|    Jul 21 Fri, 2017 8:33 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടു

Published : 19th October 2016 | Posted By: SMR

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഏക സിവില്‍ കോഡിനെതിരേ പ്രതിഷേധം അറിയിക്കണമെന്നും സിപിഎം-ബിജെപി രാഷ്ട്രീയ സംഘട്ടനമുണ്ടാവുന്ന കണ്ണൂരില്‍ സമാധാനം വീണ്ടെടുക്കുന്നതിന് സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധിസംഘം മുഖ്യമന്ത്രിയെ കണ്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉപനേതാവും മുസ്‌ലിംലീഗ് നിയമസഭാകക്ഷിനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവരാണ് നിയമസഭയിലെ ഓഫിസിലെത്തി പിണറായി വിജയന് നിവേദം നല്‍കിയത്.
കണ്ണൂരില്‍ കൊലപാതക പരമ്പരയില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നാദാപുരത്തും വേളത്തും ലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും രമേശ് ചെന്നിത്തല പറഞ്ഞു.
ഏക സിവില്‍ കോഡിനെതിരായി സംസ്ഥാനത്ത് മുസ്‌ലിം സംഘടനകള്‍ ശക്തമായ പ്രതിഷേധത്തിലാണ്. വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ആ സമുദായത്തിന്റെ അഭിപ്രായം കണക്കിലെടുക്കണമെന്നാണ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ക്കേ സ്വീകരിച്ച നിലപാട്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം. ഇതിനെതിരേ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചപ്പോള്‍ സര്‍ക്കാരിനും ഇതേ നിലപാടാണെന്നാണ് അദ്ദേഹം പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക