|    Mar 24 Sat, 2018 3:46 pm
FLASH NEWS

യുവതിയുടെ തിരോധാനവും വിദ്യാര്‍ഥിയുടെ ദുരൂഹ മരണവും; ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

Published : 14th January 2016 | Posted By: SMR

മലപ്പുറം: മുന്നിയൂര്‍ കുണ്ടംകടവിലെ യുവതിയുടെ തിരോധാനവും വിദ്യാര്‍ഥിയുടെ ദുരൂഹ മരണവും അന്വേഷിക്കുന്നതില്‍ പോലിസ് കാണിക്കുന്ന നിസംഗതക്കെതിരേ ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്.
വെള്ളക്കടവന്‍ ബഷീറിന്റെ മകളും ചെമ്മാട് സ്വകാര്യ കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായിരുന്ന ഇര്‍ഫാനയുടെ ദുരൂഹമരണത്തിലെ കുറ്റക്കാരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും പുത്തന്‍ പീടിയേക്കല്‍ അബ്ദുല്‍ അസീസിന്റെ മകളും കൊണ്ടോട്ടി ചെറുകാവ് പന്നിക്കോടന്‍ അബ്ദു മുബാറകിന്റെ ഭാര്യയുമായ ബല്‍ക്കീസ് ബീവിയുടെ തിരോധാനത്തിന് തുമ്പുണ്ടാക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരുന്നത്. രണ്ടു സംഭവങ്ങളും പ്രദേശത്തെ രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
2015 ഡിസംബര്‍ എട്ടിനാണ് ഇര്‍ഫാനയെ കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി ഒമ്പതുമണിവരെ വീട്ടില്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് 12 മണിയോടെ കാല്‍മുട്ടോളം വെള്ളമുള്ള പുഴയുടെ ഭാഗത്ത് ഇര്‍ഫാനയുടെ മൃതദേഹം പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു മുമ്പ് പെണ്‍ കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി 40 തവണ പെണ്‍കുട്ടിക്ക് ഫോണ്‍ ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. നിക്കാഹ് കഴിഞ്ഞ പെണ്‍കുട്ടിയുടെ ദുരൂഹമരണത്തിന് ഹേതുവായ സംഭവങ്ങളിലേക്ക് പോലിസിന്റെ അന്വേഷണം നീങ്ങിയില്ല.
പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.അന്വേഷണം ഇഴയുന്നത് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കും. കൊണ്ടോട്ടി ചെറുകാവിലെ ഭര്‍തൃവീട്ടില്‍ നിന്ന് 2015 ഒക്ടോബര്‍ 10നാണ് ബല്‍ക്കീസ് ബീവിയെ കാണാതാവുന്നത്. 30 പവന്‍ സ്വര്‍ണാഭരണവും കൊണ്ടാണ് ഭര്‍ത്താവ് വിദേശത്തുള്ള പെണ്‍കുട്ടി അപ്രത്യക്ഷയായത്. കൊണ്ടോട്ടി പോലിസിലും മലപ്പുറം ജില്ലാപോലിസ് മേധാവിക്കും പരാതി നല്‍കിയിട്ടും കണ്ടെത്താനായിട്ടില്ല.
ഒരു പ്രദേശത്തെ ആശങ്കയിലാക്കിയ രണ്ട് സംഭവങ്ങള്‍ക്കും തുമ്പുണ്ടാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ മന്ത്രി, ആഭ്യന്തര മന്ത്രി, എംഎല്‍എ എന്നിവര്‍ക്ക് നിവേദനം നല്‍കി. പോലിസ് കാണിക്കുന്ന നിസംഗത അവസാനിപ്പിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ ബന്ധുക്കളുമായി ചേര്‍ന്ന് നിരാഹാര സമരം അടക്കമുള്ളവ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മ്മാന്‍ ഹൈദര്‍ കെ മുന്നിയൂര്‍, കണ്‍വീനര്‍ എം സിദ്ദീഖ്, അഷ്‌റഫ് കളത്തിങ്ങല്‍ പാറ, പി പി ഹസക്കുട്ടി പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss