|    Jan 24 Tue, 2017 2:41 am

യുദ്ധമേഖലകള്‍ക്കു പുറത്തുള്ള യുഎസ് ആക്രമണങ്ങള്‍; കൊല്ലപ്പെട്ടവരുടെ കണക്ക് യുഎസ് പുറത്തുവിട്ടു

Published : 3rd July 2016 | Posted By: SMR

വാഷിങ്ടണ്‍: 2009 മുതല്‍ പാകിസ്താന്‍, യമന്‍, സോമാലിയ, ലിബിയ എന്നിവിടങ്ങളില്‍ യുദ്ധമേഖലകള്‍ക്കു പുറത്ത് യുഎസ് നടത്തിയ വ്യോമ, ഡ്രോണ്‍ ആക്രമണങ്ങളില്‍ 64നും 116നുമിടയില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ്. ഇതാദ്യമായാണ് ആക്രമണങ്ങളില്‍ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി യുഎസ് സര്‍ക്കാര്‍ സമ്മതിക്കുന്നത്.
2009 ജനുവരി 20നും കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31നുമിടെ യുഎസ് 473 വ്യോമ, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. ഇതില്‍ 2,581 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 64നും 116നുമിടയില്‍ സിവിലിയന്‍മാരും ഉള്‍പ്പെടുന്നുവെന്നാണ് ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്റലിജന്‍സ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. യുദ്ധമേഖലകളായി നിര്‍വചിക്കാത്ത പ്രദേശങ്ങളിലെ ആക്രമണങ്ങളെക്കുറിച്ചു മാത്രമാണ് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്. അഫ്ഗാന്‍, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷം തുടരുന്ന മേഖലകളില്‍ യുഎസ് സൈന്യം നടത്തിയ ആക്രമണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
അതേസമയം, വൈറ്റ്ഹൗസ് പുറത്തുവിട്ട കണക്കുകള്‍ കൃത്യമല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു. യുദ്ധമേഖലകള്‍ക്കു പുറത്ത് 1100ഓളം സിവിലിയന്‍മാര്‍ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ യുഎസ് ഡ്രോണാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു. കൊല്ലപ്പെട്ട സിവിലിയന്‍മാരുടെ യഥാര്‍ഥ കണക്ക് യുഎസ് പുറത്തുവിടുന്നില്ല. ഭീകരവിരുദ്ധ സൈനിക നടപടികള്‍ക്കിടെ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ യുഎസ് സ്വീകരിക്കാറില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
യുഎസ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട പുരുഷന്‍മാരില്‍ ഭൂരിപക്ഷത്തെയും സായുധ സംഘാംഗങ്ങളായി കണക്കിലെടുത്താണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ റിപ്രൈവ് പ്രതികരിച്ചു.
പലപ്പോഴും സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ പോലും റിപോര്‍ട്ട് ഈ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് സായുധസംഘങ്ങളുമായി ബന്ധമില്ലെന്ന് മരണശേഷം മാത്രമാണ് പലപ്പോഴും തിരിച്ചറിയാറുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക