|    Mar 23 Thu, 2017 4:13 pm
FLASH NEWS

യുഡിഎഫ് കാലത്തെ ബന്ധുനിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും; അന്വേഷണസംഘം വിപുലീകരിച്ചു

Published : 15th October 2016 | Posted By: SMR

തിരുവനന്തപുരം: ബന്ധുനിയമനങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ യുഡിഎഫിന്റെ കാലത്തെ നിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. കഴിഞ്ഞ അഞ്ചു വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടന്ന നിയമനങ്ങളാണ് അന്വേഷിക്കുക.
ബന്ധുനിയമനം സംബന്ധിച്ച് ഇ പി ജയരാജനെതിരേ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പരിധിയില്‍ ഈ പരാതികളും ഉള്‍പ്പെടുത്തും. പരാതികള്‍ പ്രത്യേകം അന്വേഷിക്കുന്നതിനു പകരം ഒറ്റ അന്വേഷണത്തിന്റെ പരിധിയിലാണ് കൊണ്ടുവരുന്നത്. ബന്ധുനിയമനങ്ങള്‍ സംബന്ധിച്ച് കോടതിയിലും വിജിലന്‍സിലും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 നിയമനങ്ങളെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു.
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂനിറ്റ്-2 എസ്പി കെ ജയകുമാറിനാണ് കഴിഞ്ഞ ദിവസം അന്വേഷണച്ചുമതല നല്‍കിയിരുന്നത്. എസ്പിയെ കൂടാതെ ഇപ്പോള്‍ രണ്ടു ഡിവൈഎസ്പി, ഒരു സിഐ എന്നിവരെയും ഉള്‍പ്പെടുത്തി. ത്വരിതപരിശോധന നടത്തേണ്ട ഗൗരവം ജയരാജനെതിരായ പരാതികളില്‍ ഉണ്ടെന്ന് വിജിലന്‍സ് അധികൃതര്‍ക്ക് പ്രാഥമികാന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണസംഘത്തെ നിയോഗിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാക്കളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍ എന്നിവരാണ് ജയരാജനെതിരേ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിച്ചത്.

(Visited 7 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക