|    Jan 21 Sat, 2017 6:56 pm
FLASH NEWS

യുഡിഎഫിലെ പടലപിണക്കങ്ങള്‍

Published : 17th August 2016 | Posted By: SMR

തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് കേരളത്തിലെ ഐക്യജനാധിപത്യ മുന്നണി നേരിടുന്ന തകര്‍ച്ചയുടെ ഏറ്റവും പ്രകടമായ സൂചനയാണ് യുഡിഎഫ് വിട്ടുപോവാനുള്ള കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തീരുമാനം. കോണ്‍ഗ്രസ്സിന്റെ പോക്ക് ശരിയായ വഴിക്കല്ലെങ്കില്‍ ഞങ്ങള്‍ ഞങ്ങളുടെ വഴിനോക്കുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നുണ്ട്. ജനതാദള്‍-യുവും ആര്‍എസ്പിയും ഇപ്പോള്‍ തന്നെ മുന്നണിയില്‍നിന്നു പാതി പുറത്തുപോയ അവസ്ഥയിലാണ്. എല്ലാംകൂടി ചേര്‍ത്തുവച്ച് ആലോചിക്കുമ്പോള്‍ കേരളത്തിലെ യുഡിഎഫ് ശിഥിലീകരണത്തിന്റെ വക്കത്താണെന്ന് ഉറപ്പായും പറയാം.
പക്ഷേ, യുഡിഎഫില്‍ നിന്ന് പുറത്തുപോവുന്ന കക്ഷികള്‍ക്ക് എന്താണു മറുവഴി? ഇപ്പോഴത്തെ നിലയില്‍ മാണിയുടെ കേരളാ കോണ്‍ഗ്രസ്സിനെയും മുസ്‌ലിം ലീഗിനെയും ഒറ്റയടിക്ക് ഉള്‍ക്കൊള്ളാന്‍ സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫിന് വളരെയധികം പ്രയാസമുണ്ട്. സിപിഐയുടെയും വി എസ് അച്യുതാനന്ദന്റെയും എതിര്‍പ്പോ വര്‍ഗീയശക്തികളെ തൊട്ടുകൂടാ എന്ന താത്വികസമീപനമോ മാത്രമല്ല അതിനു കാരണം. കേരളാ കോണ്‍ഗ്രസ്സിനെയോ ലീഗിനെയോ ഒപ്പം ചേര്‍ത്താല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയം കൂടുതല്‍ കലുഷിതമാവും എന്നതിനപ്പുറത്തേക്കും ഈ കാരണങ്ങള്‍ നീണ്ടുചെല്ലുന്നു. സംസ്ഥാനത്ത് പുതിയൊരു രാഷ്ട്രീയശക്തിയായി ഉയര്‍ന്നുവരുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന് ഇത്തരം മുന്നണിബന്ധങ്ങള്‍ ഗുണം ചെയ്‌തേക്കുമോ എന്ന ഭീതി സിപിഎമ്മിനുണ്ട്. പ്രസ്തുത ഭീതിയുടെ പശ്ചാത്തലത്തില്‍ പെട്ടെന്നൊരു കൂട്ടുചേരല്‍ ഉണ്ടാവുകയില്ല.
അപ്പോള്‍ പിന്നെ ഇക്കണ്ട കാലമത്രയും മുന്നണിരാഷ്ട്രീയത്തില്‍ മര്‍മസ്ഥാനങ്ങള്‍ കൈയടക്കിവച്ച മാണി വിഭാഗവും മുസ്‌ലിം ലീഗും എന്തുചെയ്യും? എന്‍ഡിഎയില്‍ ചേരുക എന്നത് മാണിവിഭാഗത്തിനുപോലും അചിന്ത്യമാണ്. എന്നിട്ടല്ലേ മുസ്‌ലിം ലീഗിന്റെ കാര്യം? യുഡിഎഫിനോട് സലാം ചൊല്ലി പിരിയുകയും ഇടതുമുന്നണിയില്‍ പ്രവേശനം കിട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ വേറെ വഴിയൊന്നുമില്ല തന്നെ. ഒറ്റയ്ക്കുനില്‍ക്കുക തീര്‍ത്തും അപ്രായോഗികമാണ്. ഒടുവില്‍ ഇറങ്ങിപ്പോയേടത്തേക്കു തന്നെ തിരിച്ചുചെല്ലുകയേ വഴിയുള്ളൂ. മുസ്‌ലിം ലീഗ് ഒരിക്കല്‍ വിജയകരമായി പരീക്ഷിച്ച നയമാണിത്.
ഞങ്ങള്‍ ഞങ്ങളുടെ വഴി നോക്കുമെന്നൊക്കെ കുഞ്ഞാലിക്കുട്ടി വീമ്പുപറയുന്നുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ വഴിയല്ലാതെ ലീഗിന് മറുവഴിയില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ യാഥാര്‍ഥ്യബോധത്തോടെ അഭിമുഖീകരിക്കാന്‍ ഒരിക്കലും തയ്യാറായിട്ടില്ലാത്ത ലീഗിന് അധികാര രാഷ്ട്രീയത്തില്‍നിന്ന് അകന്നുനില്‍ക്കുക അസാധ്യമായിരിക്കും. ഇന്ത്യയില്‍ ഉരുത്തിരിഞ്ഞുവരുന്ന പിന്നാക്ക-ദലിത്-ന്യൂനപക്ഷ ഐക്യമെന്ന ആശയത്തോട് പുറംതിരിഞ്ഞുനിന്ന ലീഗിന് കുഞ്ഞാലിക്കുട്ടി എന്തുതന്നെ പറഞ്ഞാലും സ്വന്തം വഴി എന്ന ഒന്നില്ല. അതിനാല്‍ ആ പ്രസ്താവനയ്ക്ക് കൂടുതല്‍ വിലകല്‍പ്പിക്കേണ്ടതില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക