|    Mar 25 Sat, 2017 7:30 am
FLASH NEWS

യുഡിഎഫ് തകര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ നാളെ ദു:ഖിക്കേണ്ടിവരും: രമേശ് ചെന്നിത്തല

Published : 8th August 2016 | Posted By: mi.ptk

ramesh-chennithala_

തിരുവനന്തപുരം:യുഡിഎഫ് തകര്‍ന്നു എന്ന് വിശ്വസിക്കുന്നവര്‍ നാളെ ദു:ഖിക്കേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ നാളെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വ്യക്തമായ കാരണങ്ങള്‍ പറയാതെയാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ട് പോയത്. കോണ്‍ഗ്രസിലെ മൂന്നാം കക്ഷിയെന്ന നിലയില്‍ കേരള കോണ്‍ഗ്രസിന് നല്‍കേണ്ട പ്രാധാന്യം നല്‍കിയിട്ടുണ്ട്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്ത് കാരണം കൊണ്ടാണ് കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതെന്നറിയില്ല. യുഡിഎഫ് വിടാന്‍ കെഎം മാണി പറഞ്ഞ കാരണങ്ങളൊന്നും 34 വര്‍ഷത്തെ ബന്ധം ഉപേക്ഷിക്കാന്‍ തക്കതായ കാരണമാണെന്ന് തോന്നുന്നില്ല.
യുഡിഎഫില്‍ ഏതെങ്കിലും ഘടക കക്ഷികള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് യുഡിഎഫിനകത്ത് തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് ചെയ്യാറ്. എന്നാല്‍ കെഎം മാണി പ്രശ്‌നമുള്ളതായൊന്നും പറഞ്ഞില്ല. തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സംയുക്ത സര്‍വ കക്ഷിയോഗം മൂന്ന് തവണ വിളിച്ചുചേര്‍ത്തു. അവിടെയൊന്നും ഒരു പരാതിയും മാണി പറഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.
പാര്‍ട്ടിയെയും പ്രത്യേകിച്ച് പാര്‍ട്ടി ലീഡറെയും  തകര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചു എന്നുള്ള കെഎം മാണിയുടെ പരാമര്‍ശം ദുരുദ്ദേശപരമാണ്. അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ബാര്‍ കോഴ കേസില്‍ മാണിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് കൈകൊണ്ടത്. ഏതെങ്കിലുമൊരാളെ കേസില്‍ കുടുക്കാനോ ഏതെങ്കിലും ഒരാളെ കേസില്‍ പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
ബാര്‍ കോഴ കേസിന്റെ പേരില്‍  പ്രതിപക്ഷം ശക്തമായി എതിര്‍ത്തിട്ടും മാണിയെകൊണ്ട് ബജറ്റ് അവതരിപ്പിച്ചത് കോണ്‍ഗ്രസ് എംഎല്‍എമാരാണ്. ബജറ്റ് അവതരണത്തിനെത്തിയ കെഎം മാണിയെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നെഞ്ച് കൊടുത്ത് സംരക്ഷിച്ചു.ഘടക കക്ഷികളുടെ കാല് വാരുന്ന ശീലം കോണ്‍ഗ്രസിനില്ല. ആത്മാര്‍ത്ഥമായിട്ട് തന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പ്രവര്‍ത്തിച്ചത്.നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിജയവും പരാജയവുമുണ്ടാകും. അതെല്ലാം ഒന്നിച്ച് നിന്ന് ചര്‍ച്ചചെയ്ത് മുന്നോട്ട് പോകുകയാണ് വേണ്ടത്. കോണ്‍ഗ്രസിന് കേരള കോണ്‍ഗ്രസിനോട് യാതൊരു വിധത്തിലുമുള്ള വിരോധവുമില്ല. കേരള കോണ്‍ഗ്രസിനോട് ഇതുവരെ ഉണ്ടായിരുന്ന സമീപനം തന്നെ ഇനിയും തുടരും. എന്നാല്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ അതിന് മറുപടി നല്‍കേണ്ടിവരുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

(Visited 213 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക