|    Mar 30 Thu, 2017 10:33 am
FLASH NEWS

യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ച കേസ്; അന്വേഷണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Published : 16th November 2015 | Posted By: SMR

ചേര്‍ത്തല: യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിന്റെ അന്വേഷണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് വൈകുന്നതിനെ തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.അതേസയം ബന്ധുക്കളുടെ ആരോപണം വന്നതിനെ തുടര്‍ന്ന് പോലിസ് ഇന്നലെ പ്രതി രഞ്ജീഷിന്റെ ഫോട്ടോയോടുകൂടിയ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.
ചേര്‍ത്തല പോലിസ് സ്റ്റേഷന് അരക്കിലോമീറ്റര്‍ അകലെയാണ് യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്തുനിന്നും കിട്ടിയ അക്രമിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടയം ഇലഞ്ഞി സ്വദേശി രഞ്ജീഷാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതിയുടെ വീട്ടില്‍ ചെന്നെങ്കിലും പിടികൂടാനായില്ല. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഇത് പോലിസിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതായും യുവതിയുടെ ബന്ധുക്കള്‍ പറയുന്നു.
എറണാകുളം നേവല്‍ബേസ് ഉദ്യോഗസ്ഥയും പള്ളിപ്പുറം സ്വദേശിയുമായ ശാരിമോള്‍ (24) മാതൃസഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോള്‍ ചേര്‍ത്തല ആഞ്ഞിലിപ്പാലത്തിന് സമീപംവച്ച് രണ്ടുപേര്‍ ബൈക്കിലെത്തി ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ ശാരിമോളെ ചേര്‍ത്തല സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നടത്തുകയും ആസിഡ് വീണ ചുരിദാര്‍ മാറ്റി മറ്റൊരു വസ്ത്രം ധരിപ്പിച്ച് വിദഗ്ദ്ധ ചികില്‍സക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.
മാറ്റിയ വസ്ത്രത്തെ പറ്റി പിന്നീട് യുവതിയുടെ ബന്ധുക്കള്‍ ചോദിച്ചപ്പോള്‍ നഷ്ടപ്പെട്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന് ശാരിമോളുടെ ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ നഷ്ടപ്പെട്ടതല്ല അന്വേഷണത്തിന്റെ ഭാഗമായി ചുരിദാര്‍ സുരക്ഷിതമായ സ്ഥലത്ത് പ്രത്യേകം മാറ്റി സൂക്ഷിച്ചിരിക്കുകയാണെന്ന് ചേര്‍ത്തല സിഐ വി എസ് നവാസ് പറയുന്നു. പ്രതിയായ രഞ്ജീഷ് ഒന്നിലധികം ഫോണ്‍ ഉപയോഗിക്കുന്ന ആളാണെങ്കിലും ഇപ്പോള്‍ കൈവശമുള്ള ഫോണ്‍ ഓണ്‍ ചെയ്യാത്തതിനാല്‍ പോലിസിന് ഇയാളുടെ നീക്കം നിരീക്ഷിക്കാനാവാത്ത അവസ്ഥയാണ്.
പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളും പോലിസ് നിരീക്ഷണത്തിലാണ്. അതേ സമയം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ള ശാരിമോള്‍ അപകട നില തരണം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലാണ്. നഗരത്തില്‍ ഇതിന് മുന്‍പ് നടന്ന പല പ്രമാദമായ കേസുകളും ചേര്‍ത്തല പോലിസിന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തത് നാട്ടില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. നാല് വര്‍ഷം മുന്‍പ് നഗരത്തിലെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എടിഎം കൗണ്ടര്‍ സ്‌ഫോടകവസ്തു വച്ച് തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച യുവാക്കളുടെ ചിത്രം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടും ഇന്നുവരെ ആരെയും പിടികൂടാനായില്ല.
ചേര്‍ത്തല സിഐ ഓഫിസിന് മുന്നിലെ റോഡിന് എതിര്‍വശം 350ഓളം ആളുകളെ ഉള്‍പ്പെടുത്തി ചിട്ടികമ്പിനി നടത്തി കോടികള്‍ തട്ടെയെടുത്ത വിരുതനെയും പോലിസിന് ഇതുവരെ പിടികൂടാനായിട്ടില്ല.
ആസിഡ് ആക്രമണത്തിന് വിധേയയായ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പോലിസിനെതിരേ രംഗത്തെത്തിയതോടെ ഇന്നലെ പോലിസ് പ്രതി രഞ്ജീഷിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.പ്രതിയെ പിടികൂടാനും പ്രതിയുടെ സഹായിയെ തിരിച്ചറിയാനും കഴിയാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസെന്നു അധികൃതര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day