളിലൊരാളുടെ പിതാവിനെതിരേ ഗൂഢാലോചനക്കുറ്റം ഫയല്‍ ചെയ്തതായിരുന്നു ഇതിലൊന്ന്. ദലിത് മുന്നേറ്റത്തില്‍ മുട്ടിടിച്ച സര്‍ക്കാരിന്റെ ഭയംപൂണ്ട പ്രതികരണമാണ് ഇതെന്നായിരുന്നു ദലിത് പ്രവര്‍ത്തകരുടെ പ്രതികരണം.
മാര്‍ച്ചുകള്‍ക്കുള്ള ആഹ്വാനത്തിന് ഗുജറാത്തിലെ എല്ലാഭാഗത്തു നിന്നും പ്രതികരണമുണ്ടായത് ഗുജറാത്ത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റാലിക്ക് അനുമതി നല്‍കണോ അതോ പട്ടേല്‍ സമരക്കാരെ അടിച്ചമര്‍ത്തിയ മാതൃകയില്‍ അടിച്ചമര്‍ത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലായിരുന്നു സര്‍ക്കാര്‍. ഉന ദലിത് അത്യാചാര്‍ ലഡത് സമിതിയുടെ കണ്‍വീനറായ 35കാരന്‍ ജിഗ്‌നീഷ് മേവാനിയാണ് ദലിത് പ്രക്ഷോഭത്തില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്. അക്രമത്തിനിരയായ ദലിതുകള്‍ക്ക് നീതി ഉറപ്പാക്കുക, പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യുക, സംവരണ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ദലിതുകള്‍ ഉന്നയിച്ചിരിക്കുന്നത്. ദലിതുകള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടായാല്‍ അത് ദേശീയതലത്തില്‍ ബിജെപിയെ ബാധിക്കുമെന്നാണു ദേശീയ നേതൃത്വത്തിന്റെ പേടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശിലും ദലിതുകള്‍ ഉന വിഷയത്തില്‍ പ്രതികരിക്കുന്നുണ്ട്. ഇത് തിരിച്ചടിയാവുമെന്ന പേടിയിലാണ് ബിജെപി. മായാവതിയുള്‍െപ്പടെയുള്ളവരാകട്ടെ ഇതൊരവസരമായി കാണുന്നുമുണ്ട്.
അറിയപ്പെടുന്ന നേതൃത്വമില്ലാതെതന്നെ ദലിതുകള്‍ക്കു ഗുജറാത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കഴിയുന്നതിന്റെ അങ്കലാപ്പിലാണു സംസ്ഥാനസര്‍ക്കാര്‍. തുടര്‍ കാലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ക്ക് ആരും രാഷ്ട്രീയപ്പാര്‍ട്ടികളെ കാത്തിരിക്കില്ലെന്ന സന്ദേശവും ഇതു നല്‍കുന്നുണ്ട്. അതോടൊപ്പം ഗുജറാത്തിലെ മുസ്‌ലിം സംഘടനകളും ദലിത് സമരത്തെ പിന്തുണയ്ക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 211 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക