|    Oct 17 Wed, 2018 12:44 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

യുവതികളുടെ മര്‍ദനമേറ്റ ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്

Published : 27th September 2017 | Posted By: fsq

 

കൊച്ചി: പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ യൂബര്‍ ടാക്‌സി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച മൂന്ന് യുവതികള്‍ക്കെതിരേ നിസ്സാരവകുപ്പുകള്‍ മാത്രം ചുമത്തി കേസെടുത്ത പോലിസ്, മര്‍ദനത്തിനിരയായ ടാക്‌സി ഡ്രൈവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകള്‍. പോലിസ് നടപടിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധ ട്രോളുകള്‍.  ഡ്രൈവറെ അടിച്ച് തലപൊട്ടിച്ച സ്ത്രീകള്‍ക്ക് സ്റ്റേഷന്‍ ജാമ്യം; അടി കൊണ്ട ഡ്രൈവര്‍ക്കെതിരേ ജാമ്യമില്ല കേസ്, ഡ്രൈവറെ മര്‍ദിച്ചത് ആരാ..സ്ത്രീകള്‍. ഡ്രൈവറുടെ മാനം കളഞ്ഞതാരാ.. സ്ത്രീകള്‍. അപ്പോള്‍ കേസ് ആര്‍ക്കാ  അത് ഡ്രൈവര്‍ക്ക്, ആക്രമിക്കപ്പെടുമ്പോള്‍ ഡ്രൈവര്‍ നിലവിളിച്ച് ശബ്ദമലിനീകരണം ഉണ്ടാക്കിയത് തെറ്റല്ലേ…അടിവസ്ത്രം വലിച്ചുകീറിയപ്പോള്‍ പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിച്ചത് തെറ്റല്ലേ.., ഡ്രൈവറെ സ്ത്രീകള്‍ മര്‍ദിക്കുന്ന സമയത്ത് അതുവഴി പോയവര്‍ക്കെതിരേ കൂടി കേസ് എടുത്താല്‍ എല്ലാം തൃപ്തിയാവും. എന്നിങ്ങനെ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  സംസ്ഥാനത്തെ തന്നെ ഏറ്റവും തിരക്കേറിയ വൈറ്റില ജങ്ഷനില്‍ നിരവധിയാളുകള്‍ നോക്കി നില്‍ക്കേ നടന്ന സംഭവമായിട്ടും യുവതികള്‍ ഡ്രൈവ റെ മര്‍ദിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടും യുവതികള്‍ക്കെതിരേ നിസ്സാര വകുപ്പ് മാത്രമാണ് പോലിസ് ചുമത്തിയത്. യുവതികളെ അറസ്റ്റ് ചെയ്ത പോലിസ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഇതിനെതിരേ അന്നു തന്നെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.  സംഭവത്തിനെതിരേ കുമ്പളം നിവാസികള്‍ പോലിസ്—സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. ഉന്നത ഇടപെടലിനെ തുടര്‍ന്നാണ് യുവതികളെ നിസ്സാര വകുപ്പ് മാത്രം ചുമത്തി ജാമ്യത്തി ല്‍ വിട്ടയച്ചതെന്നും ആക്ഷേപമുണ്ട്.  സംഭവത്തോടെ മാനസികമായി തകര്‍ന്നിരിക്കുകയാണ് താനെന്ന് മര്‍ദനത്തിനിരയായ ഷെഫീഖ് പറഞ്ഞു. സ്‌കൂളില്‍ പോവുമ്പോള്‍ തന്റെ മകളെപ്പോലും  മറ്റു കുട്ടികള്‍ കളിയാക്കുകയാണ്. വീട്ടിനുള്ളില്‍ച്ചെല്ലാന്‍ കഴിയുന്നില്ല. യാതൊരു പ്രകോപനവുമില്ലാതെ മൂന്നുപേര്‍ ചേര്‍ന്ന് കരണത്തടിച്ചു. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുമ്പ് ഉടുമുണ്ടും അടിവസ്ത്രവും അവര്‍ വലിച്ചുകീറി. നൂറുകണക്കിനാളുകള്‍ക്കുമുമ്പില്‍ കൈകള്‍കൊണ്ടു നാണം മറയ്‌ക്കേണ്ടി വന്ന ദുരനുഭവം ഇനിയൊരാള്‍ക്കുമുണ്ടാവരുതേയെന്നാണ് തന്റെ പ്രാര്‍ഥന. രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ ജീവന് യാതൊരു സംരക്ഷണവുമില്ല. ഇക്കാര്യത്തില്‍ കര്‍ക്കശമായ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവണമെന്നാണ് ഷെഫീക്കിന്റെ ആവശ്യം. ഗുരുതരമായി പരിക്കേറ്റ ഷെഫീഖ് കഴിഞ്ഞദിവസം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായതിനു പിന്നാലെയാണ് ഷെഫീഖിനെതിരേ കേസെടുത്തിരിക്കുന്നത്. യുവതികള്‍ ഷെഫീഖിനെ മര്‍ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കണ്ണൂര്‍ ആലക്കോട് സ്വദേശിനികളായ ഏയ്ഞ്ചല്‍ ബേബി (30), ക്ലാര സിബിന്‍ (27), പത്തനംതിട്ട സ്വദേശിനി ഷീജ(30) എന്നിവരാണ് ഷെഫീഖിനെ മര്‍ദിച്ചത്. വൈറ്റില ജങ്ഷനില്‍ നാട്ടുകാരും വ്യാപാരികളും ട്രാഫിക് പോ ലിസും നോക്കി നില്‍ക്കെയായിരുന്നു മര്‍ദനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss