|    Aug 23 Wed, 2017 7:13 pm
FLASH NEWS

യുവതി കുത്തേറ്റ് മരിച്ച സംഭവം : അറസ്റ്റിലായ കാമുകനെ ബീച്ചിലെത്തിച്ചു തെളിവെടുപ്പ് നടത്തി

Published : 13th August 2017 | Posted By: fsq

 

വൈപ്പിന്‍: ചെറായി ബീച്ചില്‍ യുവതി കുത്തേറ്റ് മരിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ കാമുകന്‍ കോട്ടയം നെടുങ്കുന്ന് അരണപ്പാറ പാറത്തോട്ടുങ്കല്‍  പ്രശാന്തിനെ(28) പോലിസ് ബീച്ചിലെത്തിച്ചു തെളിവെടുപ്പ് നടത്തി. സംഭവദിവസം രാവിലെ ചെറായി ഗൗരീശ്വരത്ത് നിന്ന് ഓട്ടോയില്‍ കയറി ബീച്ചില്‍ വന്ന് ഇറങ്ങിയ സ്ഥലവും ഇതിനുശേഷം കടല്‍തീരത്ത് യുവതിയെ കൊണ്ടുപോയി നിര്‍ത്തി സംസാരിച്ച സ്ഥലവും കുത്തിയ സ്ഥലവും രീതിയും പോലിസിനു കാണിച്ചു കൊടുത്തു. കുത്താന്‍ ഉപയോഗിച്ച കത്തി യുവതിയുടെ ദേഹത്ത് തന്നെ തറഞ്ഞിരുന്നുവെങ്കിലും ഇത് പിന്നീട് യുവതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ സമീപത്തുള്ള കടല്‍ഭിത്തിക്കിടയില്‍ വീണിരുന്നു. തെളിവെടുപ്പിനു കൊണ്ടുവന്ന സമയം പോലിസ് പ്രതിയെക്കൊണ്ട് ഈ കത്തി വീണ്ടെടുത്തു. സംഭവസ്ഥലത്ത് പ്രതിയെയും യുവതിയെയും ഓട്ടോറിക്ഷയില്‍ കൊണ്ടുവന്ന ഗൗരീശ്വരം സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ പ്രതിയെ തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു.  പ്രതിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത കൊലപാതകമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രണ്ട് വര്‍ഷത്തോളമായി യുവതിയുടെ വീടിന്റെ മുകളില്‍ വാടകയ്്ക്ക് താമസിക്കുന്ന പ്രതി വരാപ്പുഴ മുട്ടിനകം ഭാഗത്തെ കേബിള്‍ ടിവി ഓപറേറ്ററാണ്. വിവാഹബന്ധം വേര്‍പെടുത്തി വീട്ടില്‍ വന്ന് കഴിയുന്ന യുവതിയുമായി ഇയാള്‍ പ്രണയത്തിലായിരുന്നുവെന്നുവത്രേ. എന്നാല്‍ യുവതിക്ക് വന്ന ചില ഫോണ്‍കോളുകളുടെ പേരില്‍ അടുത്തിടെ ഇവര്‍ തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായി.  ഫോണ്‍കോള്‍ മൂലം കാമുകിയെ ഇയാള്‍ക്ക് സംശയമായി. ഇതേ തുടര്‍ന്ന് ഇതെല്ലാം പറഞ്ഞ് തീര്‍ക്കാനെന്ന് വ്യാജേന പ്രതികാരം തീര്‍ക്കാനായി യുവതിയെ ബീച്ചില്‍ വിളിച്ചുകൊണ്ട് വന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. കുത്തേറ്റ് മരിച്ച വരാപ്പുഴ മുട്ടിനകം നടുവത്തുശ്ശേരി  ഷാജിയുടെ മകള്‍ ശീതളിന്റെ (30)മൃതദേഹം ആലപ്പുഴയില്‍ പോലിസ് സര്‍ജനെകൊണ്ട് പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിച്ചു. കൊച്ചി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക