|    Jan 17 Tue, 2017 8:42 pm
FLASH NEWS

യുവതിയുടെ മരണം ഭര്‍തൃപീഡനം കാരണമെന്ന്; ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി

Published : 6th April 2016 | Posted By: SMR

ആലപ്പുഴ: യുവതിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ ആലപ്പുഴ സൗത്ത് പോലിസില്‍ പരാതി നല്‍കി.
ആലിശേരി ചിറയില്‍ പരേതനായ അഷ്‌റഫിന്റെയും അനീമയുടെയും മകളും വലിയമരം വാര്‍ഡില്‍ അനസ് മന്‍സിലില്‍ അജീഷിന്റെ ഭാര്യയുമായ ആമിനയാണ് (23) ഞായറാഴ്ച രാത്രി ഭര്‍തൃവീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഭര്‍തൃപീഡനമാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് സഹോദരന്‍ അനീഷ് എന്ന് വിളിക്കുന്ന ഉണ്ണി പറയുന്നതിങ്ങനെ:
ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആമിനയുടെ വീട്ടില്‍ ഭര്‍തൃപിതാവും മറ്റൊരാളുമെത്തി ആമിന ഗുരുതരാവസ്ഥയിലാണെന്ന് പറയുന്നത്. വീട്ടിലേക്കാണെന്ന് പറഞ്ഞ് തന്നെ കൊണ്ടുപോയത് ആലപ്പുഴ ജനറല്‍ ആശുപത്രിയിലേക്കായിരുന്നു. ഇവരുടെ പെരുമാറ്റവും സംശയംജനിപ്പിക്കുന്ന വിധമായിരുന്നു. ജനറല്‍ ആശുപത്രിയില്‍ ആമിനയെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാനുള്ള പേപ്പറുകള്‍ തയ്യാറാക്കികൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഉണ്ണിയെ റൂമിലേക്ക് വിളിച്ചുവരുത്തിയ ഡോക്ടര്‍മാര്‍ ആമിനയെ മരിച്ച അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നാലെ വ്യക്തമാവൂയെന്നും വ്യക്തമാക്കി. തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു.
പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനും ഭര്‍തൃവീട്ടുകാര്‍ ശ്രമിച്ചിരുന്നു. ഉണ്ണിയുടെ നിര്‍ബന്ധപ്രകാരമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായത്. മുഖത്തും കഴുത്തിലും മറ്റും പരിക്കേറ്റ അടയാളങ്ങളുണ്ടായിരുന്നു. ആമിന ആത്മഹത്യ ചെയ്തുവെന്നാണ് ഭര്‍തൃവീട്ടുകര്‍ ആശുപത്രിയില്‍ പറഞ്ഞിരുന്നത്. ക്രിക്കറ്റ് ടൂര്‍ണമെന്റ് കണ്ട് കഴിഞ്ഞ് ഭര്‍ത്താവ് അജീഷ് വീട്ടിലെത്തിയപ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുക്കി കട്ടിലില്‍ മരിച്ച അവസ്ഥയില്‍ ആമിനയെ കണ്ടെത്തുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി ഉണ്ണി പറയുന്നു. ഭര്‍തൃപിതാവിനും മരണത്തില്‍ പങ്കുള്ളതായി ബന്ധക്കള്‍ക്ക് സംശയമുണ്ട്. ഇന്ന് ആലപ്പുഴ ഡിവൈസ്എസ്പിക്ക് പരാതി നല്‍കുമെന്ന് ഉണ്ണി പറഞ്ഞു.
ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ആമിന സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. ഈ സമയം ഭര്‍ത്താവിനെക്കുറിച്ച് കൊച്ചാപ്പയായ കുഞ്ഞുമോനോട് പരാതിപ്പെട്ടിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും ഭര്‍തൃവീട്ടിലേക്ക് മടങ്ങി. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ശനിയാഴ്ച സഹോദരി ഫാത്തിമയുടെ വീട്ടിലും ആമിനയും ഭര്‍തൃമാതാവും എത്തിയിരുന്നു. എന്തൊക്കെയോ ആമിന പറയാന്‍ ശ്രമിച്ചെങ്കിലും ഭര്‍തൃമാതാവിന്റെ സാന്നിധ്യം തടസ്സമായതായി സഹോദരി ഫാത്തിമ ഓര്‍ക്കുന്നു. ഭര്‍ത്താവിനെക്കുറിച്ച് ഫാത്തിമയോടും പരാതിപ്പെട്ടിരുന്നു.
ആമിനയക്ക് രണ്ടാം പ്രസവത്തോടെ ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും ഇത് ആത്മഹത്യക്ക് കാരണമായിയെന്നും വരുത്തിതീര്‍ക്കാനും ഭര്‍തൃവീട്ടുകാര്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ആശുപത്രി ബില്ലുകള്‍ പോലിസില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രസവ സമയത്ത് ആമിനയോടൊപ്പമുണ്ടായിരുന്ന മാതാവ് അനീമ ഇത് നിഷേധിക്കുന്നു. ഇത്തരമൊരു അസുഖത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ അന്ന് പറഞ്ഞിരുന്നില്ല.
മൂന്നു വര്‍ഷം മുമ്പാണ് അജീഷ് ആമിനയെ വിവാഹം ചെയ്തത്. ഇയാള്‍ ആമിനയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അജീഷിന് മറ്റൊരു പെണ്‍കുട്ടിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. സംഭവദിവസവും ഇതു സംബന്ധിച്ചു ഇരുവരും വഴക്കിട്ടിരുന്നതായി പറയുന്നു. സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ പ്രദേശവാസികള്‍ സംഘടിച്ച് ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിരിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 76 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക