|    Dec 18 Tue, 2018 12:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫും എല്‍ഡിഎഫും ബിജെപിയുടെ കെണിയില്‍ വീഴുന്നു: എസ്ഡിപിഐ

Published : 21st November 2018 | Posted By: kasim kzm

തിരുവനന്തപുരം: യുഡിഎഫും എല്‍ഡിഎഫും ശബരിമലയില്‍ ബിജെപി ഒരുക്കിയ കെണിയില്‍ നിരന്തരം വീണുകൊണ്ടിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍.
മതവികാരം ആളിക്കത്തിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള മറ്റൊരു അയോധ്യയായിട്ടാണ് സംഘപരിവാരം ശബരിമലയെ മാറ്റുന്നതെന്ന് നാള്‍ക്കുനാള്‍ തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് സംഘപരിവാരം പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ ഷെഡ്യൂള്‍ ചെയ്ത ബിജെപിയുടെ സര്‍ക്കുലര്‍ പുറത്തായിക്കഴിഞ്ഞു. ഭക്തരുടെ വേഷം കെട്ടി ശബരിമലയിലേക്ക് വരുന്ന സംഘപരിവാര നേതാക്കളെ പോലിസ് തടയുന്നതിന്റെയും നിരോധനാജ്ഞ പ്രഖ്യാപിച്ചതിന്റെയും ന്യായം ഇതോടെ വ്യക്തമാവുകയാണ്. ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനകളെ തടയുന്നതില്‍ സര്‍ക്കാരിന് നിരന്തരം വീഴ്ച സംഭവിക്കുന്നു.
ബിജെപി നേതാക്കള്‍ ആഗ്രഹിക്കുന്ന വിധത്തിലാണ് പോലിസിന്റെ പല നീക്കങ്ങളുമുണ്ടാവുന്നത്. ശബരിമലയില്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഘി നേതാക്കളുടെ പെരുമാറ്റത്തില്‍ നിന്ന് തന്നെ അത് വ്യക്തമായിരുന്നു. തൃപ്തി ദേശായി നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലിറങ്ങുമ്പോള്‍ വളരെ കുറച്ച് പ്രതിഷേധക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ പുറത്തിറങ്ങാതെ കൂടുതല്‍ പ്രതിഷേധക്കാരും മാധ്യമങ്ങളും എത്തിച്ചേരുന്നത് വരെ കാത്തിരുന്നതില്‍ പോലും ദുരൂഹതയുണ്ട്. ബിജെപിയുടെ വാദമുഖങ്ങള്‍ അതേപടി ഏറ്റുപാടുകയാണ് യുഡിഎഫ്. നിരോധനാജ്ഞ ലംഘിക്കാന്‍ ശബരിമലയിലെത്തിയ രമേശ് ചെന്നിത്തലയും സംഘവും ബിജെപിയുടെ നാണംകെട്ട രാഷ്ട്രീയക്കളിക്ക് കൂട്ടുനില്‍ക്കുകയാണ്. എല്‍ഡിഎഫാണോ ബിജെപിയാണോ മുഖ്യ എതിരാളിയെന്നും രാഷ്ട്രത്തിന് കൂടുതല്‍ ഭീഷണിയെന്നും യുഡിഎഫ് നേതാക്കള്‍ വ്യക്തമാക്കണം. എന്‍എസ്എസിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് തുള്ളുകയും തീവ്ര ഹിന്ദുത്വത്തിനെതിരേ മൃദുഹിന്ദുത്വ നിലപാടുമായി രംഗത്തിറങ്ങുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ വാലില്‍ തൂങ്ങിയാടുന്ന മുസ്‌ലിംലീഗിന്റെ അവസ്ഥ പരിതാപകരമാണെന്നും യുഡിഎഫ് ബിജെപിയുടെ ബി ടീമായി അധപ്പതിക്കരുതെന്നും മനോജ് കുമാര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss