|    Oct 22 Mon, 2018 4:18 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

യുഡിഎഫില്‍ വീണ്ടും നേതൃവിവാദം സജീവമാവുന്നു

Published : 12th September 2017 | Posted By: fsq

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഘടകകക്ഷികളില്‍ ഉടലെടുത്ത അസംതൃപ്തിക്കു പിന്നാലെ കോണ്‍ഗ്രസ്സില്‍നിന്ന് പരസ്യപ്രതികരണങ്ങള്‍ ഉയര്‍ന്നതോടെ നേതൃവിവാദത്തില്‍ യുഡിഎഫിനുള്ളില്‍ തുടര്‍ ചര്‍ച്ചകള്‍ക്കുള്ള സാധ്യതയേറി. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കു കഴിയുമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ പ്രസ്താനയെ അനുകൂലിച്ച് കെ മുരളീധരന്‍ എംഎല്‍എയും രംഗത്തുവന്നതു വിവാദത്തിന് ആക്കംകൂട്ടിയിട്ടുണ്ട്. അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നതായും പ്രതിപക്ഷനേതാവ് സ്ഥാനത്തേക്കു വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം ഇതാണെന്നുമാണ് ഇന്നലെ മുരളീധരന്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്. കഴിഞ്ഞ ദിവസമാണ് ചെന്നിത്തലക്കെതിരേ പരസ്യ വിമര്‍ശനവുമായി എ എ അസീസ് രംഗത്തെത്തിയത്. ഉമ്മന്‍ചാണ്ടിയെപ്പോലെ ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ ചെന്നിത്തലക്കാവില്ല. ഉമ്മന്‍ചാണ്ടിയുടെ അത്ര പിന്തുണ ചെന്നിത്തലയ്ക്ക് കിട്ടുന്നില്ലെന്നും കോണ്‍ഗ്രസ്സില്‍തന്നെ ഭൂരിപക്ഷാഭിപ്രായമുണ്ടെന്നും അസീസ് പറഞ്ഞിരുന്നു. ഇത് വിവാദമായപ്പോള്‍ അദ്ദേഹം തിരുത്തുകയും തെചയ്തിരുന്നു. ഇപ്പോള്‍ അസീസിനെ പിന്തുണയ്ക്കുക വഴി മുരളീധരന്‍ ലക്ഷ്യമിട്ടിരിക്കുന്നതും രമേശ് ചെന്നിത്തലയെയാണെന്നു വ്യക്തമാണ്. പ്രതിപക്ഷ നേതാവിന്റെ പദവി ഉമ്മന്‍ചാണ്ടി ഏറ്റെടുക്കണമെന്നാണു മുസ്്‌ലിംലീഗ് അടക്കമുള്ള യുഡിഎഫിലെ മിക്ക ഘടകകക്ഷികളുടെയും താല്‍പര്യം. മുരളീധരന്റെ പരസ്യപ്രതികരണത്തോടെ ഈ ചര്‍ച്ചകള്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും സജീവമാവുകയാണ്. അടുത്തദിവസം ചേരുന്ന യുഡിഎഫ് യോഗത്തില്‍ വിഷയം ചര്‍ച്ചയാവും. പൊതുജന താല്‍പര്യങ്ങളെ ഹനിക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ പ്രതിപക്ഷമെന്ന നിലയില്‍ യുഡിഎഫിന്റെ പ്രവര്‍ത്തനം പരാജയമാണെന്ന വിമര്‍ശനങ്ങള്‍ നിരവധി കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. സമരങ്ങള്‍ പലപ്പോഴും വഴിപാടായി മാറുന്നതായി അണികളും വിമര്‍ശനം ഉന്നയിച്ചിരുന്നു. മദ്യനയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനം, വിലക്കയറ്റം, മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍, ആഭ്യന്തരവകുപ്പിനെതിരായ ആക്ഷേപങ്ങള്‍, മറ്റു ജനകീയ വിഷയങ്ങള്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങളുണ്ടായിട്ടും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിരുന്നില്ല. നിയമസഭയില്‍പോലും പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ ദുര്‍ബലപ്പെട്ടു. എംഎല്‍എമാരുടെ സമരങ്ങള്‍പോലും വഴിപാടായി മാറി. വര്‍ഗീയ ഇടപെടലുകളിലൂടെ ബിജെപി നടത്തുന്ന കടന്നുകയറ്റങ്ങളെ ജനങ്ങളുടെ ഇടയില്‍ തുറന്നുകാട്ടുന്നതിലും പ്രതിപക്ഷം പൂര്‍ണ പരാജയമാണ്. ഘടകക്ഷികളിലെയും കോണ്‍ഗ്രസ്സിലെയും ചിലര്‍ രഹസ്യമാക്കിവച്ച അസംതൃപ്തിയാണ് അസിസീലുടെയും ഇപ്പോള്‍ മുരളീധരനിലൂടെയും പുറത്തുവന്നിരിക്കുന്നതെന്നത് വസ്തുതയാണ്. അതേസമയം, മുരളീധരനു മോഹഭംഗമാണെന്ന് കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാകാന്‍ മുരളി ആഗ്രഹിച്ചിരുന്നു. ഓരോ സമയത്തും ഓരോന്നാണു മുരളി പറയുന്നതെന്നും വാഴയ്ക്കന്‍ വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss