|    Oct 23 Tue, 2018 7:11 pm
FLASH NEWS
Home   >  Editpage  >  Article  >  

യുവജന കലോല്‍സവം ഒരു മാഫിയാ വിളയാട്ടം!

Published : 11th December 2017 | Posted By: kasim kzm

പി എ എം ഹനീഫ്

ഡിസംബര്‍ 9. പാര്‍ട്ടി ദിനപത്രങ്ങളിലൊന്ന് മുന്നില്‍ വച്ചാണ് ഈയാഴ്ച ‘വെട്ടും തിരുത്തും’ തയ്യാറാക്കുന്നത്. കലോല്‍സവങ്ങള്‍ തുടങ്ങിയ നാള്‍ മുതല്‍ ആ പത്രത്തിനാണ് കലോല്‍സവ വിവരങ്ങള്‍ അറിയാന്‍ ഞാന്‍ കണ്ണും കാതും കൊടുത്തത്. യേശുദാസും ജയചന്ദ്രനുമൊക്കെ മല്‍സരിച്ച് പാട്ടിലും മൃദംഗത്തിലും ഒന്നാംസ്ഥാനം നേടിയ ആ പഴയ മോഹനകാലമൊക്കെ യുവജനോല്‍സവ പന്തലുകള്‍ക്ക് അന്യമായി.  യുഡിഎഫ് ഭരണത്തില്‍ മുസ്്‌ലിം ലീഗാണ് കലോല്‍സവം നിയന്ത്രിക്കുക. യൂത്ത് ലീഗും എംഎസ്എഫുമൊക്കെ തങ്ങള്‍ക്ക് തോന്നുംപടി കലോല്‍സവം നടത്തും. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് അലങ്കോലങ്ങളുടെ വെടിക്കെട്ടുകളായിരുന്നു റവന്യൂ ജില്ലാ മല്‍സരങ്ങള്‍ മുതല്‍ സംസ്ഥാന കലോല്‍സവ വേദി വരെ. ഇന്നിപ്പോള്‍ തികച്ചും മാന്യനെന്ന് കുത്തക പത്രങ്ങള്‍ അടിച്ചുവിടുന്ന പ്രഫ. രവീന്ദ്രനാഥാണ് കലോല്‍സവമേളയുടെ ഹെഡ്. ‘തേജസ്’ ലോക്കല്‍ ഡെസ്‌ക്കിലിരുന്ന് മുഴുവന്‍ ജില്ലാ കലോല്‍സവങ്ങളും ഭൂതക്കണ്ണാടി വച്ച് നിരീക്ഷിച്ചു. പാര്‍ട്ടി പത്രത്തിനു പുറമേ മറ്റു പത്രങ്ങളും ആസകലം പഠിച്ചു വായിച്ചു. ഡിസംബര്‍ 9ന്റെ പാര്‍ട്ടി ജിഹ്വ പ്രത്യേകം ഉദ്ധരിക്കാന്‍ കാരണമുണ്ട്. ഭക്ഷണ കമ്മിറ്റിക്ക് അനുമോദനം എന്ന ഒറ്റ സ്‌റ്റോറി മതി പത്രം സത്യമല്ല എഴുതിവിട്ടതെന്നു തെളിയാന്‍. കുറേ പാര്‍ട്ടിപ്രവര്‍ത്തകരുടെ പേര് അച്ചടിച്ച് അഞ്ചുദിവസവും രുചികരമായ ഭക്ഷണം നല്‍കി എന്നാണ് എഴുതിയിരിക്കുന്നത്. ഭക്ഷണകമ്മിറ്റിക്ക് അനുമോദനം എന്ന് അച്ചടിക്കുമ്പോള്‍ പരിപാടി കഴിഞ്ഞ് തളര്‍ന്നെത്തുന്ന മല്‍സരാര്‍ഥികള്‍ക്ക് പച്ചവെള്ളം പോലും നല്‍കാന്‍ കഴിയാതെ നെട്ടോട്ടമോടിയ സംഭവം വരെ ഉണ്ടായി. എറണാകുളം ജില്ലാ കലോല്‍സവം നടന്ന മൂവാറ്റുപുഴയില്‍ ഒരു പിതാവ് മല്‍സരത്തില്‍ ഗ്രേഡ് ലഭിക്കാതിരുന്ന മകളെ വേദിയില്‍ കയറി വലിച്ചെറിഞ്ഞു കൊല്ലാന്‍ വരെ തയ്യാറായി. കാരണം, കോഴ വാങ്ങിച്ച് ‘മജിസ്‌ട്രേറ്റുമാര്‍’ ആ മകളുടെ പ്രകടനത്തെ അഗണ്യകോടിയില്‍ തള്ളി. മക്കള്‍ മല്‍സരിക്കുന്നിടത്ത് വിധികര്‍ത്താക്കളുടെ വായില്‍ നോക്കി അശ്ലീലം കാട്ടുന്ന മാതാപിതാക്കള്‍, അധ്യാപക യൂനിയന്‍ നേതാക്കള്‍ എന്നുവേണ്ട ‘മജിസ്‌ട്രേറ്റുമാരെ’ കീശയിലാക്കാന്‍ ഉടുതുണി, സ്‌പ്രേ, കറന്‍സി, ഖത്തറിലേക്ക് ത്രൈമാസ വിസ വരെ ഇക്കുറി വാഗ്ദാനം ചെയ്യപ്പെട്ടു. സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന 15 ലക്ഷത്തില്‍ നിന്ന് അഞ്ചു ലക്ഷവും തട്ടിപ്പറിക്കുന്നത് വിധികര്‍ത്താക്കളാണ്. സംസ്ഥാനാടിസ്ഥാനത്തില്‍ അതൊരു ഗൂഢസംഘമാണ്. യൂനിയന്‍കാരായ അധ്യാപഹയരുടെയും പുകസക്കാരായ വിദ്വാന്മാരുടെയും ഒത്താശയും ഉണ്ടാവും. കഴിവുള്ളവര്‍ തന്നെയാണ് വിധികര്‍ത്താക്കളായി വരുന്നത്. പക്ഷേ, കൊച്ചു മക്കളുടെ നെടുനാളത്തെ അധ്വാനഫലവും പ്രതിഭയും മനസ്സിലാക്കാതെ, സ്റ്റേജില്‍ എന്താണു സംഭവിച്ചതെന്ന് നൂറുശതമാനം മനസ്സിലാക്കാതെ തോന്നിയപടി മാര്‍ക്കിടുക. മാനവും മര്യാദയുമുള്ള ഒരു വിധികര്‍ത്താവ് ഈ ഗൂഢസംഘത്തില്‍പ്പെട്ടാല്‍ കെണിഞ്ഞതു തന്നെ. എങ്ങനെയെങ്കിലും കലോല്‍സവ സീസണില്‍ കുറച്ചു കാശുണ്ടാക്കുക. അതുപയോഗിച്ച് കാന്‍സര്‍ സെന്ററുകളില്‍ ക്യൂ നില്‍ക്കുക. ഇത്തവണ സംസ്ഥാനമൊട്ടുക്ക് ‘മജിസ്‌ട്രേറ്റുമാരെ’ സംബന്ധിച്ചു നടത്തിയ അന്വേഷണത്തില്‍ നല്ലൊരു വിഭാഗം കാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി ചികില്‍സയ്ക്ക് കാശുണ്ടാക്കാന്‍ വരുന്നവരാണ്. മല്‍സരിക്കുന്ന കുട്ടികളുടെ ശാപം ഏഴു തലമുറയോളം ദീര്‍ഘിക്കുമെന്നതിനാല്‍ ജഡ്ജ്‌മെന്റ് കൂലി ഏത് ആശുപത്രിയില്‍ ചെലവിട്ടാലും ഗുണം കിട്ടുകയില്ല. പലിശക്കാശിനേക്കാള്‍ ഒട്ടും മോശമല്ല കൈക്കൂലിക്കാശ്.  ചുരുക്കത്തില്‍ കടുത്തുരുത്തിയില്‍ ചാക്യാര്‍കൂത്ത് ഒഴിവാക്കി. കല്‍പറ്റയില്‍ വിധികര്‍ത്താക്കള്‍ ചെസ്റ്റ് നമ്പര്‍ തെറ്റിച്ച് സമ്മാനവിവരം തന്നെ തെറ്റായി പ്രഖ്യാപിച്ചു. അഷ്ടപദി മല്‍സരത്തിന് സോപാന സംഗീതവും സംസ്‌കൃത ഭാഷയില്‍ പ്രാവീണ്യവും ശാസ്ത്രീയസംഗീതത്തില്‍ തിരിച്ചറിവെങ്കിലും വേണമെന്നിരിക്കെ ഏതെങ്കിലും ജില്ല, കലോല്‍സവ മാന്വലിലെ ഈ നിര്‍ദേശം നടപ്പാക്കിയോ? മാന്വലില്‍ പറയുന്ന യോഗ്യതയുള്ളവര്‍ ഇക്കാലം കേരളത്തില്‍ ഇല്ലതാനും.കലാമണ്ഡലത്തിനും അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമയ്ക്കും അവിടത്തെ പഠിതാക്കള്‍ക്കും ഇത്തിരി വരുമാനം എന്ന നിലയ്ക്കാണ് അവരില്‍ മിടുക്കരെ വിധികര്‍ത്താക്കളാക്കുന്നത്. ക്ലാസിക്കല്‍ നൃത്തരൂപങ്ങളും ആധുനിക സ്റ്റൈല്‍ നാടകങ്ങളും പ്രൊസീനിയം അരങ്ങില്‍ അവതരിപ്പിക്കുമ്പോള്‍ ശാസ്ത്രം പഠിച്ച സ്‌കൂള്‍ ഓഫ് ഡ്രാമ കുട്ടികളും (ഇവര്‍ നിത്യദാരിദ്ര്യക്കാരാണേ) ഇരിക്കട്ടെ എന്ന സദ്‌വിചാരം ആഘോഷക്കമ്മിറ്റിക്കുണ്ടായിട്ടും ഫലം നാസ്തി! കലാമണ്ഡലത്തിലെ ചില ആര്‍ത്തിപ്പണ്ടാരങ്ങള്‍ ഇത്തിരി കാശിന് എന്തതിക്രമവും കാട്ടിയെന്നതാണ് റവന്യൂ കലോല്‍സവങ്ങളിലെ മെയിന്‍ വിശേഷം!          ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss