|    Oct 23 Tue, 2018 10:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് യോഗം ഇന്ന്; മാണി മുഖ്യ അജണ്ട

Published : 10th August 2016 | Posted By: SMR

തിരുവനന്തപുരം: കെ എം മാണിയും കൂട്ടരും വഴിപിരിഞ്ഞ സാഹചര്യത്തില്‍ ഭാവിപരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് കക്ഷിനേതാക്കളുടെ യോഗം ഇന്നു വൈകീട്ട് മൂന്നിന് കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. കെ എം മാണി യുഡിഎഫ് വിടാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് യോഗത്തില്‍ വിശദമായ ചര്‍ച്ചയുണ്ടാവും.
കെ എം മാണി രാഷ്ട്രീയമര്യാദ കാണിച്ചില്ലെന്ന പൊതുവികാരമാണ് യുഡിഎഫിനുള്ളത്. 34 വര്‍ഷത്തെ ബന്ധം വിച്ഛേദിച്ച് കോണ്‍ഗ്രസ്സിനെതിരേയാണ് കെ എം മാണി രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതിനു മറുപടി നല്‍കേണ്ടിവരും. മുന്നണി വിടാന്‍ തീരുമാനിച്ചശേഷം കാരണങ്ങളുണ്ടാക്കുകയാണു ചെയ്തിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാട്.  കൃത്യമായ കാരണം എന്തെന്നു മാണി വ്യക്തമാക്കിയിട്ടില്ലെന്നതാണ്  കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന പ്രധാന വിഷയം. എന്നാല്‍, മാണിയെ കൂടുതല്‍ പ്രകോപിപ്പിക്കേണ്ടെന്നും ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ തുറന്നിടണമെന്നും കോണ്‍ഗ്രസ്സില്‍ അഭിപ്രായമുണ്ട്. ഇന്നുചേരുന്ന യോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ നിലപാട് നേതാക്കള്‍ വ്യക്തമാക്കും. ഇതിനോട് ഘടകകക്ഷികള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാവും.
കെ എം മാണിയെ അനുനയിപ്പിച്ച് കൂടെനിര്‍ത്തണമെന്ന അഭിപ്രായമാണ് മുസ്‌ലിംലീഗിനുള്ളത്. എന്നാല്‍, മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. അനുനയനീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍കൈയെടുക്കട്ടെയെന്നാണ് ഇവരുടെ നിലപാട്.
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങളില്‍ അധികാരം പങ്കിടുന്നതു പുനപ്പരിശോധിക്കുന്നതിനെക്കുറിച്ചായിരിക്കും മറ്റൊരു പ്രധാന ചര്‍ച്ച. യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങളിലും ധാരണ വേണ്ടെന്ന പൊതുഅഭിപ്രായമാണ് കോണ്‍ഗ്രസ്സിലുള്ളത്. ഇക്കാര്യത്തില്‍ ഘടകകക്ഷികളുടെയും പ്രാദേശികതലത്തിലും അഭിപ്രായം സ്വരൂപിക്കാനായിരിക്കും ശ്രമിക്കുക. യുഡിഎഫിന്റെ സഹായത്തോടെ മല്‍സരിച്ചു ജയിച്ച ആറ് എംഎല്‍എമാര്‍ രാജിവയ്ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിക്കില്ല. ഇക്കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് നിലപാടു സ്വീകരിക്കട്ടെയെന്നാണ് യുഡിഎഫ് നേതാക്കളുടെ അഭിപ്രായം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss