യുഡിഎഫ് കൂടുതല്‍ പരുങ്ങലില്‍; മാണിയുടെ ഭാവിയും ഇരുളടഞ്ഞത്
Published : 8th August 2016 | Posted By: SMR
തിരുവനന്തപുരം: മൂന്നരപ്പതിറ്റാണ്ടുകാലത്തെ ബന്ധം ഉപേക്ഷിച്ച് കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ അപ്രതീക്ഷിത പടിയിറക്കം യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയില്‍നിന്ന് കരകയറാനുള്ള ശ്രമങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തുന്നതാണ് മാണിയുടെ തീരുമാനം. യുഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയായ കേരളാ കോണ്‍ഗ്രസ്സിന് ആറ് എംഎല്‍എമാരാണുള്ളത്. മുന്നണിയെ ശക്തിപ്പെടുത്തുന്നതില്‍ കേരളാ കോണ്‍ഗ്രസ്സും പ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍, വരുംനാളുകളില്‍ കേരളാ കോണ്‍ഗ്രസ്സിന്റെ പിന്തുണയില്ലാതെ തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ കാര്യമാണ്.
കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ടത് കോണ്‍ഗ്രസ്സിനെയും യുഡിഎഫിനെയും ബാധിക്കില്ലെന്ന് നേതാക്കള്‍ പരസ്യമായി പറയുന്നുണ്ടെങ്കിലും യാഥാര്‍ഥ്യം മറിച്ചാണ്. കോണ്‍ഗ്രസ്സിനെ കൂടുതല്‍ ശക്തിപ്പെടുത്തി യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്താനാണ് മുന്നണിയുടെ തീരുമാനം. അതേസമയം, യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച കെ എം മാണിയുടെയും ഭാവി ഇരുളടഞ്ഞതാണ്. യുഡിഎഫിനും എല്‍ഡിഎഫിനുമിടയില്‍ സമദൂരം പ്രഖ്യാപിച്ചാണ് മാണി മുന്നണി വിട്ടത്. ബിജെപിയുമായും അടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മാണി വ്യക്തമാക്കിയിട്ടുണ്ട്.
എല്‍ഡിഎഫിലേക്ക് പോവാന്‍ നേരത്തേ മാണിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും നിലവിലെ സ്ഥിതിയില്‍ ഇതിനുള്ള സാഹചര്യമില്ല. ബാര്‍ കോഴ ആരോപണത്തില്‍ കുടുങ്ങിയതിനുശേഷം മാണിയെ വേണ്ടെന്ന തീരുമാനമായിരുന്നു എല്‍ഡിഎഫിന്. യുഡിഎഫ് വിട്ട് മാണി എല്‍ഡിഎഫിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയാവാന്‍ നീക്കം നടത്തിയെന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
മാത്രമല്ല, ഏതെങ്കിലും സാഹചര്യത്തില്‍ മാണിയെ സിപിഎം സ്വീകരിക്കാന്‍ തയ്യാറായാല്‍പ്പോലും മുന്നണിയിലെ മറ്റു കക്ഷികളില്‍നിന്ന് ശക്തമായ എതിര്‍പ്പുണ്ടാവും. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രധാനമായും പ്രചാരണായുധമാക്കിയത് മാണിക്കെതിരായ കോഴ ആരോപണമായിരുന്നു. അപ്പോഴും ബിജെപിക്ക് മാണിയോട് മൃദുസമീപനമായിരുന്നു. അതുകൊണ്ടുതന്നെ മാണി എന്‍ഡിഎയിലേക്കു പോവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിപദം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ആന്റണി രാജു ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു. മാണിയുടെ പാര്‍ട്ടി ബിജെപിയുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നതായും ആന്റണി രാജു വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, മാണി ബിജെപിയോട് ചേര്‍ന്നാല്‍ കേരളാ കോണ്‍ഗ്രസ്സിലെ നേതാക്കളും പ്രവര്‍ത്തകരും അതിനെ അനുകൂലിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.മാണിയെ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. എന്തായാലും മാണിയുടെ ഭാവിരാഷ്ട്രീയനിലപാട് എന്തായിരിക്കുമെന്ന് അറിയണമെങ്കില്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടിവരും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.