|    Oct 19 Fri, 2018 1:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് നേതൃവിവാദവും മദ്യനയവും ചര്‍ച്ചയാവും

Published : 13th September 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ പദവിയില്‍ യുഡിഎഫിലും കോണ്‍ഗ്രസ്സിലും ഭിന്ന സ്വരങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗം ഇന്നുചേരും. രാവിലെ 10ന് ഇന്ദിരാഭവനിലാണ് യോഗം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനും ജനദ്രോഹനിലപാടുകള്‍ക്കുമെതിരായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനായി നാളെ ചേരുന്ന യുഡിഎഫ് യോഗത്തിനു മുന്നോടിയായാണ് യോഗം. പ്രതിപക്ഷനേതാവായി ഉമ്മന്‍ചാണ്ടിയാണ് യോഗ്യനെന്ന ആര്‍എസ്പിയുടെയും കെ മുരളീധരന്‍ എംഎല്‍എയുടെയും പരസ്യ പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ നേതൃവിവാദവും യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയാവും. പ്രതിപക്ഷനേതാവ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്‍ ഇന്നലെയും ആവര്‍ത്തിച്ചു. നിലവിലെ പ്രതിപക്ഷനേതൃത്വത്തെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണം നല്‍കി. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച കെ മുരളീധരന്റെ നിലപാടിനെതിരേ ഐ ഗ്രൂപ്പില്‍ അതൃപ്തി ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളില്‍നിന്നുള്ള ഇത്തരം പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുമെന്നു കോണ്‍ഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്‍ പ്രതികരിച്ചു. വി ഡി സതീശനും മുരളിയെ തള്ളി രംഗത്തുവന്നു. ഐ ഗ്രൂപ്പിനോടു മൃദുസമീപനം പുലര്‍ത്തിയിരുന്ന മുരളീധരന്റെ അപ്രതീക്ഷിത നിലപാടു മാറ്റമാണ് ഗ്രൂപ്പിനെ ചൊടിപ്പിച്ചത്. ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി മുരളീധരന്‍ രംഗത്തുവന്ന സാഹചര്യത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹവുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പൊതുനിലപാട്. സുപ്രധാന വിഷയങ്ങളിലുള്ള ഗ്രൂപ്പ് കൂടിയാലോചനകളിലും അദ്ദേഹത്തെ പങ്കെടുപ്പിക്കില്ല. ഐ ഗ്രൂപ്പിലാണെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളിലായി മുരളീധരന്റെ നിലപാടുകള്‍ എ ഗ്രൂപ്പിനോട് ആഭിമുഖ്യം പുലര്‍ത്തുന്നതാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. തന്റെ പരാമര്‍ശം വിവാദമായതോടെ മുരളീധരന്‍ വിശദീകരണവുമായി രംഗത്തുവന്നെങ്കിലും ഇതു മുഖവിലയ്‌ക്കെടുക്കാന്‍ ഐ ഗ്രൂപ്പ് തയ്യാറായിട്ടില്ല.  അതിനിടെ, കെപിസിസി നിര്‍വാഹകസമിതിയംഗം വിജയന്‍ തോമസിന് കോണ്‍ഗ്രസ് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മുന്‍ യുപിഎ സര്‍ക്കാരിനെയും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനെയും വിമര്‍ശിക്കുകയും പാര്‍ട്ടി നയത്തിനെതിരേ പ്രസംഗിക്കുകയും ചെയ്തതിനെതിരേയാണ് നോട്ടീസ്. അച്ചടക്ക നടപടി എടുക്കാതിരിക്കാന്‍ ഒരാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വിജയന്‍ തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചത് വിവാദമാവുകയും കോണ്‍ഗ്രസ്സിനുള്ളില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss