|    Dec 14 Fri, 2018 8:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫ് എംഎല്‍എമാരുടെ സത്യഗ്രഹം തുടരും; സഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

Published : 8th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ നിയമസഭ, നടപടികള്‍ അവസാനിപ്പിച്ച് തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.
ഇന്നലെ രാവിലെ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം പ്രകടനമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ഉടന്‍ തന്നെ പ്രതിഷേധവും തുടങ്ങി. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ എംഎല്‍എമാര്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. ഈ സമയം അന്‍വര്‍സാദത്തും ശബരീനാഥും സ്പീക്കറുടെ ഡയസ്സില്‍ വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടെ, വന്യജീവികളെ സംബന്ധിച്ച ചോദ്യങ്ങള്‍ ചിറ്റയം ഗോപകുമാര്‍ ഉന്നയിച്ചു. ഇതിനോടൊപ്പം ശബരിമലവിഷയത്തില്‍ അന്യം നിന്നുപോയ യുഡിഎഫിനെയും ബിജെപിയെയും രക്ഷിക്കാന്‍ എന്തെങ്കിലും വഴിയുണ്ടോ എന്നായി ചിറ്റയത്തിന്റെ ചോദ്യം. സംസ്ഥാനത്ത് അപൂര്‍വം ചില വന്യമൃഗങ്ങളുണ്ടെന്നും വയനാട്ടില്‍ വരയാട്, കഴുകന്‍ തുടങ്ങിയ ജീവികളുടെ അംഗസംഖ്യ കുറയുകയാണെന്നും ഇവയുടെ സംരക്ഷണത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി കെ രാജു മറുപടി പറഞ്ഞു. അന്യം നിന്നു പോവുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ കാര്യങ്ങളില്‍ ജനങ്ങള്‍ തീരുമാനിക്കും. യുഡിഎഫും ബിജെപിയും കേരളത്തില്‍ നിന്നുതന്നെ അന്യം നിന്നു കഴിഞ്ഞതായും അവരെ ആര്‍ക്കും ഇനി രക്ഷിക്കാന്‍ കഴിയില്ലെന്നും ശബരിമലയുടെ കാര്യത്തില്‍ ഇവരുടെ തട്ടിപ്പ് ജനങ്ങളും വിശ്വാസികളും തിരിച്ചറിഞ്ഞതായും മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു.
ഇതോടെ, പ്രതിപക്ഷ ബഹളം ശക്തിയായി. തുടര്‍ന്ന്, 17 മിനിറ്റ് മാത്രം ചേര്‍ന്നു നടപടികള്‍ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു. സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ നടപടിയെടുക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നു കഴിഞ്ഞ ദിവസം മന്ത്രി ഇപി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നു രാത്രി 12 വരെയാണ് ശബരിമലയില്‍ നിരോധനാജ്ഞയുള്ളത്. ഇത് തുടര്‍ന്നാല്‍ സമരവുമായി മുന്നോട്ടു പോവാനാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചത്. നിരോധനാജ്ഞ അവസാനിപ്പിച്ചാല്‍ എന്തു ചെയ്യണമെന്ന് അപ്പോള്‍ തീരുമാനിക്കും. ഇത് നീട്ടിയാല്‍ 13ന് സഭ അവസാനിക്കും വരെ സമരവുമായി മുന്നോട്ടു പോവാനാണ് പ്രതിപക്ഷത്തിന്റെ ആലോചന.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss