|    Nov 14 Wed, 2018 5:58 am
FLASH NEWS
Home   >  Editpage  >  Lead Article  >  

യുപിയിലെ പോലിസ് ഭീകരത

Published : 9th August 2018 | Posted By: kasim kzm

ഡോ. കഫീല്‍ ഖാന്‍

ഗോരഖ്പുര്‍ ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതു കാരണം ജാപ്പനീസ് എന്‍സഫലൈറ്റിസ് ബാധിതരായ നൂറോളം കുഞ്ഞുങ്ങള്‍ ദാരുണമായി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം. സാമൂഹികമായും സാമ്പത്തികമായും പിന്നില്‍ നില്‍ക്കുന്ന, അനാരോഗ്യകരമായ ചുറ്റുപാടില്‍ ജീവിക്കുന്നവരാണ് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍. ജാമ്യത്തില്‍ പുറത്തിറങ്ങിയ ഗോരഖ്പുര്‍ മെഡിക്കല്‍ കോളജ് ശിശുരോഗ വിദഗ്ധനായ ഡോ. കഫീല്‍ ഖാന്‍ ഇപ്പോഴും സസ്‌പെന്‍ഷനിലാണ്. ഡോ. കഫീല്‍ ഖാനുമായി മൃദുല ഭവാനി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

സഹോദരന്‍ കാഷിഫ് ജമീലിന് എങ്ങനെയുണ്ട്?
കാഷിഫ് സുഖം പ്രാപിക്കുന്നു. കൊലപാതക ശ്രമമുണ്ടായി ഒന്നര മാസമായിട്ടും ഉത്തര്‍പ്രദേശ് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
ജൂണ്‍ 10നു രാത്രി, റമദാനിലെ രാത്രികാല പ്രാര്‍ഥനയായ തറാവീഹ് കഴിഞ്ഞ് പത്തരയോടെ ഉമ്മയ്ക്ക് ചെരുപ്പു വാങ്ങാന്‍ പോവുകയായിരുന്നു കാഷിഫ്. ഗോരഖ്‌നാഥ് ക്ഷേത്രത്തിനടുത്താണ് കാഷിഫ് പോയത്. സംഭവം നടക്കുമ്പോള്‍ യോഗി ആദിത്യനാഥ് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ നിന്ന് 500 മീറ്റര്‍ അകലെ വച്ചാണ് കാഷിഫിന് വെടിയേറ്റത്. ഒരു സ്‌കൂട്ടറിലാണ് രണ്ടു പേര്‍ വന്ന് അഞ്ചു തവണ വെടിവച്ചത്. അതില്‍ മൂന്നു ബുള്ളറ്റുകള്‍ കാഷിഫിനു കൊണ്ടു. ഒന്നാമത്തെ ബുള്ളറ്റ് പിന്നില്‍ നിന്നായിരുന്നു. അത് ശരീരം തുളച്ചു മുന്നിലേക്കു വന്നു.
എന്റെ സഹോദരന്‍ ബൈക്കിലായിരുന്നു. പിന്നീട് അവര്‍ മുന്നിലേക്കു വന്ന് വീണ്ടും വെടിയുതിര്‍ത്തു. മേല്‍ത്തുടയിലും വലതു കൈയിലും വെടി കൊണ്ടു. കാഷിഫ് ഓടാന്‍ തുടങ്ങി. അവര്‍ അവനെ പിന്തുടര്‍ന്ന് പിന്നെയും വെടി വച്ചു. അത് നല്ല ആഴത്തില്‍ തറച്ചുകയറി. വലത്തെ ചുമലില്‍ നിന്ന് അത് കഴുത്തിലേക്ക് ആഴ്ന്നു. ആ വെടിയുണ്ട കഴുത്തില്‍ തറച്ചുനിന്നു. പിന്നെയും കാഷിഫ് ഓടി. ഓട്ടത്തിനിടയില്‍ വീണെങ്കിലും സര്‍വശക്തിയുമെടുത്ത് എഴുന്നേറ്റ് ഓടി. അപ്പോഴേക്കും ആള്‍ക്കാര്‍ കൂടുകയും വെടിവച്ചവര്‍ രക്ഷപ്പെടുകയും ചെയ്തു.
ഞങ്ങള്‍ കാഷിഫിനെ അടുത്തുള്ള പ്രൈവറ്റ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ സ്റ്റാര്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. എത്രയും വേഗം വെടിയുണ്ടകള്‍ എടുത്തുകളഞ്ഞില്ലെങ്കില്‍ കാഷിഫിനു ജീവന്‍ നഷ്ടപ്പെടുമെന്ന് ഡോക്ടര്‍ പറഞ്ഞു. ശക്തമായ ബ്ലീഡിങ് ഉണ്ടായിരുന്നു.
അപ്പോഴേക്കും പോലിസ് വന്നു. സര്‍ജറിക്കു മുമ്പ് മെഡിക്കോ ലീഗല്‍ ചെയ്യണമെന്ന് പോലിസ് നിര്‍ബന്ധം പിടിച്ചു. മെഡിക്കോ ലീഗല്‍ ചെയ്തുകഴിഞ്ഞതായി ഡോക്ടര്‍ പറഞ്ഞെങ്കിലും ഒരു പ്രൈവറ്റ് ഡോക്ടറല്ല മെഡിക്കോ ലീഗല്‍ ചെയ്യേണ്ടതെന്നും ഗവണ്മെന്റ് ഡോക്ടര്‍ തന്നെ അതു ചെയ്യണമെന്നും പോലിസ് നിര്‍ബന്ധം പിടിച്ചു. എന്നാല്‍, സുപ്രിംകോടതിയുടെ ഗൈഡ്‌ലൈന്‍ അനുസരിച്ച് ഇത്തരം കേസുകളില്‍ ജീവന്‍ രക്ഷിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതിനു ശേഷം പൂര്‍ത്തിയാക്കിയാല്‍ മതി മറ്റു കാര്യങ്ങള്‍. എന്തായാലും ക്വാളിഫൈഡായ ഒരു ഡോക്ടര്‍ മെഡിക്കോ ലീഗല്‍ ചെയ്തിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണോ ഗവണ്മെന്റ് ഡോക്ടറാണോ എന്നതൊന്നും ഒരു ചോദ്യമേയല്ല. പക്ഷേ, പോലിസ് സര്‍ക്കാര്‍ ഡോക്ടറുടെ മെഡിക്കോ ലീഗല്‍ തന്നെ വേണമെന്ന് വാശിപിടിക്കുകയാണ് ചെയ്തത്.
11.30ഓടുകൂടി ഞങ്ങളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഗവണ്മെന്റ് ഡോക്ടര്‍ മെഡിക്കോ ലീഗല്‍ ചെയ്തു. അതിന് ഏകദേശം ഒരു മണിക്കൂറോളം എടുത്തു. ഈ മെഡിക്കോ ലീഗല്‍ കൊണ്ട് തങ്ങള്‍ സംതൃപ്തരല്ല, മെഡിക്കല്‍ കോളജിലെ ഒരു മെഡിക്കല്‍ ബോര്‍ഡാണ് മെഡിക്കോ ലീഗല്‍ ചെയ്യേണ്ടത് എന്നായി പോലിസുകാരുടെ അടുത്ത വാദം. നാലോ അഞ്ചോ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് മെഡിക്കോ ലീഗല്‍ ചെയ്താല്‍ മാത്രമേ സര്‍ജറി ചെയ്യാന്‍ കഴിയൂ എന്ന് അവര്‍ വാശിപിടിച്ചു. സര്‍ജറി ഉടനെ ചെയ്യണം, ഇല്ലെങ്കില്‍ ആള്‍ മരിച്ചുപോകുമെന്ന് അവിടെ ഉണ്ടായിരുന്ന സര്‍ജന്‍ പറഞ്ഞു. പക്ഷേ, അവരത് കേട്ടതേയില്ല.
എന്റെ സഹോദരന്‍ കൊല്ലപ്പെടണമെന്നും ജീവനോടെ തിരിച്ചുവരരുതെന്നും ആഗ്രഹമുള്ളതുപോലെയാണ് പോലിസ് പെരുമാറിയത്. കാഷിഫ് വേദനയാല്‍ പുളഞ്ഞ് കരയുകയായിരുന്നു. ഞങ്ങള്‍ പോലിസുമായുള്ള തര്‍ക്കത്തിലും. ഞങ്ങള്‍ കാഷിഫിനെ സ്റ്റാര്‍ ഹോസ്പിറ്റലിലേക്കു തന്നെ കൊണ്ടുപോയി. ഒരു മെഡിക്കോ ലീഗല്‍ കൂടി ചെയ്യേണ്ടെന്നും കാഷിഫിന്റെ ജീവനാണ് വലുതെന്നും ഞങ്ങള്‍ അവരോട് പറഞ്ഞു. നാലഞ്ച് വാഹനങ്ങളിലായി അമ്പതോളം പോലിസുകാര്‍ ഞങ്ങളെ പിന്തുടര്‍ന്നുവന്നു.
സ്റ്റാര്‍ ഹോസ്പിറ്റലില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജിലേക്ക് അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ച്, ബലം പ്രയോഗിച്ച് കൊണ്ടുപോയി. തകര്‍ന്ന റോഡുകളിലൂടെ 20 കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവന്നു. ഒരു മണിയോടെ അവിടെയെത്തി. മെഡിക്കോ ലീഗല്‍ ചെയ്തുകഴിഞ്ഞെന്നും എത്രയും പെട്ടെന്ന് വെടിയുണ്ടകള്‍ നീക്കം ചെയ്യണമെന്നും അവിടത്തെ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ ബുള്ളറ്റുകള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്‌പെഷ്യലിസ്റ്റ് ഇല്ലെന്ന് അവര്‍ പറഞ്ഞു. ലഖ്‌നോയിലേക്ക് കൊണ്ടുപോകണമെന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ ദേഷ്യപ്പെടുകയും പ്രതിഷേധിക്കുകയും ചെയ്തു. എന്താണ് ഇവിടെ നടക്കുന്നതെന്ന് ഞങ്ങള്‍ ചോദ്യം ചെയ്തു. ഇതിനകം തന്നെ മൂന്നു മണിക്കൂര്‍ വെറുതെ പാഴായിട്ടുണ്ട്. അതിനു ശേഷമാണ് 300 കിലോമീറ്റര്‍ അകലെയുള്ള ലഖ്‌നോയിലേക്ക് കൊണ്ടുപോകണമെന്നു പറയുന്നത്.
പോലിസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നു നിര്‍ദേശങ്ങള്‍ കിട്ടുന്നുണ്ടായിരുന്നു. എന്റെ സഹോദരന്‍ മരിച്ചുപോകണം എന്നായിരുന്നു അവരുടെ ലക്ഷ്യം. ഞങ്ങള്‍ ശക്തമായി പ്രതിഷേധിച്ചു. ഇപ്പോള്‍ തന്നെ ബുള്ളറ്റുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ എന്റെ സീനിയര്‍ ആയിരുന്ന സുഹൃത്തിനെ വിളിച്ചു. പുലര്‍ച്ചയോടെ അദ്ദേഹം വന്ന് എന്റെ സഹോദരനെ വീണ്ടും പ്രൈവറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പുലര്‍ച്ചെ 3 മണിയോടെ ബുള്ളറ്റുകള്‍ നീക്കം ചെയ്തു.
പോലിസുകാര്‍ കാഷിഫിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സര്‍ജറി വൈകിച്ചതിലൂടെ പോലിസ് ചെയ്തത് കാഷിഫിനു നേരെയുള്ള രണ്ടാം വധശ്രമമാണ്. ഞാനതിനെ രണ്ടാം വധശ്രമം എന്നുതന്നെ വിളിക്കും. യുപി പോലിസിന്റെ വധശ്രമം. ഡിസിപി അവിടെ ഉണ്ടായിരുന്നു. സിറ്റി എസ്പി വിനയ് കുമാര്‍ സിങ് അവിടെ ഉണ്ടായിരുന്നു. കുറച്ചു മാസം മുമ്പ് എന്റെ ഭൂമിയിലെ നിര്‍മാണപ്രവൃത്തി തടസ്സപ്പെടുത്താന്‍ വന്നത് ഇയാളായിരുന്നു. ഇവര്‍ മുഴുസമയവും ഫോണില്‍ ഉന്നത അധികാരികളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് അവര്‍ മനഃപൂര്‍വം അടിയന്തര ശസ്ത്രക്രിയ വൈകിച്ചു.
ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളിലെല്ലാം പ്രതികള്‍ രക്ഷപ്പെടുകയാണ്. അവര്‍ അറസ്റ്റ് ചെയ്യപ്പെടുക പോലുമില്ല! അതേപ്പറ്റി എന്താണ് പറയാനുള്ളത്?
ഒരിക്കലും ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. മൊത്തം ഭരണകൂട സംവിധാനങ്ങളും പ്രതികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബിജെപി ഗവണ്മെന്റ് അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ എന്റെ വായ മൂടുകയാണ് അവരുടെ ലക്ഷ്യം. ബിആര്‍ഡിയില്‍ നടന്ന ബിജെപി കൂട്ടക്കൊലയെപ്പറ്റി ഞാന്‍ ശബ്ദിക്കാതിരിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഉത്തരവാദി ആരാണെന്നോ, എത്ര കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടുവെന്നോ ഞാന്‍ സംസാരിക്കരുത്. കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ പോരാടുന്നത്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ഞാന്‍ അവരെപ്പറ്റി തന്നെയാണ് തുടര്‍ച്ചയായി സംസാരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ എന്റെ അനുജനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതും.
ഡോക്ടര്‍ ഇപ്പോള്‍ എവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടോ?
ഇല്ല. അവര്‍ എന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചിട്ടില്ല. എന്നെ പദവിയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടില്ല. എന്നെ ജോലിയില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ആശുപത്രി അധികൃതര്‍ക്ക് കത്ത് അയച്ചിരുന്നു. അങ്ങനെയാണെങ്കില്‍ എനിക്ക് മറ്റെവിടെയെങ്കിലും ജോലി ചെയ്യാമല്ലോ. എനിക്ക് എന്റെ ജീവിതം പുനരാരംഭിക്കാം. അതുപോലും അവര്‍ എന്നെ ചെയ്യാന്‍ സമ്മതിക്കുന്നില്ല.
യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹെയ്റ്റിനൊപ്പമുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പോകുന്നു?
നമ്മള്‍ പോരാടുകയാണ്. 2019ലെ തിരഞ്ഞെടുപ്പിനോടുള്ള പോരാട്ടം കൂടിയാണിത്. ഈ ഭരണകൂടം സൃഷ്ടിച്ച ദലിതര്‍ക്കും മുസ്‌ലിംകള്‍ക്കും ദരിദ്രര്‍ക്കുമെതിരേ വെറുപ്പും അതിക്രമവും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തോടാണ് ഈ പോരാട്ടം. ദിവസേന മുസ്‌ലിംകളെയും ദലിതരെയും കൊല്ലുന്നു. അവര്‍ക്കെല്ലാം വേണ്ടിയാണ് നമ്മള്‍ പോരാടുന്നത്. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss