|    Apr 21 Sat, 2018 9:56 am
FLASH NEWS
Home   >  Editpage  >  Lead Article  >  

യുപിയും മോദിയുടെ ഭാവിയും

Published : 6th January 2017 | Posted By: fsq

NP-Chekkuty
സാധാരണ ജനങ്ങളുടെ മനസ്സ് അറിയാന്‍ എന്താണൊരു മാര്‍ഗം? ജ്യോല്‍സ്യന്മാര്‍ മുതല്‍ തിരഞ്ഞെടുപ്പു വിശകലന വിദഗ്ധന്മാര്‍ വരെയും കംപ്യൂട്ടര്‍ വിദ്വാന്‍മാര്‍ മുതല്‍ മാര്‍ക്കറ്റ് സര്‍വേ ഏജന്റുമാര്‍ വരെയും പല പരീക്ഷണങ്ങളും ഈ രംഗത്തു നടത്തുന്നുണ്ട്. പണ്ടൊരാള്‍ ചക്കയിട്ട നേരത്ത് മുയലിനെ കിട്ടി എന്നു പറഞ്ഞമാതിരി ചില നേരങ്ങളില്‍ അവരുടെ പ്രവചനങ്ങള്‍ ഒത്തുവരാറുമുണ്ട്. പക്ഷേ, മഹാഭൂരിപക്ഷം അനുഭവങ്ങളിലും ഇത്തരം പ്രവചനങ്ങളെ നിലംപരിശാക്കിക്കൊണ്ടാണ് ജനവിധി പുറത്തുവരാറുള്ളത്. അതുകൊണ്ടുതന്നെയാണ് ജനാധിപത്യത്തില്‍ അഞ്ചു കൊല്ലം കൂടുമ്പോഴുള്ള ഈ വോട്ടഭ്യാസം വലിയ വാദവിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടനല്‍കിവരുന്നത്. ഇത്തവണ ഫെബ്രുവരി ഒന്നിന് ഇന്ത്യയുടെ പൊതുബജറ്റ് ജനങ്ങളും കമ്പോളവും വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കാരണം, സമീപകാല ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികാഭ്യാസങ്ങളും അട്ടിമറിയുമാണ് ബജറ്റിനു തൊട്ടുമുമ്പുള്ള ഏതാനും മാസങ്ങളില്‍ നടന്നത്. നോട്ടു നിരോധനത്തിന്റെ അലയൊലികളും ആഘാതവും ഇനിയും അവസാനിച്ചിട്ടില്ല. ഒരുപക്ഷേ, നരേന്ദ്ര മോദിയുടെ ഇനി ബാക്കിയുള്ള രണ്ടു കൊല്ലക്കാലം അവസാനിക്കുന്ന വേളയിലും ഇതിന്റെ ആഘാതം പൂര്‍ണമായും അവസാനിച്ചു എന്നുവരില്ലതാനും. അതിനാല്‍, ബജറ്റിനു പിന്നാലെ വരുന്ന അഞ്ചു നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വളരെയേറെ ജനശ്രദ്ധ ആകര്‍ഷിക്കുന്നതു തന്നെയാണ്. നരേന്ദ്ര മോദിയുടെയും ബിജെപിയുടെ കേന്ദ്രഭരണത്തിന്റെയും ഭാവി എന്താവും എന്നതിനെ സംബന്ധിച്ച ഏറ്റവും കൃത്യമായ സൂചന മാര്‍ച്ച് 11നു നിയമസഭാ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്ന വേളയില്‍ പുറത്തുവരുമെന്നു തീര്‍ച്ച. രണ്ടു സാധ്യതകളാണ് നിലനില്‍ക്കുന്നത്. ഒന്നുകില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അവരുടെ മികച്ച പ്രകടനത്തില്‍ നിന്നു പിന്നാക്കം പോവും. ഇപ്പോള്‍ ബിജെപി ഭരിക്കുന്ന ഗോവ പോലുള്ള സംസ്ഥാനങ്ങളില്‍ ഒരുപക്ഷേ അവര്‍ക്ക് അധികാരം നിലനിര്‍ത്താനായാല്‍ പോലും, 2014ലെ തിരഞ്ഞെടുപ്പില്‍ കണ്ട ജനകീയ പിന്തുണ നിലനിര്‍ത്താന്‍ ബിജെപിക്കു സാധിക്കുന്നില്ലെങ്കില്‍ 2019ല്‍ നരേന്ദ്ര മോദി കടുത്ത വെല്ലുവിളി നേരിടും എന്ന സൂചനയാണ് അതു നല്‍കുക. അതല്ല, ബിജെപിയും സഖ്യകക്ഷികളും ഇത്തവണയും താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെങ്കില്‍ മോദിയുടെ രണ്ടര വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമായും അദ്ദേഹത്തിന്റെ ഏറ്റവും വിവാദമായ നോട്ടു റദ്ദാക്കല്‍ പ്രഖ്യാപനത്തിനുള്ള ജനകീയ പിന്തുണയായും അതു വ്യാഖ്യാനിക്കപ്പെടും. മൂന്നു മാസക്കാലത്തോളം പണവും പണിയുമില്ലാതെ പാടുപെട്ട ജനം പോളിങ്ബൂത്തില്‍ മാര്‍ച്ച് ചെയ്ത്, ഇതേ ദുരന്തങ്ങള്‍ തങ്ങള്‍ക്കു സമ്മാനിച്ച മോദിയുടെ പാര്‍ട്ടിക്കു തന്നെ വോട്ടു കുത്തിയെങ്കില്‍ സ്വാഭാവികമായും അതു നല്‍കുന്ന സന്ദേശം ബിജെപിയുടെ മുന്നേറ്റം അപ്രതിഹതമാണ് എന്നതുതന്നെയായിരിക്കും. അത്തരമൊരു സാഹചര്യം വരുകയാണെങ്കില്‍ അത് ഉണ്ടാക്കാന്‍ പോവുന്ന പ്രത്യാഘാതങ്ങളും ദീര്‍ഘകാല വിപത്തുകളും ചെറുതായി കാണാന്‍ കഴിയില്ല. മോദിയുടെ ഭരണം കുറേക്കാലമായി തികഞ്ഞ ഏകാധിപത്യ പ്രവണത കാണിക്കാന്‍ തുടങ്ങിയിട്ട്. അതിന്റെ പാരമ്യത്തിലാണ് റിസര്‍വ് ബാങ്കിനെയും ധനമന്ത്രിയെയും പോലും നോക്കുകുത്തിയാക്കിക്കൊണ്ട് അദ്ദേഹം നവംബര്‍ 8ന് ഏകപക്ഷീയമായി തന്റെ നോട്ടു റദ്ദാക്കല്‍ പ്രഖ്യാപിച്ചത്. പക്ഷേ, ആ ഒരവസരത്തില്‍ മാത്രമല്ല തന്റെ ഏകാധിപത്യ പ്രവണതകള്‍ മോദി വെളിവാക്കിയിട്ടുള്ളത്. കേന്ദ്രമന്ത്രിസഭയില്‍ ഏറ്റവും സീനിയറായ മന്ത്രിമാരെ പോലും അവഗണിച്ചുകൊണ്ടാണ് അദ്ദേഹം നയങ്ങളും തന്ത്രങ്ങളും നടപ്പാക്കുന്നത്. പാര്‍ട്ടിയിലും മന്ത്രിസഭയിലും തനിക്കെതിരേ വന്ന വിമര്‍ശനങ്ങളെയും എതിര്‍പ്പുകളെയും ഒരു വലിയ പരിധി വരെ തകര്‍ത്തു തരിപ്പണമാക്കുന്നതിലും മോദി വിജയിച്ചിട്ടുണ്ട്. മാര്‍ച്ച് 11നു തനിക്ക് അനുകൂലമായ ജനവിധിയാണ് ലഭിക്കുന്നെതന്നു പ്രധാനമന്ത്രി വിലയിരുത്തുകയാണെങ്കില്‍ ഈ പ്രവണതകള്‍ കൂടുതല്‍ ശക്തമായി മാറാനാണ് എല്ലാ സാധ്യതകളും കാണുന്നത്. അധികാരം ദുഷിപ്പിക്കും എന്നതുപോലെത്തന്നെ ഒരുപക്ഷേ മോദിക്കു കിട്ടാനിടയുള്ള അമിതാധികാരം തീര്‍ച്ചയായും അമിതാധികാര പ്രകടനത്തിലേക്കും അതിന്റെ സ്വാഭാവികമായ ദുരന്തങ്ങളിലേക്കും രാജ്യത്തെ നയിക്കുമെന്നു തീര്‍ച്ചയാണ്. നിലവിലുള്ള ദേശീയ പരിതസ്ഥിതിയും രാജ്യത്തെ പ്രതിപക്ഷങ്ങളുടെ അനൈക്യവും പടലപിണക്കങ്ങളും ജാതീയവും മതപരവുമായ ഭിന്നതകളും പരസ്പര വൈരങ്ങളും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാനുള്ള ബിജെപി നേതൃത്വത്തിന്റെ കഴിവും ഇക്കാര്യത്തില്‍ രാജ്യം കണ്ട മുന്‍കാല അനുഭവങ്ങളും നോക്കിയാല്‍ ഇത്തരമൊരു സാധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല എന്നതാണ് വാസ്തവം. തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ പയറ്റാനും പണമൊഴുക്കാനും അധികാരം ദുരുപയോഗപ്പെടുത്താനും വോട്ടര്‍മാരെ മോഹനവാഗ്ദാനങ്ങളിലൂടെ വിലയ്‌ക്കെടുക്കാനും ഒക്കെ കഴിയുന്ന അന്തരീക്ഷത്തിലാണ് ഇന്നു ബിജെപി ഉള്ളത്. ഫെബ്രുവരി ഒന്നിനു ബജറ്റ് അവതരിപ്പിക്കുകയും അതില്‍ വാരിക്കോരി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്നപക്ഷം ജനവിധിയെ ദേശീയ സമ്പത്ത് ഉപയോഗിച്ച് മൊത്തം വിലയ്ക്കു വാങ്ങുന്ന ആദ്യത്തെ ദേശീയ ഭരണകക്ഷിയായി ആ പാര്‍ട്ടി മാറുമെന്നും തീര്‍ച്ചയാണ്. പ്രതിപക്ഷ കക്ഷികള്‍ ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മീഷനു പരാതി നല്‍കിയിട്ടുണ്ടെങ്കിലും പുതിയ ധനകാര്യവര്‍ഷത്തില്‍ ഭരണവും വികസന പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ ബജറ്റ് സമ്മേളനവും ബജറ്റ് അവതരണവും സാധാരണനിലയില്‍ തന്നെ നടക്കണം. അതിനാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതില്‍ ഇടപെടാനുള്ള സാധ്യത യഥാര്‍ഥത്തില്‍ വളരെ വിരളമാണ്. മറ്റൊരു സാധ്യത, 2014ലെ ജനവിധിയില്‍ നിന്നു തീര്‍ത്തും വ്യത്യസ്തമായി ജനം കേന്ദ്രഭരണകക്ഷിക്ക് കടുത്ത ആഘാതം നല്‍കുക എന്നതാണ്. കഴിഞ്ഞ രണ്ടര വര്‍ഷത്തെ ഭരണാനുഭവങ്ങളും ജനജീവിതം കൂടുതല്‍ ദുഷ്‌കരമായ അവസ്ഥയും സാമ്പത്തികമായ അനിശ്ചിതാവസ്ഥയും ഗ്രാമീണ-അസംഘടിത മേഖലകളിലെ അതിഭീകരമായ സമകാലിക അവസ്ഥയും ഒക്കെ നോക്കിയാല്‍ സാധാരണ ജനങ്ങള്‍ ശക്തമായി പ്രതികരിക്കുമെന്നു പ്രതീക്ഷിക്കാനാണ് കൂടുതല്‍ സാധ്യത കാണുന്നത്. അങ്ങനെ വരുകയാണെങ്കില്‍ അത് ഏറ്റവും വലിയ പ്രത്യാഘാതമുണ്ടാക്കുക കേന്ദ്രഭരണകൂടത്തിലും ഭരണകക്ഷിയിലും തന്നെയായിരിക്കും. മോദി ഇത്രയും കാലം പാര്‍ട്ടിയുടെ ഏറ്റവും വലിയ ജനകീയ മുഖവും രാജ്യത്ത് ജനകീയ പിന്തുണ നേടിയെടുക്കാനുള്ള ഏറ്റവും കരുത്തുള്ള പ്രതീകവുമായി പ്രവര്‍ത്തിക്കുകയായിരുന്നു. പക്ഷേ, തന്റെ സ്വന്തം കഴിവിലും ജനപിന്തുണയിലും പ്രതിസന്ധികളെ നേരിടാനുള്ള കഴിവിലും അമിതമായ ആത്മവിശ്വാസം മൂലം അദ്ദേഹം അതിരുകടന്നുവെന്ന വിലയിരുത്തലിലാവും അത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി നേതൃത്വവും അതിനെ യഥാര്‍ഥത്തില്‍ നിയന്ത്രിക്കുന്ന ആര്‍എസ്എസും എത്തിച്ചേരുക. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിയെ അഡ്വാനിയെപ്പോലും തഴഞ്ഞു മുന്നോട്ടുകൊണ്ടുവന്നതും എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ച് അദ്ദേഹത്തെ പ്രധാനമന്ത്രിപദത്തില്‍ എത്തിച്ചതും ആര്‍എസ്എസ് അജണ്ടയുടെ ഭാഗമായിരുന്നുവെന്നു തീര്‍ച്ചയാണ്. ഇന്ത്യയുടെ കോര്‍പറേറ്റ് ലോകവും ആ സൂചനകള്‍ കൃത്യമായി മനസ്സിലാക്കി തങ്ങളുടെ പിന്തുണ മോദിക്കു നല്‍കുകയുണ്ടായി. ആ കണക്കുകൂട്ടലുകളും രാഷ്ട്രീയനീക്കങ്ങളും 2014ല്‍ കൃത്യമായി നടപ്പാക്കുന്നതില്‍ ആര്‍എസ്എസ് വിജയിക്കുകയുണ്ടായി. എന്നാല്‍, നോട്ടു നിരോധനം അടക്കമുള്ള നീക്കങ്ങളുടെ ആഘാതവും അതു സംബന്ധിച്ച് ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ നടത്തുന്ന വിലയിരുത്തലും ഇനിയും വ്യക്തമാവേണ്ടതായിട്ടാണിരിക്കുന്നത്. മോദിയുടെ റാലിക്ക് കഴിഞ്ഞ ദിവസം വലിയ ആള്‍ക്കൂട്ടമുണ്ടാെയന്നത് തന്റെ ജനപിന്തുണയുടെ ലക്ഷണമായി മോദി വ്യാഖ്യാനിച്ചിട്ടുണ്ട്. ഏതായാലും മോദിയുടെയും രാഷ്ട്രത്തിന്റെയും ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പുകളില്‍ ഒന്നായിരിക്കും ഇത്തവണ നടക്കുന്നെതന്നു തീര്‍ച്ച.                            ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss