|    Feb 28 Tue, 2017 11:49 am
FLASH NEWS

യുവതിയും ഭര്‍ത്താവും കണ്ണീരുമായി മാധ്യമങ്ങള്‍ക്കു മുന്നില്‍; കൗണ്‍സിലറും കൂട്ടുകാരും കൂട്ടബലാല്‍സംഗം ചെയ്തു

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: കൂട്ടബലാല്‍സംഗത്തിന് ഇരയായ യുവതിയും ഭര്‍ത്താവും കണ്ണീരുമായി മാധ്യമങ്ങള്‍ക്കു മുമ്പാകെ. 2014ല്‍ നടന്ന സംഭവമാണ് യുവതി ഇപ്പോള്‍ വെളിപ്പെടുത്തിയത്. നീതി നല്‍കണമെന്നും ജീവനു ഭീഷണിയുണ്ടെന്നും കാണിച്ച് മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്കു പരാതി നല്‍കുമെന്നും യുവതി പറഞ്ഞു. കൂട്ടബലാല്‍സംഗത്തിനുശേഷം പെരുമാറ്റത്തിലും സ്വഭാവത്തിലും വന്ന മാറ്റത്തെ തുടര്‍ന്ന് ഭര്‍ത്താവ് നിരന്തരം ചോദിച്ചപ്പോഴാണ്, വീട്ടില്‍ പലപ്പോഴും ഭര്‍ത്താവിനൊപ്പമെത്തിയ സുഹൃത്തുക്കളായ നാലുപേര്‍ പീഡിപ്പിച്ച വിവരം പറയുന്നത്.
വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ പി എന്‍ ജയന്തന്‍, സഹോദരന്‍ ജനീഷ്, ബിനീഷ്, ഷിബു എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്ഥിരം മദ്യപാനിയാണ് ഭര്‍ത്താവ്. സംഭവദിവസം രാത്രി സുഹൃത്തുക്കള്‍ വീട്ടിലെത്തി ഭര്‍ത്താവിന് കുഴപ്പംപറ്റിയെന്നും ആശുപത്രിയില്‍ വരണമെന്നും പറഞ്ഞാണ് കാറില്‍ കയറ്റിക്കൊണ്ടുപോയത്.
എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴി മാറി കാര്‍ സഞ്ചരിച്ചപ്പോള്‍ താന്‍ ബഹളംവച്ചു. കൊടുങ്ങല്ലൂര്‍ ലൈറ്റ് ഹൗസ് ഭാഗത്തേക്കാണ് കാര്‍ പോയത്. സ്ഥലം കൃത്യമായി അറിയില്ല. ഇവിടെയൊരു കെട്ടിടത്തില്‍ വച്ചു നാലുപേരും മാറിമാറി പീഡിപ്പിച്ചു. തുടര്‍ന്ന് കാറില്‍ തന്നെ വീട്ടിലാക്കി. ആരോടും ഒന്നും പറഞ്ഞില്ല. പീഡനദൃശ്യം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ഇതു പരസ്യപ്പെടുത്തുമെന്നും ഭയപ്പെടുത്തിയത് കാരണവും മക്കളെയും ഭര്‍ത്താവിനെയും ഓര്‍ത്തുമാണ് ഒന്നും പുറത്തുപറയാതിരുന്നത്. എന്നാല്‍, ഇതിനുശേഷം മനസ്സമാധാനത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ല.
ഭര്‍ത്താവിനെയും മക്കളെയും നോക്കാന്‍ സാധിച്ചില്ല. കുടുംബജീവിതവും നയിക്കാന്‍ കഴിഞ്ഞില്ല. ഇതിനിടെ ഡീ അഡിക്ഷന്‍ സെന്ററില്‍ പോയിരുന്ന ഭര്‍ത്താവ് മദ്യപാനത്തില്‍നിന്ന് മുക്തി നേടി. തുടര്‍ന്ന് ഭാര്യയുടെ മാറ്റം കണ്ടു ചോദിച്ചപ്പോഴാണ് കൂട്ടബലാല്‍സംഗത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. വിവരം കൂട്ടുകാരോട് നേരിട്ടു തിരക്കിയപ്പോള്‍, തങ്ങള്‍ ഉപയോഗിച്ചവളെ താനെന്തിനാണ് ചുമന്നുകൊണ്ടുനടക്കുന്നതെന്നും ഒഴിവാക്കാനുമായിരുന്നു ഉപദേശം നല്‍കിയതെന്ന് ഭര്‍ത്താവ് പറഞ്ഞു.
നിരന്തരം പിന്തുടര്‍ന്ന് മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍, അവിടെ നിന്നും നീതി ലഭിച്ചില്ല. പീഡനം സഹിക്കവയ്യാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ വച്ചു കേസ് പിന്‍വലിച്ചു.
ജയന്തന്‍ തന്നില്‍നിന്ന് പലപ്പോഴായി മൂന്നരലക്ഷം രൂപ വാങ്ങിയിരുന്നു. വിവരം പുറത്തായതോടെ ഈ തുക നല്‍കാത്തതിന് കള്ളക്കേസ് നല്‍കുകയാണെന്നാണ് പീഡിപ്പിച്ചവര്‍ പ്രചരിപ്പിക്കുന്നതെന്നും യുവതി പറഞ്ഞു. മൂന്നരലക്ഷത്തിനു വേണ്ടി തന്റെ കുടുംബം തകര്‍ക്കുന്ന കഥയുണ്ടാക്കുമോയെന്നും യുവതി ചോദിച്ചു.
പീഡനവിവരം യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോട് വീട്ടിലെത്തി വെളിപ്പെടുത്തിയിരുന്നു. ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. യുവതിയും ഭര്‍ത്താവും കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുമ്പാകെ വെളിപ്പെടുത്താന്‍ തയ്യാറായി. ഭാഗ്യലക്ഷ്മി, നടി പാര്‍വതി എന്നിവരോടൊപ്പമാണ് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലെത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day