|    Jan 18 Wed, 2017 7:39 pm
FLASH NEWS

യുഡിഎഫ് അനുകൂല അന്തരീക്ഷം: കെപിസിസി

Published : 19th February 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂല അന്തരീക്ഷമെന്ന് കെപിസിസി നേതൃയോഗത്തില്‍ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനരംഗത്ത് പുത്തനുണര്‍വ് നല്‍കാന്‍ ജനരക്ഷായാത്രയ്ക്കു കഴിഞ്ഞെന്നും യോഗം വിലയിരുത്തി. തുടര്‍പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടുപോവും. ജനസ്വീകാര്യതയും ജയസാധ്യതയുമാവും സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള പ്രധാന മാനദണ്ഡമെന്നു യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. അഴിമതി ആരോപണം നേരിടുന്നവരെ വീണ്ടും മല്‍സരിപ്പിക്കുമോയെന്ന ചോദ്യത്തിന് ജനസ്വീകാര്യതയും ജയസാധ്യതയും എന്നുപറയുന്നതില്‍ എല്ലാം അടങ്ങിയിട്ടുണ്ടെന്നായിരുന്നു മറുപടി. തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പാര്‍ട്ടി തയ്യാറാണ്. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും മല്‍സരിക്കുമോയെന്നു പറയാനാവില്ല. അനിവാര്യരായ ആളുകള്‍ സ്ഥാനാര്‍ഥികളായി വരണം. താന്‍ മല്‍സരിക്കുമോയെന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിന് പൊതുമാനദണ്ഡം വേണമെന്ന അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ അതുസംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയം അവസാന നിമിഷംവരെ നീട്ടില്ല. 22ന് ഹൈക്കമാന്റുമായി മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്്. ചര്‍ച്ചയില്‍ ഉയരുന്ന അഭിപ്രായങ്ങളും നേതൃയോഗത്തില്‍ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളും പരിഗണിച്ചു പൊതുരൂപരേഖ ഉണ്ടാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ച കഴിഞ്ഞാലുടന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കും. അതുകഴിഞ്ഞ് ഘടകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളും നടത്തും. ഒരു സ്വകാര്യചാനല്‍ നടത്തിയ സര്‍വേയെക്കുറിച്ച് ചോദിച്ചപ്പോള്‍, ചാനലുകള്‍ക്ക് അവരുടേതായ വിലയിരുത്തലുകള്‍ ഉണ്ടാവാമെന്നായിരുന്നു മറുപടി. അതിന് അവര്‍ക്ക് അവകാശമുണ്ട്, സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, വിജയിക്കുമെന്ന് ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെന്നും സുധീരന്‍ പറഞ്ഞു. ജനരക്ഷായാത്രയും സോണിയാഗാന്ധിയുടെ കേരള സന്ദര്‍ശനവും നല്‍കിയ ഉണര്‍വ് നിലനിര്‍ത്താന്‍ തുടര്‍പ്രവര്‍ത്തനങ്ങളുണ്ടാവും. ബുത്തുതല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ 21ന് എല്ലാ ബൂത്ത് കമ്മിറ്റികളും വിളിച്ചുചേര്‍ക്കാന്‍ ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. യുഡിഎഫിന്റെ മദ്യനയത്തിന് ലഭിച്ച ആവര്‍ത്തിച്ചുള്ള അംഗീകാരമാണ് ബാര്‍ ഉടമകളുടെ റിവ്യൂഹരജി തള്ളിയ സുപ്രിംകോടതി വിധി. സിപിഎമ്മിന്റെയും ബാര്‍ ഉടമകളുടെയും ഗൂഢാലോചന ജനങ്ങള്‍ അംഗീകരിക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക