|    Oct 20 Sat, 2018 3:58 pm
FLASH NEWS

യുഡിഎഫ് അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

Published : 27th February 2018 | Posted By: kasim kzm

മുക്കം: കാരശ്ശേരി പഞ്ചായത്തില്‍ ആട്, കോഴി വിതരണ പദ്ധതിയില്‍ തട്ടിപ്പും അഴിമതിയും ആരോപിച്ച് യുഡിഎഫ്‌മെമ്പര്‍മാര്‍ ഭരണ സമിതി യോഗം ബഹിഷ്‌ക്കരിച്ചു. പദ്ധതിയില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടന്നും ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ഭരണ സമിതി യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ ഇതിന് തയ്യാറായില്ല. ഇതോടെ യുഡിഎഫ് അംഗങ്ങളായ എം ടി അഷ്‌റഫ്, പി പി ശിഹാബ്, വി എന്‍ ജംനാസ്, സുഹറ കരുവോട്ട്, എന്‍ കെ അന്‍വര്‍ എന്നിവര്‍ യോഗത്തിന്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പഞ്ചായത്തില്‍ വ്യാപകമായ തട്ടിപ്പാണ് നടക്കുന്നതെന്ന് യുഡിഎഫ് ആരോപിച്ചു. ഭരണ തുടര്‍ച്ചയുണ്ടാവില്ലെന്ന് കണ്ട ഭരണപക്ഷം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള തിരക്കിലാണ്. ഇതിന്റെ ഭാഗമായാണ് പദ്ധതികളില്‍ അഴിമതി നടത്തുന്നതും വ്യാപകമായി കുന്നിടിച്ച് നിരത്താനും തണ്ണീര്‍തടങ്ങള്‍ നികത്താനും ഒത്താശ ചെയ്യുന്നതെന്നും  യുഡിഎഫ് മെമ്പര്‍മാര്‍ ആരോപിച്ചു.
പാല്‍, മാംസം, മുട്ട ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തതയും, മൃഗസംരക്ഷണ മേഖലയില്‍ പുരോഗതിയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന സുസ്ഥിരം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ആട് വിതരണമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ പന്ത്രണ്ടായിരം രൂപ വിലയിട്ട് രണ്ട് ആടുകളെയാണ് ഒരു ഗുണഭോക്താവിന് നല്‍കുന്നത്.
എന്നാല്‍ ആദ്യഘട്ട വിതരണത്തിനായി എത്തിച്ച ആടുകളുടെ വലിപ്പക്കുറവും ഗുണമേന്മ കുറവും ചൂണ്ടികാട്ടി ഒരു വിഭാഗം ഗുണഭോക്താക്കള്‍ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി യുഡിഎഫ് മെമ്പര്‍മാരും എത്തി. ഇതേതുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേരുകയും വിലയും ഇന്‍ഷുര്‍ തുകയും അടക്കം പതിനായിരം രൂപയായി കുറക്കുകയും ഏതാനും പേരൊഴികെ ആടുകളെ കൊണ്ടുപോവുകയും ചെയ്തു.
എന്നാല്‍ ആട് വിതരണത്തിന്റെ മറവില്‍ അഴിമതിക്ക് നീക്കം നടന്നെന്നും, ഗുണഭോക്താക്കള്‍ യഥാസമയം ഇടപെട്ടത്‌കൊണ്ടാണ് ഇത് നടക്കാതെ പോയതെന്നും യുഡിഎഫ്‌മെമ്പര്‍മാരും ആരോപിച്ചു. അംഗീകൃത ഫാമുകളില്‍ നിന്ന് അടുകളെ വാങ്ങി വിതരണം ചെയ്യാനാണ് ഭരണസമിതി തീരുമാനമെന്നും ഇത് ലംഘിച്ച് പുറമെ നിന്ന് ആടുകളെ വാങ്ങിയതിന് പിന്നില്‍ തട്ടിപ്പു ലക്ഷ്യമിട്ടാണെന്നും അവര്‍ ആരോപിച്ചു. ആരോപണങ്ങള്‍ക്കെതിരെ വിശദികരണവും പ്രതിരോധവുമായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും വിതരണ കമ്മറ്റിയംഗങ്ങളും രംഗത്തുവന്നു.
നല്ല നിലയില്‍ പഞ്ചായത്തില്‍ നടന്നുവരുന്ന സുസ്ഥിരം കാരശേരി പദ്ധതിയെ തകര്‍ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് പ്രസിഡന്റ് വി കെ വിനോദ് പറഞ്ഞു. ആട്, പശു, കോഴി, പന്നി, കാട, മത്സ്യം, തേനീച്ച തുടങ്ങിയ കൃഷിയില്‍ സ്വയം പര്യാപ്തതയാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചത് പോലെ 12,000 രൂപ എന്ന് നിശ്ചയിച്ചല്ല പദ്ധതി നടപ്പാക്കിയതെന്ന് കമ്മറ്റി അംഗങ്ങളും വ്യക്തമാക്കി. ആടിന്റെഗുണമേന്‍മയും വലിപ്പവും അനുസരിച്ച് വിലയില്‍ മാറ്റം വരുമെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുകയും  കാരശ്ശേരി പഞ്ചായത്തില്‍ നിന്നൊഴികെ എവിടെ നിന്നും ആടിനെ വാങ്ങാന്‍ ഗുണഭോക്താക്കള്‍ക്ക് സ്വാതന്ത്ര്യം നല്കിയിരുന്നതായും  അവര്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss