|    Jun 22 Fri, 2018 6:55 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി: ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ഇനി ബാര്‍ ലൈസന്‍സ് ഇല്ല; മദ്യനയം കര്‍ശനമാക്കും

Published : 21st April 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് ഇനി ഫൈവ്സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് പ്രകടനപത്രിക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം വിവാദമായ സാഹചര്യത്തിലാണു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
നിലവിലുള്ള ത്രീസ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര പദവി നേടിയാലും ബാര്‍ ലൈസന്‍സ് നല്‍കില്ല. പുതിയ ഹോട്ടലുകള്‍ക്കു കേന്ദ്രസര്‍ക്കാര്‍ പഞ്ചനക്ഷത്ര പദവി നല്‍കിയാലും ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കും. ഇതുസംബന്ധിച്ച് യുഡിഎഫ് ചര്‍ച്ചചെയ്ത് തീരുമാനിക്കും. നിലവില്‍ ബാര്‍ ലൈസന്‍സ് ലഭിച്ച പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അധിക കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല. മദ്യനയത്തില്‍ മുന്നോട്ടുവച്ച കാല്‍ പിന്നോട്ടെടുക്കില്ല.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയതില്‍ വിവാദങ്ങളുണ്ടായി. മദ്യനയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ബാറുകള്‍ക്ക് അനുമതി ലഭിച്ചത്. ഇപ്പോള്‍ ഒറ്റയടിക്ക് ലൈസന്‍സുകള്‍ നല്‍കിയതല്ല. 2014 മുതല്‍ ഇങ്ങോട്ട് പല സമയങ്ങളിലായി കോടതി ഉത്തരവുകളിലൂടെയും മറ്റും അനുമതി ലഭിച്ചവയാണ്. ഇതു നിലവിലുള്ള മദ്യനയത്തിനു വിരുദ്ധമല്ലെങ്കിലും ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആശങ്ക യുഡിഎഫ് യോഗത്തില്‍ ചിലര്‍ ഉന്നയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
എല്‍ഡിഎഫിന്റെ മദ്യവര്‍ജനം എന്നത് ഒരു നയമല്ല, അത് പണ്ടുമുതലേ സമൂഹത്തിന്റെ നിലപാടാണ്. മദ്യവര്‍ജനമെന്നതിലൂടെ എല്‍ഡിഎഫ് പുകമറ സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്ര പദവികള്‍ ലഭിച്ചാല്‍ ബാര്‍ ലൈസന്‍സ് നിര്‍ബന്ധമാക്കുന്ന സ്ഥിതി നിലവിലുണ്ടെന്നും ഇതിനു മാറ്റംവരുത്തണമെന്നും കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. മദ്യനയം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യരഹിത കേരളത്തിലേക്കുള്ള യാത്രയാണ് യുഡിഎഫിന്റെ മദ്യനയമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. മദ്യനിരോധനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണു മുസ്‌ലിംലീഗ്. പുതിയ വ്യവസ്ഥകള്‍ കൊണ്ടുവരുന്നതോടെ മദ്യനയത്തിനു കൂടുതല്‍ വ്യക്തത കൈവരുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, 10 വര്‍ഷംകൊണ്ട് സംസ്ഥാനത്തെ മദ്യവിമുക്തമാക്കുമെന്നും സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുമെന്നും യുഡിഎഫിന്റെ പ്രകടനപത്രികയില്‍ പറയുന്നു. മദ്യവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര സമിതി രൂപീകരിക്കും. മദ്യം, മയക്കുമരുന്ന്, പുകയില ഉല്‍പന്നങ്ങള്‍ എന്നിവ നിയമംമൂലം നിരോധിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പത്രിക വിശദീകരിക്കുന്നു.
മദ്യനയം ജനങ്ങള്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ആറു പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കിയത് ശരിയായില്ലെന്ന പൊതുവികാരമാണ് യുഡിഎഫ് യോഗത്തിലുണ്ടായത്. ബാര്‍ലൈസന്‍സ് നല്‍കിയ തീരുമാനത്തിനെതിരേ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും വിമര്‍ശനമുന്നയിച്ചു. ലൈസന്‍സ് നല്‍കിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുമെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇനിമുതല്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss