|    Jul 24 Mon, 2017 10:21 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി നിയമസഭയില്‍ സ്‌ഫോടകവസ്തു : കേസ് അന്വേഷണം എന്‍ഐഎക്ക്

Published : 15th July 2017 | Posted By: fsq

 

ലഖ്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയില്‍ നിന്ന് അത്യുഗ്രശേഷിയുള്ള പ്ലാസ്റ്റിക് സ്‌ഫോടകവസ്തു കണ്ടെടുത്തു. സ്‌ഫോടകവസ്തു കടലാസില്‍ പൊതിഞ്ഞ നിലയില്‍ പ്രതിപക്ഷ നേതാവ് രാംഗോവിന്ദ് ചൗധരിയുടെ ഇരിപ്പിടത്തിനടുത്തു നിന്നാണ് കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയെ അറിയിച്ചു. സംഭവം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. ജൂലൈ 12നായിരുന്നു ശുചീകരണ തൊഴിലാളികള്‍ കടലാസില്‍ പൊതിഞ്ഞ നിലയില്‍ വെളുത്ത നിറത്തിലുള്ള പൊടി കണ്ടെടുത്തത്. ഫോറന്‍സിക് പരിശോധനയിലാണ് അത്യുഗ്ര ശേഷിയുള്ള പ്ലാസ്റ്റിക് സ്‌ഫോടകവസ്തുവായ പെന്റേരിത്രൈറ്റോള്‍ ടെട്രാനൈട്രേറ്റ് (പിഇടിഎന്‍)ആണിതെന്നു കണ്ടെത്തിയത്.  ആദ്യം രാസവസ്തുവാണെന്നാണ് കരുതിയിരുന്നതെന്നും ഫോറന്‍സിക് പരിശോധനയ്ക്കു ശേഷമാണ് സ്‌ഫോടകവസ്തുവാണെന്നത് തെളിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെത്തിയ സ്‌ഫോടകവസ്തുവിന് 150 ഗ്രാം തൂക്കമുണ്ട്. 500 ഗ്രാം പിഇടിഎന്‍ ഉപയോഗിച്ചാല്‍ നിയമസഭാ മന്ദിരം പൂര്‍ണമായി തകര്‍ക്കാന്‍ സാധിക്കുമെന്ന് വിദ്ഗധര്‍ പറഞ്ഞു. നിയമസഭയുടെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്നും ഇതിനു പിന്നില്‍ തീവ്രവാദ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് പുറത്തുകൊണ്ടുവരുന്നതിനായാണ് അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിക്കുന്നതെന്നും ആദിത്യനാഥ് വ്യക്തമാക്കി. ദേശീയ അന്വേഷണ ഏജന്‍സിക്ക് ഈ അന്വേഷണം കൈമാറാന്‍ എല്ലാ കക്ഷികള്‍ക്കും സമ്മതമാണെന്നു സ്പീക്കര്‍ വ്യക്തമാക്കി. സ്‌ഫോടകവസ്തു കണ്ടെത്തിയതിനെതുടര്‍ന്ന് നിയമസഭയില്‍ നിരവധി സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിയമസഭാ മന്ദിരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളിലും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിക്കും. പരിശോധനയ്ക്കായി സ്‌കാനറും തയ്യാറാക്കും. എംഎല്‍എമാര്‍ക്കും പ്രതിനിധികള്‍ക്കും നല്‍കിയ പ്രവേശന പാസുകള്‍ പിന്‍വലിക്കുകയും ഇനിമുതല്‍ എംഎല്‍എമാര്‍ക്കു മാത്രം ഒറ്റ പാസ് എന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക