|    May 29 Mon, 2017 12:16 am
FLASH NEWS

യുഡിഎഫ് യോഗം ഇന്ന്; കോണ്‍ഗ്രസ്സിലെ അനൈക്യത്തിനെതിരേ ഘടകകക്ഷികള്‍ രംഗത്തുവരും

Published : 25th July 2016 | Posted By: SMR

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് യുഡിഎഫില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതയും ഘടകകക്ഷികളില്‍ ഉയര്‍ന്നുവന്നിട്ടുള്ള അസംതൃപ്തിയും അതിരൂക്ഷമായ സാഹചര്യത്തില്‍ യുഡിഎഫ് നേതൃയോഗം ഇന്നുചേരും. വൈകീട്ട് 3ന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ കക്ഷിനേതാക്കള്‍ യോഗം ചേരുമെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും തുടര്‍ചര്‍ച്ചകളുമാണ് അജണ്ടയെങ്കിലും മുന്നണിയിലെ അഭിപ്രായഭിന്നതകള്‍ യോഗത്തില്‍ പരസ്യമായേക്കും. ബാര്‍കോഴയിലെ ഗൂഢാലോചനയുടെ പേരില്‍ കോണ്‍ഗ്രസ്സും കേരളാ കോണ്‍ഗ്രസ്സും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായിരിക്കെയാണ് നേതൃയോഗം ചേരുന്നത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന ജെഡിയുവും ആര്‍എസ്പിയും നേതൃത്വത്തിനെതിരേ രംഗത്തുവരും. കോണ്‍ഗ്രസ് നേതൃത്വത്തിലെ അനൈക്യത്തിനെതിരേയാവും ഘടകകക്ഷികള്‍ പ്രധാനമായും വിമര്‍ശനം ഉന്നയിക്കുക. തിരഞ്ഞെടുപ്പ് പരാജയത്തിലെ പ്രധാനകാരണം അവസാനകാലത്തെ വിവാദമായ മന്ത്രിസഭാ തിരുമാനങ്ങളും കോണ്‍ഗ്രസ്സിലെ അനൈക്യവുമാണെന്നാണ് ഘടകകക്ഷികളുടെ നിലപാട്.
ബാര്‍ കോഴ ഗൂഢാലോചനയില്‍ കേരളാ കോണ്‍ഗ്രസ്(എം) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നത്തെ യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാവും. മുന്നണി വിടണമെന്ന തരത്തിലേക്ക് കേരളാ കോണ്‍ഗ്രസ്സില്‍ ചര്‍ച്ചകള്‍ വരികയും സ്വീകരിക്കാനായി ബിജെപി രംഗത്തുവരികയും ചെയ്ത സാഹചര്യത്തില്‍ കരുതലോടെയാവും മുന്നണിനേതൃത്വം വിഷയത്തില്‍ ഇടപെടുക.
തന്നെ മുന്നണിയില്‍ തളച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ബാര്‍ കോഴക്കേസെന്ന് ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ എം മാണി പരസ്യമായി രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി ഹൈക്കമാന്‍ഡിന് പരാതിയും നല്‍കി. കെ എം മാണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ യോഗത്തിലുണ്ടാവും. ഇക്കാര്യത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നടത്തിയ പ്രതികരണവും കരുതലോടെയായിരുന്നു. മാണി യുഡിഎഫ് വിടില്ലെന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി, അഞ്ചുവര്‍ഷക്കാലമായി പലരും പലരേയും അവരുടെ മുന്നണികളിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി. കക്ഷികളുടെ നിലപാടാണ് ഇക്കാര്യത്തില്‍ പ്രധാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
നേമത്തെ പരാജയത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാവും ജെഡിയു യോഗത്തില്‍ ആവശ്യപ്പെടുക. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മന്ത്രിസഭയെടുത്ത തീരുമാനങ്ങള്‍ യുഡിഎഫില്‍ ആലോചിക്കാതെയാണെന്നാണ് ജെഡിയു നിലപാട്. വിവാദ തീരുമാനങ്ങളാണ് നിഷ്പക്ഷരായ വോട്ടര്‍മാരെ അകറ്റിയതെന്നും ജെഡിയു സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പ്രതികരിച്ചു.
കോണ്‍ഗ്രസ് നേതൃത്വത്തിലെ അസ്വാരസ്യങ്ങള്‍ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന വിമര്‍ശനം കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിനുണ്ട്. സര്‍ക്കാരിനെതിരേ പ്രതിഷേധ സമരങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാവും.
മുന്നണിയില്‍ തുടരുന്നതില്‍ ആര്‍എസ്പിയും ആശങ്ക പ്രകടമാക്കിയിരുന്നു. ബജറ്റിലെ ജനവിരുദ്ധ നിര്‍ദേശങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നാണ് ഘടകക്ഷികളുടെ നിലപാട്.
ആതിരപ്പള്ളി സന്ദര്‍ശിച്ച ശേഷം രമേശ് ചെന്നിത്തല തയ്യാറാക്കിയ റിപോര്‍ട്ടും യോഗത്തില്‍ അവതരിപ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day