|    Jun 25 Sun, 2017 5:44 pm
FLASH NEWS

യുവതിയുടെ മരണം കൊലപാതകമെന്ന് മാതാവ്

Published : 15th November 2016 | Posted By: SMR

കൊട്ടാരക്കര: ഓടനാവട്ടം-മുട്ടറ മേലൂട്ട് മേലേതില്‍ വീട്ടില്‍ ശരത് ചന്ദ്രന്റെ ഭാര്യ അമ്മു കൃഷ്ണന്റെ മരണം ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമായിരുന്നെന്നും അമ്മു കൃഷ്ണന്റെ മാതാവ് മുളവന പേരയം മുക്കില്‍ ചരുവിള പുത്തന്‍ വീട്ടില്‍ വനജ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവത്തിന് പിന്നില്‍ ഭര്‍തൃമാതാവും മകളുടെ ഭര്‍ത്താവുമാണെന്നും അവര്‍ ആരോപണം ഉന്നയിച്ചു. കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് വൈകീട്ട് 3.30 ഓടെയാണ് അമ്മു കൃഷ്ണന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതായി ശരത് ചന്ദ്രന്‍ ഫോണില്‍ വിവരം അറിയിക്കുന്നത്.
ഇവരെത്തുമ്പോഴേക്കും മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഈ ദിവസം രാവിലെ സന്തോഷവതിയായി മകള്‍ തന്നെ വിളിച്ചിരുന്നതായി വനജ പറയുന്നു. എന്തെങ്കിലും വിഷമമുള്ളതായി സൂചനയും നല്‍കിയിരുന്നില്ല.
ആത്മഹത്യ ചെയ്തു എന്ന് പറയുന്ന കിണര്‍ മൂടിയിട്ടുള്ളതായിരുന്നെന്ന് ഇവര്‍ പറയുന്നു. 2015 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം നടന്നത്.  ഇരുപത്തിയഞ്ച് പവന്‍ സ്വര്‍ണ്ണം നല്‍കിയാണ് വിവാഹം നടത്തിയത്.  വിവാഹശേഷം ഇതെല്ലാം അപ്രത്യക്ഷമായി. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ഇവയെല്ലാം വില്‍ക്കുകയോ പണയം വെയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഭര്‍തൃമാതാവ് അമ്മൂ കൃഷ്ണനെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിക്കുകയും ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളതായി മകള്‍ നേരത്തെ തന്നോട് പറഞ്ഞിട്ടുള്ളതായും വനജ പറയുന്നു. അന്വേഷണം അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നതായും മകള്‍ മരിച്ച ദുഖത്തില്‍ കഴിയുന്ന തന്നോട് ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പരുഷമായി പെരുമാറിയതായും  ഇവര്‍ പറഞ്ഞു.
സംഭവത്തില്‍ നീതിപൂര്‍വമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി, സംസ്ഥാന പോലിസ് മേധാവി, മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍ എന്നിവയ്ക്ക് പരാതി നല്‍കിയതായും വനജ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക