|    Dec 14 Fri, 2018 3:17 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുവതികള്‍ക്കു നേരെ നാമജപ പ്രതിഷേധം

Published : 20th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമല ദര്‍ശനത്തിനൊരുങ്ങിയ യുവതികള്‍ വാര്‍ത്താസമ്മേളനത്തിനെത്തിയപ്പോള്‍ നേരിട്ടത് കടുത്ത പ്രതിഷേധം. ശബരിമല വിഷയത്തില്‍ പുതിയ നിലപാട് വ്യക്തമാക്കാനാണ് യുവതികള്‍ എറണാകുളം പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്. യുവതികള്‍ എത്തുന്നതറിഞ്ഞ് പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ മണിക്കൂറുകളോളം പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനിന്നിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.15ന് വാര്‍ത്താസമ്മേളനമുണ്ടെന്ന് അറിയിച്ചെങ്കിലും ഏറെ വൈകിയാണു യുവതികള്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രസ്‌ക്ലബ്ബിലെത്തിയത്. അപ്പോഴേക്കും പ്രസ്‌ക്ലബ്ബിനു താഴെ നാമജപ പ്രതിഷേധം തുടങ്ങിയിരുന്നു. അധികം വൈകാതെ സെന്‍ട്രല്‍ സ്‌റ്റേഷന്‍ സിഐ എ അനന്തലാലിന്റെ നേതൃത്വത്തില്‍ എആര്‍ ക്യാംപില്‍ നിന്നുള്ള പോലിസും വനിതാ പോലിസും സ്ഥലത്തെത്തി. നാമജപപ്രതിഷേധക്കാരുടെ മുന്നിലായി പോലിസും നിലയുറപ്പിച്ചു. പ്രതിഷേധത്തിനിടയിലൂടെയാണ് പോലിസ് യുവതികളെ പ്രസ്‌ക്ലബ്ബിലേക്കു കടത്തിവിട്ടത്. രണ്ടുമണിയോടെ വാര്‍ത്താസമ്മേളനം കഴിഞ്ഞു യുവതികള്‍ പുറത്തിറങ്ങാന്‍ സമയമായതോടെ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. പ്രാദേശിക ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ നാമജപ പ്രതിഷേധം കൂടുതല്‍ ശക്തമായി.
എആര്‍ ക്യാംപില്‍ നിന്നു കൂടുതല്‍ പോലിസെത്തുകയും അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം യുവതികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പ്രസ്‌ക്ലബ് റോഡ് ആരംഭിക്കുന്നിടത്തുവരെ സംരക്ഷണം ഉറപ്പാക്കുമെന്നു പോലിസ് പറഞ്ഞതോടെ സുരക്ഷാവലയത്തില്‍ വനിതകള്‍ പുറത്തേക്കിറങ്ങി. ഇതിനിടയില്‍ പ്രതിഷേധവുമായി ഏതാനും പ്രവര്‍ത്തകര്‍ യുവതികളുടെ പിന്നാലെയെത്തി.യുവതികള്‍ വ്രതം അവസാനിപ്പിച്ച് മാല ഊരണമെന്നായിരുന്നു ഇവരുടെ ആവശ്യം. ശബരിമലയില്‍ യുവതികള്‍ ഉടന്‍ പോവില്ലെന്ന് പോലിസ് പ്രതിഷേധക്കാരെ അറിയിച്ചു.
തുടര്‍ന്ന് സെന്റ് തെരേസാസ് കോളജിനു മുന്നില്‍ ഓട്ടോ നിര്‍ത്തിച്ച് പോലിസ് യുവതികളെ അതില്‍ കയറ്റി വിട്ടു. നേരത്തേ വാര്‍ത്താസമ്മേളനത്തിനായി യുവതികള്‍ എത്തുന്നതറിഞ്ഞ് നോര്‍ത്ത്, സൗത്ത് റെയില്‍വേ സ്റ്റേഷനുകളില്‍ പ്രതിഷേധക്കാര്‍ കാത്തുനിന്നെങ്കിലും ഏത് സ്റ്റേഷനാണെന്ന് വ്യക്തമാവാതെ വന്നതോടെ അവിടെ വച്ച് തടയണമെന്ന പദ്ധതി പാളുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss