|    Jan 17 Tue, 2017 8:43 pm
FLASH NEWS

യുവതിയോട് മോശം പെരുമാറ്റം; എഎപി എംഎല്‍എ അറസ്റ്റില്‍

Published : 9th July 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഡല്‍ഹി ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ പോലിസ് അറസ്റ്റ് ചെയ്തു. ദക്ഷിണ ഡല്‍ഹി ദിയോളിയില്‍ നിന്നുള്ള എംഎല്‍എ പ്രകാശ് ജര്‍വാളിനെയാണ് ഇന്നലെ പോലിസ് അറസ്റ്റ് ചെയ്തത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 506, 509, 34 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഇദ്ദേഹത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പരാതി സമര്‍പ്പിക്കുന്നതിനു മുമ്പ് താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെയും ഡല്‍ഹി പോലിസ് കമ്മീഷണറെയും സമീപിച്ചിരുന്നുവെന്ന പരാതിക്കാരി പറഞ്ഞു.
നേരത്തെയും ജര്‍വാല്‍ വിവാദത്തില്‍ അകപ്പെട്ടിരുന്നു. 2014 മെയില്‍, കെജ്‌രിവാളിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹി ജലബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ജര്‍വാല്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധികളുടെ പട്ടികയില്‍ ഏറ്റവും പുതിയതാണിത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പാര്‍ട്ടി നേതാവ് ആശിഷ് ഖേതന്‍, കെജ്‌രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടരി രാജേന്ദ്രകുമാര്‍ എന്നിവര്‍ക്കു നേരെയുണ്ടായ വ്യത്യസ്ത നടപടികളും ആരോപണങ്ങളും പാര്‍ട്ടി പ്രതിരോധിച്ചു വരവെയാണ് ഇപ്പോള്‍ ജര്‍വാലിനെതിരായ കേസുണ്ടായിരിക്കുന്നത്. ഡല്‍ഹിയിലും തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പഞ്ചാബിലും എഎപിയെ ഭയപ്പെടുന്ന ബിജെപിയും മോദി സര്‍ക്കാരുമാണ് തങ്ങളുടെ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരായ അക്രമങ്ങള്‍ക്കു പിറകിലെന്നാണ് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക