|    Dec 12 Wed, 2018 8:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതിയുടെ ദുരൂഹമരണം: ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്നാരോപിച്ച് മാതാപിതാക്കള്‍ രംഗത്ത്‌

Published : 25th November 2018 | Posted By: kasim kzm

കൊച്ചി: മകളുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്നാരോപിച്ച് പ്രവാസികളായ മാതാപിതാക്കള്‍ രംഗത്ത്. കഴിഞ്ഞ ആഗസ്ത് 28നാണ് പെരിയാര്‍ പുഴയില്‍ ആന്‍ലിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ഭര്‍ത്താവ് ജസ്റ്റിന്‍ മാത്യുവിനെതിരേ ആന്‍ലിയയുടെ മാതാപിതാക്കളായ ഹൈജിനസും ലീലാമ്മയുമാണു വാര്‍ത്താ സമ്മേളനം നടത്തിയത്.
മകളുടെ മരണത്തില്‍ ജസ്റ്റിന്‍ മാത്യുവിനും മാതാവിനുമെതിരേ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം നടത്തുന്ന ഗുരുവായൂര്‍ എസിപി ശിവദാസന്‍ മനപ്പൂര്‍വം അലംഭാവം കാട്ടുകയാണെന്നു ഹൈജിനസും ലീലാമ്മയും ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് മാതാപിതാകളുടെ ആവശ്യം. വിവാഹിതയും എട്ടുമാസം പ്രായമായ ആണ്‍കുഞ്ഞിന്റെ അമ്മയുമായ ആന്‍ലിയ മരിക്കുമ്പോള്‍ എംഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥിനിയായിരുന്നു. ബംഗളൂരുവില്‍ നടക്കുന്ന പരീക്ഷയില്‍ പങ്കെടുക്കാന്‍ ആന്‍ലിയയെ ഭര്‍ത്താവ് ജസ്റ്റിനാണ് ആഗസ്ത് 25ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുപോയി വിടുന്നത്. അന്നുതന്നെയാണു മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിന്‍ പോലിസിന് നല്‍കുന്നതും. 28ന് രാത്രി 10.40ന് നോര്‍ത്ത് പറവൂര്‍ വടക്കേകര പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള പെരിയാര്‍ പുഴയില്‍ നിന്ന് ആന്‍ലിയയുടെ മൃതദേഹം കിട്ടുന്നത്. പഠിക്കാനും മറ്റ് കലകളിലും മിടുക്കിയായ മകള്‍ കൃത്യമായ ലക്ഷ്യം ഉള്ളവളായിരുന്നു. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. മകളുടെ മരണ ശേഷം ലഭിച്ച പഴ്‌സനല്‍ ഡയറി, വരച്ച ചിത്രങ്ങള്‍, പരിസരവാസികള്‍ തങ്ങളോടു പറഞ്ഞ കഥകള്‍, ആന്‍ലിയ സഹോദരന് അയച്ച മെസേജുകള്‍ എന്നിവ പരിശോധിച്ചാല്‍ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്ന് മനസ്സിലാവും.
മരിക്കുന്നതിന് ഏതാനും നാള്‍ മുമ്പ് ഇത്തരത്തില്‍ ഒരുപദ്രവം ഉണ്ടായതിനെക്കുറിച്ച് മകള്‍ പോലിസിന് എഴുതിയ പരാതിയും മരണശേഷം മുറിയില്‍ നിന്ന് ലഭിച്ചു. ഇൗ തെളിവുകള്‍ സഹിതമാണ് പോലിസിന് പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണം ഒരിടത്തുമെത്തിയില്ല. മകള്‍ മരിച്ചതിന് ശേഷം ജസ്റ്റിനോ വീട്ടുകാരോ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നിട്ടില്ല. ആന്‍ലിയയുടെ മകന്‍ ജസ്റ്റിനൊപ്പമാണ് ഉള്ളത്. കു ട്ടിയെ കാണാന്‍ അനുവദിക്കുന്നില്ല. ഒരു സ്വകാര്യ വിവാഹബ്യൂറോ വഴി വന്ന ആലേചനയാണ് തൃശൂര്‍ അന്നകര സ്വദേശി ജസ്റ്റിന്‍ മാത്യുവിന്റേത്. അന്ന് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു ഇയാള്‍. എന്നാല്‍ വിവാഹ നിശ്ചയം കഴിഞ്ഞ് ഇയാള്‍ ജോലി ഉപേക്ഷിച്ചു. മകളുടെ മരണത്തിനു കാരണക്കാരായവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss