|    Jan 22 Sun, 2017 5:43 pm
FLASH NEWS

യുഡിഎഫ് നേതൃയോഗം: മാണി വിട്ടുനിന്നു

Published : 26th July 2016 | Posted By: sdq

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: കോണ്‍ഗ്രസ്സുമായി അഭിപ്രായഭിന്നത രൂക്ഷമായിരിക്കെ യുഡിഎഫ് നേതൃയോഗം കേരളാ കോണ്‍ഗ്രസ് (എം) ബഹിഷ്‌കരിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയോ പ്രതിനിധികളോ യോഗത്തിനെത്തിയില്ല. ബാര്‍ കോഴക്കേസ് ഗൂഢാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തുന്നതിനിടെയാണു പുതിയ നീക്കം.
മാണിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഇന്നലെ യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍, വ്യക്തിപരമായ കാരണത്താല്‍ യോഗത്തിനെത്തില്ലെന്ന് വൈകീട്ട് മൂന്നോടെ മാണി യുഡിഎഫ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഈ സമയം എറണാകുളത്തായിരുന്നു അദ്ദേഹം. പി ജെ ജോസഫ് ഉച്ചവരെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നെങ്കിലും അദ്ദേഹവും യോഗത്തില്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. കേരളാ കോണ്‍ഗ്രസ്സിനെ പ്രതിനിധീകരിച്ച് മറ്റു നേതാക്കളും ഹാജരായില്ല.
കോണ്‍ഗ്രസ്സിനോടുള്ള അതൃപ്തി കെ എം മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണു സൂചന. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ഫോണില്‍ ബന്ധപ്പെട്ട് അനുരഞ്ജനചര്‍ച്ചകള്‍ നടത്തി. എന്നാല്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമായി ഫോണില്‍ സംസാരിക്കാന്‍ മാണി തയ്യാറായില്ല. ഘടകകക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ക്കാനും പ്രതിപക്ഷമെന്ന നിലയില്‍ യോജിച്ചുനീങ്ങാനും വേണ്ടിയാണ് ഇന്നലെ യുഡിഎഫ് നേതൃയോഗം വിളിച്ചത്. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായശേഷം വിളിച്ചുചേര്‍ത്ത മുന്നണിയുടെ പ്രഥമയോഗമായിരുന്നു ഇന്നലത്തേത്. എന്നാല്‍, യോഗം ബഹിഷ്‌കരിച്ചതിലൂടെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ നിലപാട് ഒന്നുകൂടി കടുപ്പിച്ചിരിക്കുകയാണ് കെ എം മാണി.
ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയ ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പങ്കെടുത്തതു മുതലാണ് കേരളാ കോണ്‍ഗ്രസ്-എം ഈ വിഷയത്തില്‍ നിലപാട് കടുപ്പിച്ചത്. ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷനേതാവിനെയും കോണ്‍ഗ്രസ്സിനെയും കുറ്റപ്പെടുത്തി കേരളാ കോണ്‍ഗ്രസ് മുഖമാസികയായ പ്രതിച്ഛായ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കാതിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫ് യോഗത്തില്‍ മാണിയുടെ പ്രതിഷേധം തണുപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍, യോഗം കേരളാ കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചതോടെ ഇടഞ്ഞുനില്‍ക്കുന്ന മാണിയെ അനുനയിപ്പിക്കാമെന്ന നേതാക്കളുടെ കണക്കുകൂട്ടല്‍ പിഴച്ചു.
അതേസമയം, വ്യക്തിപരമായ ബുദ്ധിമുട്ടുള്ളതിനാല്‍ യോഗത്തിനെത്താനാവില്ലെന്ന് മാണി അറിയിച്ചിരുന്നതായി യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ നടന്ന നിയമസഭയുടെ സബ്ജക്റ്റ് കമ്മിറ്റിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
സാധാരണ പാര്‍ട്ടികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് യുഡിഎഫിലുള്ളത്. മാണി മുന്നണി വിടുമെന്ന് ആരും വിചാരിക്കേണ്ട. ഒരുതരത്തിലുള്ള അസംതൃപ്തിയും മാണി ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പരിഹരിക്കും. സുഖമില്ലാത്തതിനാലാണ് എം പി വീരേന്ദ്രകുമാര്‍ യോഗത്തിന് എത്താതിരുന്നത്. പകരം അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രതിനിധി പങ്കെടുത്തു. അവര്‍ ചില ആവശ്യങ്ങളും പരാതികളും ഉന്നയിച്ചിട്ടുണ്ട്. അവ രമ്യമായി പരിഹരിക്കുമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 43 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക