|    Dec 11 Tue, 2018 8:25 am
Home   >  News now   >  

യുപി ജയിലില്‍ ഗുരുതര കുറ്റം ചുമത്തപ്പെട്ട് ദലിത് ബാലന്‍മാര്‍

Published : 6th June 2018 | Posted By: kasim kzm

മീറത്ത്: യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ദലിതുകള്‍ക്കെതിരായ വിവേചനവും അതിക്രമവും തുടര്‍ക്കഥ. ഗുരുതര കുറ്റങ്ങള്‍ ചുമത്തി 12 വയസ്സു വരെ പ്രായമുള്ള ദലിത് ബാലന്‍മാരെ ജയിലിലടച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. 15 വയസ്സില്‍ താഴെ പ്രായമുള്ള അഭിഷേക്, സചിന്‍, അജയ് എന്നിവര്‍ കഴിഞ്ഞ രണ്ടുമാസമായി ജയിലില്‍ കിടക്കുന്നതിന്റെ വിവരങ്ങള്‍ ‘ദി വയര്‍’ ആണു പുറത്തുവിട്ടത്. ദലിത് അതിക്രമവിരുദ്ധ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന സുപ്രിംകോടതി ഉത്തരവിനെതിരേ ഏപ്രില്‍ 2നു നടന്ന ഭാരത് ബന്ദുമായി ബന്ധപ്പെട്ടാണ് മീറത്ത് ജില്ലയില്‍ നിന്നുള്ള നിരവധി ദലിത് ബാലന്‍മാരെ പോലിസ് പിടികൂടിയത്. പലരെയും പ്രായം കൂട്ടിയെഴുതിയാണ് കൊലപാതകം, കൊള്ള, കൊള്ളിവയ്പ് തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചാര്‍ത്തി ജയിലില്‍ തള്ളിയതെന്ന് കുടുംബം ആരോപിക്കുന്നു.
15 വയസ്സുള്ള സചിന്‍ മീറത്തിലെ സെന്റ് ദേവാശ്രം സ്‌കൂളില്‍ വിദ്യാര്‍ഥിയാണ്. ഏപ്രില്‍ 2നാണ് പോലിസ് സചിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, പോലിസ് രേഖകളില്‍ 20 വയസ്സാണ് സചിന്. കൊലപാതകം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി രണ്ടുമാസമായി മകന്‍ ജയിലിലാണെന്ന് പിതാവ് ധരംവീര്‍ സിങും 60 വയസ്സുള്ള മാതാവ് രാമേശ്വരിയും പറയുന്നു. മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനാണു സചിന്‍. അധ്യാപകനോട് കോച്ചിങ് ക്ലാസിനെക്കുറിച്ച് സംസാരിക്കാന്‍പോയ സമയത്താണ് പോലിസ് അവനെ പിടികൂടിയത്. യാദവനാണോ ചമാര്‍ (ദലിത് വിഭാഗത്തില്‍പ്പെടുന്ന ജാതി) ആണോ എന്ന് അന്വേഷിച്ചശേഷമായിരുന്നു പോലിസ് അറസ്റ്റ് ചെയ്തതെന്ന് ധരംവീര്‍ പറയുന്നു. ദലിത് വിഭാഗത്തില്‍പ്പെട്ടു എന്നതു മാത്രമാണ് മകന്‍ ചെയ്ത തെറ്റ്. 3000-4000 രൂപയാണ് തന്റെ കുടുംബത്തിന്റെ മാസവരുമാനം. മകന്‍ പഠിച്ച്  നല്ലനിലയിലെത്തിയാല്‍ കുടുംബത്തിന് തുണയാവുമെന്നു കരുതിയിരുന്നു. എന്നാല്‍, ജീവിതകാലം മുഴുവന്‍ അവനെ ജയിലിലിട്ട് വിദ്യാഭ്യാസം തകര്‍ക്കാനാണ് അധികാരികളുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ആധാര്‍ കാര്‍ഡിലും സചിന്റെ ജനന തിയ്യതി 2003 ആഗസ്ത് 25 ആണ്. എന്നാല്‍, റിമാന്‍ഡ് റിപോര്‍ട്ടില്‍ പോലിസ് സചിന് നല്‍കിയിരിക്കുന്ന പ്രായം 20 ആണ്. എല്ലാ രേഖകളും ഹാജരാക്കിയിട്ടും സചിന്‍ ജുവനൈ ല്‍ ആണെന്നു സമ്മതിക്കാന്‍ പോലിസ് തയ്യാറായില്ല.
കല്യാണ്‍ഗഡിലെയും സരൈക്കാസിയിലെയും ദലിത് ക്വാര്‍ട്ടേഴ്‌സുകളിലുള്ള ഓരോ കുടുംബത്തിലെയും മകനോ സഹോദരനോ ഒക്കെ ഏപ്രില്‍ 2ലെ ബന്ദുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നുണ്ട്. ഭിന്നശേഷിക്കാരിയായ രോഷ്‌നിയുടെ മകന്‍ അജയിന് 14 വയസ്സാണു പ്രായം. ഭര്‍ത്താവ് നേരത്തേ മരിച്ചു. ഏപ്രില്‍ 2ന് മരുന്നു വാങ്ങാന്‍ പോയ അജയ് പിന്നീട് തിരിച്ചുവന്നിട്ടില്ലെന്ന് രോഷ്‌നി പറഞ്ഞു. പോലിസ് അജയിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍പോലും തയ്യാറാവുന്നില്ല. ദിവസങ്ങള്‍ക്കു ശേഷമാണ് മകനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ സാധിച്ചത്. ഒരു മരത്തിനു കീഴിലിരുന്ന് കരയുകയായിരുന്ന അവന്‍, തന്നെ എത്രയും പെട്ടെന്ന് പുറത്തിറക്കണമെന്ന് അപേക്ഷിക്കുകയാണ്.
ജയിലില്‍ കിടക്കുന്ന അഭിഷേകിന് പ്രായം 12. 35 വയസ്സുള്ള സുന്ദരിയുടെ മകനാണ്. ഏപ്രില്‍ 2ന് സമീപത്തുള്ള ചൗധരി ചരണ്‍ സിങ് യൂനിവേഴ്‌സിറ്റിക്കു സമീപം വെള്ളം കുടിക്കാന്‍ പോയതായിരുന്നു അഭിഷേക്. അവിടെയെത്തിയ പോലിസ് ജാതി ചോദിച്ചാണ് അഭിഷേകിനെ പിടികൂടിയത്. മകനെ പിടികൂടിയത് എന്തു കുറ്റത്തിനാണെന്ന് ഇപ്പോഴും അറിയില്ലെന്ന് സുന്ദരി പറയുന്നു.
ആധാര്‍ കാര്‍ഡ് പ്രകാരം മൂന്നു കുട്ടികളും ജുവനൈലാണ്. എന്നാല്‍, എഫ്‌ഐആറില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെതിരേ ഒരേ രൂപത്തിലുള്ള കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്. കലാപം, സര്‍ക്കാര്‍ ഓഫിസുകള്‍ ആക്രമിക്കല്‍, കൊലപാതകശ്രമം, കൊള്ള, സമാധാനഭംഗം വരുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്കു പുറമേ കുറേക്കൂടി ഗുരുതരമായ പൊതുസ്വത്ത് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളും കുട്ടികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
12 വയസ്സുള്ള കുട്ടികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ എങ്ങനെ ചുമത്താനാവുമെന്ന് അഭിഭാഷകന്‍ സതീഷ്‌കുമാര്‍ ചോദിക്കുന്നു. പോലിസ് ദലിത് വിഭാഗത്തില്‍പ്പെട്ടവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാവുന്നത്. ബിജെപിയും ആര്‍എസ്എസും പോലിസും ജുഡീഷ്യറിയുമായി ചേര്‍ന്ന് നിരപരാധികളെ കുടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എഫ്‌ഐആറില്‍ കുട്ടികളുടെ ജാതി രേഖപ്പെടുത്തിയത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 2നു നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത മേല്‍ജാതിക്കാരെ മുഴുവന്‍ അധികം വൈകാതെ വിട്ടയച്ചതായി സാമൂഹികപ്രവര്‍ത്തകനും ദലിത് നേതാവുമായ സുശീല്‍ ഗൗതം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss