|    Oct 22 Sun, 2017 9:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

യുപി തിരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ ബിജെപിക്ക് കീറാമുട്ടിയാവുന്നു

Published : 27th August 2016 | Posted By: SMR

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ ബിജെപിക്ക് കീറാമുട്ടിയാവുന്നു. ഇതോടെ, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കണമെന്നറിയാന്‍ ബിജെപിയും ആര്‍എസ്എസും വെവ്വേറെ സര്‍വേ നടത്തുകയാണിപ്പോള്‍. ശക്തമായ ചതുഷ്‌കോണ മല്‍സരം നടക്കുന്ന സംസ്ഥാനത്ത് ബിജെപി ഇതുവരെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയോ പ്രചാരണം തുടങ്ങുകയോ ചെയ്തിട്ടില്ല.
മുന്‍ മുഖ്യമന്ത്രി മായാവതിയുടെ നേതൃത്വത്തില്‍ ബിഎസ്പി തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലാണ് സമാജ്‌വാദി പാര്‍ട്ടി പോര്‍ക്കളത്തിലിറങ്ങുന്നത്. കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെയാണ്. അതേസമയം, മുന്‍ യുപി മുഖ്യമന്ത്രിയും നിലവിലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്‌നാഥ് സിങിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനാണ് ആര്‍എസ്എസിന് താല്‍പര്യം. എന്നാല്‍, രാജ്‌നാഥ് ഇതിന് തയ്യാറല്ലെന്നാണ് റിപോര്‍ട്ടുകള്‍. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ള മറ്റൊരാള്‍ ബയ്യാജി ജോഷിയാണ്. ഇദ്ദേഹവുമായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
നേരത്തെ മറ്റു സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തി യുപിയില്‍ കളിക്കാന്‍ ഇറങ്ങില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട ബിഹാറില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയമാണ് ഇതിന് കാരണം.
പിന്നാക്കക്കാരെയും സവര്‍ണ ഹിന്ദുക്കളെയും ആകര്‍ഷിക്കുന്ന നേതാവിനെ കണ്ടെത്തുകയെന്ന വന്‍ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിക്കാത്തതു മൂലം ബിജെപി ഇതുവരെ പ്രചാരണം തുടങ്ങിയിട്ടില്ല. എസ്പിയും, ബിഎസ്പിയും കോണ്‍ഗ്രസ്സും വളരെ നേരത്തെ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് അമിത് ഷായ്ക്ക് ആയിരുന്നു ഉത്തര്‍പ്രദേശിന്റെ ചുമതല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80ല്‍ 71 സീറ്റുകളിലും ബിജെപി ജയിച്ചിരുന്നെങ്കിലും അദ്ദേഹം പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടതാണ് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ബിജെപിയെ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ബിജെപിയുടെ സംസ്ഥാന ഘടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താലാണ് യുപിയിലെ സംഘപരിവാര പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറ്റവും സ്വധീനമുള്ള നേതാവിനെ കണ്ടെത്താനായി ബിജെപിയും ആര്‍എസ്എസും പ്രത്യേകം സര്‍വേ നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക